തൊണ്ണൂറുകാരിക്ക് ക്രൂരമര്‍ദ്ദനം: ചെറുമകള്‍ക്കെതിരെ കേസെടുത്തു

Tuesday 20 March 2018 3:00 am IST

കണ്ണൂര്‍: പ്രായമായ അമ്മയെയും മുത്തശ്ശിയെയും ആക്രമിച്ച യുവതിക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണൂര്‍ സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആയിക്കര ഉപ്പാലവളപ്പിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ യുവതിക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. 

അമ്മ ജാനകി (75)യെയും മുത്തശ്ശി കല്യാണിയമ്മ (95)യെയും ആക്രമിച്ച കേസില്‍ ജാനകിയുടെ മകള്‍ ദീപയ്‌ക്കെതിരെ (39)യാണ് പൊലീസ് കേസെടുത്തത്. കല്യാണിയമ്മ എന്ന വയോധികയ്ക്കാണ് നിരന്തരമായി ചെറുമകളുടെ ക്രൂരമര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്. വീട്ടു ജോലികളെല്ലാം ഇവരെക്കൊണ്ട് ചെയ്യിപ്പിക്കുന്നതിന്റെയും ദീപ ഇവരെ മര്‍ദ്ദിക്കുന്നതിന്റെയും വീഡിയോയും ദൃശ്യങ്ങളുമാണ് പ്രചരിച്ചത്.

ഭര്‍ത്താവ് ഉപേക്ഷിച്ച ദീപയും രണ്ട് കുട്ടികളും അമ്മയും മുത്തശ്ശിയുമാണ് ഈ വീട്ടില്‍ താമസിക്കുന്നത്. തയ്യല്‍ ജോലി ചെയ്താണ് ദീപ കുടുംബം പോറ്റിയിരുന്നത്. ഇവരും മാനസിക പ്രശ്‌നങ്ങള്‍ പ്രകടിപ്പിച്ചിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഈ നിലയില്‍ വയോധികയെ ഉപദ്രവിക്കുകയായിരുന്നു എന്നും സംശയമുണ്ട്. വല്ലാതെ തല്ലാറുണ്ടെന്നും വീട്ടില്‍ പോകില്ലെന്നും പറഞ്ഞ് അയല്‍വീട്ടില്‍ അഭയം പ്രാപിക്കുകയായിരുന്നു കല്യാണിയമ്മ.

സംഭവം ശ്രദ്ധയില്‍പ്പെട്ട കണ്ണൂര്‍ സിറ്റി പോലീസ് വീട്ടിലെത്തി വയോധികയുടെ മൊഴിയെടുക്കുകയും ചെറുമകള്‍ക്കെതിരെ കേസെടുക്കുകയുമായിരുന്നു. വയോധികയെ സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടെന്നും തടഞ്ഞാല്‍ തങ്ങള്‍ക്ക് നേരെയും ആക്രമണവും അസഭ്യവര്‍ഷം നടത്തുമെന്നും അയല്‍ക്കാര്‍ പറയുന്നു. വയോധികയെ ക്രൂരമായി മര്‍ദ്ദിക്കുന്നതും അലറിക്കരയുന്നതുമായ ദൃശ്യങ്ങളാണ് പ്രചരിച്ചത്. പൊതുപ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് വയോധികയെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം തൊട്ടടുത്ത വൃദ്ധ സദനത്തിലെത്തിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.