രാഹുലിന് ഇന്ത്യയോടുള്ള വിദ്വേഷം ആശ്ചര്യപ്പെടുത്തുന്നു - സ്മൃതി ഇറാനി

Monday 19 March 2018 1:05 pm IST
സംരംഭങ്ങള്‍ തുടങ്ങുന്നതിന് ഏറ്റവും എളുപ്പമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മുന്‍ നിരയിലെത്തിയതായുള്ള ലോക ബാങ്ക് റിപ്പോര്‍ട്ട് രാഹുല്‍ ഗാന്ധി കണ്ടതായി നടിച്ചില്ല. ഇപ്പോള്‍ ഇന്ത്യയുടെ വികസനത്തെ കുറ്റപ്പെടുത്തുന്നതിന് മാത്രമായി ചില റിപ്പോര്‍ട്ടുകള്‍ മാത്രം തിരഞ്ഞെടുത്ത് പറയുകയാണ്

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയോടുള്ള വിദ്വോഷം ആശ്ചര്യപ്പെടുത്തുന്നതാണെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ഇന്ത്യയുടെ വളര്‍ച്ചയെ വിമര്‍ശിക്കുന്നതിനായി രാഹുല്‍ ഗാന്ധി ചില പ്രത്യേക കാര്യങ്ങള്‍ മാത്രം തിരഞ്ഞെടുത്ത് പറയുകയാണെന്നും സ്മൃതി ഇറാനി പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ജിഎസ്‌ടിയുടെ ദോഷവശങ്ങള്‍ ആഗോള തലത്തില്‍ തിരിച്ചറിയപ്പെട്ടു കഴിഞ്ഞതായും ലോക ബാങ്ക് റിപ്പോര്‍ട്ടില്‍ ഇത് സൂചിപ്പിക്കപ്പെട്ടിട്ടുണ്ടെന്നുമുള്ള രാഹുല്‍ ഗാന്ധി ടിറ്ററിലൂടെ പ്രതികരിച്ചിരുന്നു.  ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു സ്മൃതി ഇറാനി. സംരംഭങ്ങള്‍ തുടങ്ങുന്നതിന് ഏറ്റവും എളുപ്പമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മുന്‍ നിരയിലെത്തിയതായുള്ള ലോക ബാങ്ക് റിപ്പോര്‍ട്ട് രാഹുല്‍ ഗാന്ധി  കണ്ടതായി നടിച്ചില്ല. ഇപ്പോള്‍ ഇന്ത്യയുടെ വികസനത്തെ കുറ്റപ്പെടുത്തുന്നതിന് മാത്രമായി ചില റിപ്പോര്‍ട്ടുകള്‍ മാത്രം തിരഞ്ഞെടുത്ത് പറയുകയാണെന്ന് സ്മൃതി തന്റെ ട്വീറ്റില്‍ പറഞ്ഞു. 

ലോക ബാങ്ക് റിപ്പോര്‍ട്ടിനെ മാധ്യമങ്ങള്‍ ഭാഗികമായി മാത്രമാണ് അവതരിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടുന്ന ഒരു മാധ്യമ റിപ്പോര്‍ട്ടും ട്വീറ്റിനൊപ്പം പങ്കുവെച്ച സ്മൃതി, ഇത് വായിക്കാന്‍ രാഹുല്‍ ഗാന്ധിയോട്  ആവശ്യപ്പെടുകയും ചെയ്തു.

ഗബ്ബര്‍ സിങ് ടാക്സിന്റെ (ജിഎസ്‌ടി) ഭീകരത ഇന്ന് ലോകം മുഴുവന്‍ തിരിച്ചറിയപ്പെട്ടിട്ടുണ്ട്. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും ഏറ്റവും സങ്കീര്‍ണമായ നികുതി ഘടനയുമാണ് ഇതെന്ന് ലോക ബാങ്കിന്റെ റിപ്പോര്‍ട്ട് പറയുന്നതായി രാഹുല്‍ ഗാന്ധി തന്റെ ട്വീറ്റില്‍ ചൂണ്ടിക്കാണിച്ചിരുന്നു. പരോക്ഷനികുതി നില നില്‍ക്കുന്ന ലോകത്തെ 115 രാജ്യങ്ങളെ സംബന്ധിച്ച ലോക ബാങ്കിന്റെ പഠനം സംബന്ധിച്ച റിപ്പോര്‍ട്ടും അദ്ദേഹം ട്വീറ്റിനൊപ്പം പങ്കുവെച്ചിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.