മായയിൽ നിന്ന് മോചനം തരുന്ന ജഞാചക്ഷുസ്സ്

Tuesday 20 March 2018 3:25 am IST

ഈ അധ്യായത്തില്‍ ക്ഷേത്രം- പ്രാണികളുടെ ശരീരങ്ങള്‍ അവയില്‍ ഇരുന്ന്, പ്രവര്‍ത്തിക്കുന്ന ജീവാത്മാക്കള്‍ (ക്ഷേത്രജ്ഞന്മാര്‍), തങ്ങളുടെ ഓരോ ശരീരത്തെയും പ്രവര്‍ത്തിപ്പിക്കുന്നു. എല്ലാ ക്ഷേത്രങ്ങള്‍ക്കും (ശരീരങ്ങള്‍ക്കും) ജീവാത്മാക്കള്‍ക്കും (ക്ഷേത്രജ്ഞന്മാര്‍ക്കും) ഒരേ സമയം പ്രവര്‍ത്തന ശക്തി നല്‍കിക്കൊണ്ട് പരമാത്മാവായി-സര്‍വ്വക്ഷേത്രജ്ഞനായി-ഭഗവാന്‍ സ്ഥിതിചെയ്യുന്നു എന്ന വസ്തുതയാണ് വിവരിച്ചത്. അതോടൊപ്പം  ക്ഷേത്ര ക്ഷേത്രജ്ഞന്മാരുടെ പരസ്പര വിരുദ്ധവും വൈവിധ്യവുമാര്‍ന്ന അവസ്ഥയും വിവരിച്ചു.

ഭൂതപ്രകൃതിമോക്ഷം ച

വിവിധപേരുകളും രൂപങ്ങളുമായി പരിണമിച്ച വസ്തുക്കള്‍, ജീവന്മാര്‍, ഇവ ആദ്യം സ്പഷ്ടമാവാത്ത-അവ്യക്താവസ്ഥയില്‍ നിലകൊള്ളുന്നു എന്നും പിന്നീട് പ്രകൃതിയുടെ-മായയുടെ  കടുംപിടുത്തത്തില്‍നിന്ന് ജീവാത്മാവിന് എങ്ങനെ മോചനം നേടാം എന്ന ജ്ഞാനവുമാണ് വിവരിച്ചത്.

ജ്ഞാനചക്ഷാ- ഈ ജ്ഞാനം ഈ അധ്യായത്തില്‍ നിന്ന് വായിച്ചു മനസ്സിലാക്കിയാല്‍ മാത്രം പോരാ. ആത്മസാക്ഷാത്കാരം നേടിയ ഒരു ആചാര്യനെ ശരണം പ്രാപിക്കണം. ആദ്ധ്യാത്മിക ശാസ്ത്രങ്ങളിലെ നിര്‍ദ്ദേശങ്ങള്‍, സ്വയം അനുഷ്ഠിച്ച്, സ്വന്തം അനുഭവംകൊണ്ട് സ്പഷ്ടമായി, ആചാര്യന്‍ ഉപദേശിച്ചുതരും. അതാണ് ജ്ഞാനചക്ഷുസ്സ്. ജ്ഞാനമാകുന്ന കണ്ണ്- ആ കണ്ണുകൊണ്ട് മാത്രമേ മായയുടെ  പിടിയില്‍നിന്ന് മോചിക്കാന്‍ കഴിവ് കിട്ടുകയുള്ളൂ.

തേ പരം യാന്തി- അങ്ങനെ ജ്ഞാനം നേടുന്നവര്‍ പരമപദം പ്രാപിക്കും. ജീവാത്മാക്കളുടെ പരമപുരുഷാര്‍ത്ഥമായ പരമപദ പ്രാപ്തി ഒന്നുതന്നെയാണ്, കര്‍മ്മയോഗത്തിന്റെയും ജ്ഞാനയോഗത്തിന്റെയും അഷ്ടാംഗയോഗത്തിന്റെയും ഭക്തിയോഗത്തിന്റെയും ലക്ഷ്യം. മുമുക്ഷുക്കളുടെ യോഗ്യതയ്ക്കനുസരിച്ച് അവിടെ എത്തിച്ചേരാനുള്ള വ്യത്യസ്ത മാര്‍ഗ്ഗങ്ങള്‍  പ്രതിപാദിക്കുന്നു എന്നുമാത്രം. ഏതുവഴിയിലൂടെ യാത്ര തുടരുന്നവനും ഈ അധ്യായത്തിലെ പ്രകൃതി-പുരുഷ, ക്ഷേത്ര, ക്ഷേത്രജ്ഞ-ജ്ഞാന ജ്ഞേയാദികള്‍ സഹായകമാണ്.

പതിമൂന്നാം അധ്യായത്തിലെ പ്രതിപാദ്യ സംഗ്രഹം

ക്ഷേത്രജ്ഞനായ ജീവാത്മാവിന്റെ, ക്ഷേത്രജ്ഞാനം, അതിന്റെ വികാരം, അതിന്റെ സ്വഭാവം, പ്രവൃത്തികള്‍, അവസ്ഥ ഇവയെപ്പറ്റിയുള്ള ജ്ഞാനമാണ് ആദ്യം വിവരിച്ചത്. പരമാത്മാവിന്റെ ചേതനത്വം, നിത്യത്വം, സര്‍വക്ഷേത്രങ്ങളിലെയും ഏകത്വം ഇവയും ബുദ്ധി തുടങ്ങിയ സര്‍വപദാര്‍ത്ഥങ്ങളെയും പ്രകാശിപ്പിക്കുന്നു എന്നും വിവരിച്ചു. പരമാത്മാവിന്റെ സ്വയം പ്രകാശത്വം, വൃദ്ധിയും ക്ഷയവും ഇല്ലായ്മ സര്‍വ്വവ്യാപകത്വവും നിര്‍ലേപാവസ്ഥയും പറഞ്ഞു. നിര്‍വികാരനായി, ഒന്നും സംഭവിക്കാതെ, എല്ലാത്തിനെയും അനുഭവിക്കുന്നവനായി, സര്‍വ്വദ്രഷ്ടാവായി, സ്വയം സാക്ഷിയായി, തന്റെ സാക്ഷാത്കാരത്തിലൂടെ സമസ്താജ്ഞാനത്തെയും നശിപ്പിക്കുന്നവനായി, ഭഗവാന്‍ സര്‍വ്വപ്രാണികളുടെയും ഹൃദയത്തില്‍ പരമാത്മാവായി ശോഭിക്കുന്നു എന്നും വ്യക്തമാക്കി. ഈ ആത്മ-പരമാത്മ പ്രകൃതി യാഥാര്‍ത്ഥ്യം അറിയുന്നവന്‍ ഭഗവത് പദം പ്രാപിക്കും എന്നും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.