ഞാന്‍ ഗാന്ധിയോ മണ്ടേലയോ അല്ല: സല്‍മാന്‍ രാജകുമാരന്‍

Tuesday 20 March 2018 2:45 am IST
"undefined"

വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും ചെലവേറിയ വീടിന്റെ ഉടമസ്ഥന്‍ എന്നാണല്ലോ താങ്കളെ അടുത്തിടെ വിശേഷിപ്പിച്ചത്? സൗദി അറേബ്യയിലെ കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനോടാണ് ചോദ്യം. അദ്ദേഹത്തിന്റെ ഉത്തരം വളരെ ലളിതമായിരുന്നു, ഞാന്‍ ഗാന്ധിയോ മണ്ടേലയോ അല്ല.

അമേരിക്കന്‍ സന്ദര്‍ശനത്തിന് വാഷിങ്ടണിലെത്തിയ രാജകുമാരന്‍ സിബിഎസ് ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അഭിപ്രായമറിയിച്ചത്. സ്വകാര്യ ആവശ്യങ്ങള്‍ക്കായുള്ള എന്റെ ചെലവിനെക്കുറിച്ചു ചോദിച്ചാല്‍ അതിനുള്ള ഉത്തരം, ഞാന്‍ പാവപ്പെട്ടവനല്ല എന്നാണ്. ഞാന്‍ ഗാന്ധിയോ മണ്ടേലയോ അല്ല. എങ്കിലും സാധാരക്കാര്‍ക്കായി എന്നാല്‍ കഴിയുന്നത് ചെയ്യാറുണ്ട്. എന്റെ സമ്പാദ്യത്തിന്റെ അമ്പത്തൊന്നു ശതമാനം പാവങ്ങള്‍ക്കു നല്‍കുന്നു, നാല്‍പ്പത്തൊമ്പതു ശതമാനം ഞാന്‍ ചെലവാക്കുന്നു.

സ്ത്രീകള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ അനുവദിക്കുന്നതടക്കമുള്ള പരിഷ്‌കാരങ്ങളിയൂടെയും കടുത്ത അഴിമതി വിരുദ്ധ നീക്കങ്ങളിലൂടെയും ആഗോള ശ്രദ്ധ നേടിയ സല്‍മാന്‍ രാജകുമാരന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന് പ്രധാന്യമേറെയാണ്. ഇറാനുമായുള്ള സംഘര്‍ഷങ്ങള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ചര്‍ച്ചയില്‍ രാജകുമാരന്‍ ഉന്നയിക്കും.

സ്ത്രീകള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കിയതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ നിങ്ങള്‍ ഇതുവരെ കണ്ടത് യഥാര്‍ഥ സൗദിയെയല്ല എന്നായിരുന്നു മറുപടി. എഴുപതുകളുടെ അവസാനം വരെയുള്ള സൗദിയെ ഗൂഗൂളില്‍ തിരഞ്ഞാല്‍ നിങ്ങള്‍ക്ക് യാഥാര്‍ഥ്യം കാണാം. ഒട്ടും കടുംപിടത്ത നിയമങ്ങള്‍ ഉണ്ടായിരുന്നില്ല. സ്ത്രീകള്‍ കാറോടിക്കുമായിരുന്നു, ഇഷ്ടമുള്ള വേഷങ്ങള്‍ ധരിക്കുമായിരുന്നു, സിനിമാ തിയെറ്ററുകളുണ്ടായിരുന്നു. എന്നാല്‍ 1979ല്‍ ഇറാനില്‍ ഇസ്ലാമിക വിപ്ലവം നടന്നതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. എന്റെ തലമുറ യാഥാസ്ഥികത്വത്തിന്റെ ദുരിതങ്ങള്‍ അനുഭവിക്കുന്നു. 

ഈ അവസ്ഥകള്‍ക്ക് മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കുകയാണെന്ന് മുപ്പത്തിരണ്ടുകാരനായ രാജകുമാരന്‍ പറഞ്ഞു. അഴിമതി വിരുദ്ധനീക്കമടക്കമുള്ള നടപടികളില്‍ നിന്ന് താങ്കളെ ആര്‍ക്കു തടയാനാവും എന്ന ചോദ്യത്തിന് മരണത്തിനു മാത്രം എന്നായിരുന്നു രാജകുമാരന്റെ മറുപടി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.