ദേശീയപാത സര്‍വ്വെ; പ്രതിഷേധങ്ങള്‍ക്കിടെ ആദ്യദിനം പൂര്‍ത്തിയാക്കി

Tuesday 20 March 2018 3:05 am IST

കുറ്റിപ്പുറം: പ്രതിഷേധങ്ങള്‍ക്കിടെ മലപ്പുറം കുറ്റിപ്പുറത്ത് ആദ്യദിവസത്തെ ദേശീയപാത സര്‍വേ പൂര്‍ത്തിയാക്കി. ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജനങ്ങള്‍ പ്രതിഷേധവുമായി  രംഗത്തെത്തിയിരുന്നു. റോഡിന് ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ വില നിശ്ചയിക്കണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. എന്നാല്‍ സര്‍വ്വെ  പൂര്‍ത്തിയായ ശേഷമേ വില നിശ്ചയിക്കാനാകൂയെന്ന നിലപാടില്‍ റവന്യൂവകുപ്പ് ഉറച്ചുനിന്നു. ജൂണിനു  മുമ്പ് നഷ്ടപരിഹാര തുക മുഴുവന്‍ വിതരണം ചെയ്യുമെന്നും അധികൃതര്‍ ഉറപ്പുനല്‍കി.

പക്ഷേ ഇതൊന്നും ചെവിക്കൊള്ളാന്‍ സമരക്കാര്‍ തയ്യാറായില്ല. തുടര്‍ന്ന് സമരക്കാരെ സര്‍വേ നടക്കുന്നതിന് മീറ്ററുകള്‍ അകലെ  പോലീസ് തടഞ്ഞു. മുന്നോട്ട് പോയാല്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഇത് ലംഘിച്ച് മുദ്രാവാക്യം വിളിച്ച് മുന്നോട്ട് നീങ്ങിയ സമരക്കാരും പോലീസുമായി ഉന്തും തള്ളുമുണ്ടായി. കൂടുതല്‍ പ്രകോപനത്തിലേക്ക് പോകേണ്ടെന്ന് സമരക്കാരും പോലീസും നിലപാടെടുത്തതിനാല്‍  സംഘര്‍ഷം ഉണ്ടായില്ല.

ഏറെ നാളായി മുടങ്ങിയ സര്‍വ്വെ ഇന്നലെയാണ്  പുനരാരംഭിച്ചത്. ഒരുദിവസം നാലുകിലോമീറ്റര്‍ സെന്റര്‍ മാര്‍ക്കിംഗും അതിര്‍ത്തി നിര്‍ണയവും നടത്താനായിരുന്നു തീരുമാനം. എന്നാല്‍ ഇന്നലെ റെയില്‍വേ ഭൂമി അടക്കമുള്ള 200 മീറ്റര്‍ മാത്രമാണ് സര്‍വ്വെ നടത്താനായത്. നൂറിലധികം ഉദ്യോഗസ്ഥര്‍ സര്‍വ്വെയില്‍ പങ്കെടുക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.