വന്‍ വിജയത്തോട വീണ്ടും പുടിന്‍

Monday 19 March 2018 7:48 am IST
യുണൈറ്റഡ് റഷ്യാ പാര്‍ട്ടിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് പുടിന്‍ ഇക്കുറി മത്സരിച്ചത്. അമ്പത് ശതമാനം പോളിംഗ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ ഏഴു സ്ഥാനാര്‍ഥികള്‍ കൂടി രംഗത്തുണ്ടായിരുന്നെങ്കിലും പുടിന് ആരും കാര്യമായ വെല്ലുവിളി ഉയര്‍ത്തിയില്ല.
"undefined"

മോസ്‌കോ: കഴിഞ്ഞ 19 വര്‍ഷമായി റഷ്യയെ അടക്കി ഭരിക്കുന്ന വ്‌ളാദിമിര്‍ പുടിന് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വന്‍വിജയം. അവിശ്വസനീയം എന്ന് മാധ്യമങ്ങളും പ്രതിപക്ഷ കക്ഷികളും വിശേഷിപ്പിക്കുന്ന ഭൂരിപക്ഷത്തോടെയാണ് വീണ്ടും പുടിന്‍ ജയിച്ചത്. 2024വരെ പുടിന്‍ റഷ്യയുടെ പ്രസിഡന്റായി തുടരും. 76.6 ശതമാനം വോട്ടുകളും പുടിനു ലഭിച്ചു.

വോട്ടിങ്ങില്‍ കൃത്രിമത്വം നടത്തിയെന്നതടക്കമുള്ള ആരോപണങ്ങള്‍ പ്രതിപക്ഷം ഉന്നയിക്കുന്നതിനിടയിലും പുടിന്റെ വിജയം ഇന്നലെ ഔദ്യോഗികമായി സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മീഷന്‍ പ്രഖ്യാപിച്ചു. പുടിന് ഏറ്റവും ഭീഷണിയുര്‍ത്തുമെന്നു കരുതിയിരുന്ന പ്രതിപക്ഷ നേതാവ് അലക്‌സി നവലനിയെ മത്സരിക്കുന്നതില്‍ വിലക്കിയിരുന്നു. ഇതോടെ പുടിന്റെ വിജയം ഉറപ്പായിരുന്നു. റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥി പവെല്‍ ഗ്രുഡിനിന്‍ 11.8 ശതമാനം വോട്ടു നേടി രണ്ടാം സ്ഥാനത്തെത്തി. പ്രചരണത്തിലുടനീളം പുടിനെതിരെ കടുത്ത വിമര്‍ശമുന്നയിച്ച ഏക സ്ഥാനാര്‍ഥി ടെലിവഷന്‍ താരം സെനിയ സോബ്ചക്കിന് കിട്ടയത് 1.6 ശതമാനം വോട്ടു മാത്രം.

2024 ആവുമ്പോള്‍ പ്രധാനമന്ത്രിയായും പ്രസിഡന്റായും ഇരുപത്തഞ്ചു വര്‍ഷം റഷ്യയില്‍ അധികാരത്തിലിരിക്കുന്ന ഭരണാധികാരിവും അറുപത്താറുകാരനായ പുടിന്‍. സോവിയറ്റ് റഷ്യയിലെ കമ്യൂണിസ്റ്റ് ഭരണാധികാരി ജോസഫ് സ്റ്റാലിന്‍ മാത്രമാണ ഇത്രയും കാലം അവിടെ അധികാരത്തിലിരുന്നത്. 

ഔദ്യോഗികമായി ഫലം പ്രഖ്യാപിക്കുന്നതിനു മുമ്പ് പുടിന്‍ മോസ്‌കോയില്‍ റാലിയെ അഭിസംബോധന ചെയ്തു. പിന്തുണയ്ക്ക് നന്ദി, നിങ്ങളെല്ലാവരും ദേശീയ സംഘത്തിലെ അംഗങ്ങളാണ്, പുടിന്‍ പറഞ്ഞു. മുന്‍ ചാരനെ ബ്രിട്ടനില്‍ രാസവാതകപ്രയോഗത്തിലൂടെ വധിക്കാന്‍ റഷ്യ ശ്രമിച്ചതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴാണ് പുടിന്റെ വിജയം. റഷ്യക്കെതിരെ ബ്രിട്ടന്‍ കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചത്.

എന്നാല്‍ ഇതെല്ലാം വെറും അസംബന്ധമാണെന്നാണ് മോസ്‌കോയിലെ റാലിയില്‍ സംസാരിക്കവെ പുടിന്‍ പറഞ്ഞത്. ബ്രിട്ടന്‍ ഉന്നയിച്ച ആരോപണങ്ങള്‍ പുടിന്റെ വിജയം കൂടുതല്‍ അനായാസമാക്കിയെന്ന് പ്രചരണ വിഭാഗം ചെയര്‍മാന്‍ പ്രതികരിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.