വസ്തുതര്‍ക്കം: ഗൃഹനാഥന്‍ കുത്തേറ്റ് മരിച്ചു

Tuesday 20 March 2018 3:10 am IST
"undefined"

പത്തനാപുരം: വസ്തുതര്‍ക്കത്തെ തുടര്‍ന്ന് ബന്ധുവിന്റെ കുത്തേറ്റ് ഗൃഹനാഥന്‍ മരിച്ചു. കടയ്ക്കാമണ്‍ കോളനിയില്‍ കഴിഞ്ഞ രാത്രിയിലാണ് സംഭവം. അംബേദ്ക്കര്‍ കോളനിയില്‍ പ്ലോട്ട് നമ്പര്‍ 20-ല്‍ താമസക്കാരനായ നാസര്‍ (54) ആണ് മരിച്ചത്. ഭാര്യാ സഹോദരിയുടെ ഭര്‍ത്താവ് മധുവാണ് നാസറിനെ കുത്തിയത്. 

മധുവും വെട്ടേറ്റ് ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. അടുത്തടുത്തായി താമസിക്കുന്ന ഇവര്‍ തമ്മില്‍ കുടുംബ വഴക്ക് പതിവായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. മധുവിന്റെ വീട്ടിലെത്തി നാസര്‍ വഴക്കുണ്ടാക്കുകയായിരുന്നു. മധുവിന്റെ വീട്ടുമുറ്റത്തുവച്ചാണ് നാസറിന് കുത്തേറ്റതും. 

ഇരുവരും തമ്മിലുള്ള അടിപിടി തടയാനെത്തിയ നാസറിന്റെ ഭാര്യ സുജാതയ്ക്കും കയ്യില്‍ കുത്തേറ്റു. ഇവരും ചികിത്സയിലാണ്. പത്തനാപുരത്ത് ലോഡിംഗ് തൊഴിലാളിയായിരുന്നു നാസര്‍. കടയ്ക്കാമണ്ണില്‍ സ്വന്തം വീടുണ്ടെങ്കിലും മധുവുമായുള്ള നിരന്തര വഴക്കിനെ തുടര്‍ന്ന് പത്തനാപുരം നെടുംപറമ്പില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. 

കുടിവെള്ള കണക്ഷന്‍ എടുക്കുന്നതിനായിട്ടാണ് രണ്ട് ദിവസം മുന്‍പ് കടയ്ക്കാമണ്ണിലെ വീട്ടിലെത്തിയത്. പുനലൂര്‍ ഡിവൈഎസ്പി: കൃഷ്ണകുമാര്‍, പത്തനാപുരം സിഐ: അന്‍വര്‍, എസ്‌ഐ: ദിലീഷ് കുമാര്‍, വിരലടയാള വിഭാഗ ഉദ്യോഗസ്ഥരായ സി. രജ്ഞിത്ത് ബാബു, അനശ്വര ഐ.പി തുടങ്ങിയവര്‍ സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പത്തനാപുരം സി.ഐ അന്‍വറിനാണ് അന്വേഷണ ചുമതല. ചികിത്സയില്‍ കഴിയുന്ന മധു പോലീസ് നിരീക്ഷണത്തിലാണ്. മൃതദേഹം സംസ്‌കരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.