ദേശീയപാത വികസനം: ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാര്‍

Monday 19 March 2018 12:15 pm IST

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് ദേശീയപാത വികസനത്തിന് സ്ഥലമേറ്റെടുക്കാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു.  ഇതേതുടര്‍ന്ന് സ്ഥലത്ത് ചെറിയതോതില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. 

കുറ്റിപ്പുറം പാലത്തിന് സമീപം ദേശീയപാതയുടെ വികസനത്തിന് സ്ഥലമേറ്റെടുക്കുന്നതിനാണ് സര്‍വ്വേ ഉദ്യോഗസ്ഥര്‍ എത്തിയത്. ഇവരെ ഹൈവേ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം നാട്ടുകാര്‍ തടയുകയായിരുന്നു.  ദേശീയപാത വികസനത്തിനായി 30 മീറ്റര്‍ സ്ഥലം വിട്ടുനല്‍കാന്‍ തയാറാണെന്നും എന്നാല്‍ 45 മീറ്റര്‍ ഏറ്റെടുക്കാനുള്ള ദേശീയ പാത അതോറിറ്റിയുടെ നീക്കം അനുവദിക്കില്ലെന്നുമാണ് പ്രതിഷേധക്കാരുടെ നിലപാട്.

പരിസ്ഥിതി പ്രവര്‍ത്തകനും എഎപി സംസ്ഥാന കണ്‍വീനറുമായ സിആര്‍ നീലകണ്ഠന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. സമരക്കാര്‍ റോഡില്‍ കുത്തിയിരുന്ന് സര്‍വേ തടസപ്പെടുത്താന്‍ ശ്രമിച്ചു. തുടര്‍ന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

പൊന്നുംവില നല്‍കി ഭൂമി ഏറ്റെടുക്കുമെന്നാണ് കളക്ടര്‍ വ്യക്തമാക്കിയിരിക്കുന്നതെങ്കിലും വളരെ തുച്ഛമാണ് തങ്ങള്‍ക്ക് കിട്ടുന്ന വിലയെന്നും ഈ വിലയ്ക്ക് തങ്ങളുടെ കിടപ്പാടം വിട്ടുകൊടുക്കാന്‍ തയാറല്ലെന്നുമാണ് പ്രതിഷേധക്കാര്‍ പറയുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.