മദ്യനയം: പ്രതിപക്ഷം ഇറങ്ങിപ്പോയി

Tuesday 20 March 2018 2:55 am IST
"undefined"

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മദ്യശാലകള്‍ തുറക്കില്ലെന്നു എക്‌സൈസ് മന്ത്രി ടി. പി രാമകൃഷ്ണന്‍  നിയമസഭയെ അറിയിച്ചു.  ബാറുകള്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ കോടതിയെ സമീപച്ചിട്ടില്ലെന്നും  സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മാത്രം ആണ് നടപടികള്‍ എന്നു പതിപക്ഷത്തിന്റെ അടിയന്ത്ര പ്രമേയാവതരണ നോട്ടീസിനു മറുപടിയായി മന്ത്രി പറഞ്ഞു. 

കോടതി ഉത്തരവിന്റെ മറവില്‍ കൂടുതല്‍ ബാറുകള്‍ തുറന്ന് കേരളത്തെ മദ്യത്തില്‍ മുക്കി കൊല്ലാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് പ്രമേയത്തിന് അവതരണാനുമതി തേടിയ കെ.സി ജോസഫ് ആരോപിച്ചു . പതിനായിരം ജനസംഖ്യ ഉള്ള പഞ്ചായത്തുകളില്‍ പുതിയ മദ്യശാലകള്‍ എന്ന എക്‌സൈസ് കമ്മീഷണറുടെ ഉത്തരവ് മന്ത്രി അറിയാതെ ആണോ എന്ന് പ്രതിപക്ഷം ചോദിച്ചു. പുതിയ അഞ്ചു ബാറുകള്‍ക്ക് ഈ സര്‍ക്കാര്‍ ലൈസന്‍സ് കൊടുത്തിട്ടുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു.

കെ.എം മാണിക്ക് എതിരെ കേസുമായി മുന്നോട്ട് പോയാല്‍ ബാര്‍ തുറക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ഉറപ്പു നല്‍കി എന്ന ആരോപണം ഉയര്‍ന്നിട്ട് അതു നിഷേധിക്കാന്‍ പോലും സിപിഎം നേതൃത്വം തയാറായില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. ആളും അര്‍ഥവും നല്‍കി കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് മദ്യ മുതലാളിമാര്‍ ഇടത്മുന്നണിയെ സഹായിച്ചെന്ന ആരോപണം ഒഴിവാക്കണമെന്ന് എ. കെ ബാലന്‍ ആവശ്യപ്പെട്ടു. ഊഹാപോഹങ്ങള്‍, ആരോപണങ്ങള്‍ ഇവ അടിയന്തിര പ്രമേയത്തില്‍ പാടില്ല എന്ന് സ്പീക്കര്‍ റൂളിംഗ് നല്‍കി. 

അടിയന്തര പ്രമേയത്തിനു അവതരണ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങി പോയി. മദ്യത്തിന്റെ ലഭ്യതകുറച്ച് ലഹരിമുക്ത കേരളം സൃഷ്ടിക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ സര്‍ക്കാര്‍ മദ്യം വ്യാപകമാക്കുകയാണെന്ന് ഇറങ്ങിപ്പോകുന്നതിനു മുന്‍പ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

മദ്യശാലകള്‍ ആരു ചോദിച്ചാലും ഏതു സമയത്തും കൊടുക്കാവുന്ന ഉത്തരവാണ് സര്‍ക്കാര്‍ ഇറക്കിയിരിക്കുന്നതെന്ന്  എം.കെ മുനീര്‍ ആരോപിച്ചു. സര്‍ക്കാര്‍ അധികാരത്തിലെത്തിയതു മുതല്‍ ബാറുകളും ഔട്ട് ലെറ്റുകളും തുറക്കാന്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്ന് അനൂപ് ജേക്കബ് പറഞ്ഞു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.