20 രൂപ മോഷ്ടിച്ചയാളെ 500 രൂപ നല്‍കി പോലീസ് വിട്ടയച്ചു

Monday 19 March 2018 3:48 pm IST
"undefined"

തൊടുപുഴ: ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയില്‍ നിന്നും 20 രൂപ മോഷ്ടിച്ച ആള്‍ക്ക് 500 രൂപ നല്‍കി പോലീസ് വിട്ടയച്ചു. തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ഞായറാഴ്ച രാവിലെ 5.30 മണിയോടെയായിരുന്നു സംഭവം. രാവിലെ ക്ഷേത്രത്തില്‍ തൊഴാന്‍ എത്തിയയാള്‍ കാണിക്ക വഞ്ചിയില്‍ നിന്നും പണമെടുക്കുന്നത് കണ്ട നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്. 

തുടര്‍ന്ന് തൊടുപുഴ പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. പണം എടുത്തത് വിശന്നത് കൊണ്ടാണെന്നും മാപ്പാക്കണമെന്നും ഇയാള്‍ കരഞ്ഞ് പറഞ്ഞു. ഇതോടെ പോലീസുകാരും എന്തുചെയ്യണമെന്നറിയാതെ ആശയ കുഴപ്പത്തിലായി. 

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സെക്യൂരിറ്റി ജോലിക്കായാണ് ഇയാള്‍ തൊടുപുഴയില്‍ എത്തിയത്. എന്നാല്‍ ഇതിനിടയില്‍ ഇയാള്‍ക്ക് ജോലി നഷ്ടമായി. ഒരു ചായ പോലും വാങ്ങിക്കുടിക്കാന്‍ പണമില്ലാത്തതിനാലാണ് താന്‍ ക്ഷേത്രത്തിലെ പണമെടുത്തതെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കി. 

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സ്വദേശമായ മോനിപ്പള്ളിയില്‍ ഇയാളുടെ പേരില്‍ മറ്റ് കേസുകളൊന്നുമില്ലെന്ന് ബോധ്യമായതോടെ വഴിച്ചെലവിനും ഭക്ഷണം കഴിക്കാനുമായി 500 രൂപ നല്‍കി തൊടുപുഴ പോലീസ് വിട്ടയക്കുകയായിരുന്നു. നഗരത്തില്‍ തന്നെ മറ്റൊരിടത്ത് താല്‍ക്കാലികമായി ഇയാള്‍ ഇന്ന് ജോലിയ്ക്ക് കയറിയതായി പോലീസ് പറഞ്ഞു. കാക്കിക്കുള്ളിലും നല്ല മനുഷ്യരുണ്ടെന്ന് തെളിഞ്ഞതോടെ തൊടുപുഴ പോലീസിന് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.