ചേതനയുള്ളതാണ് വിജഞാനം

Tuesday 20 March 2018 3:28 am IST

സോളകാമയത ബഹുസ്വാംപ്രജായേയേതി സതപോളത പ്യത സതപസ്തപ്ത്വാ ഇദം സര്‍വ്വമസൃജത യദിദം കിഞ്ച

ആ ആത്മാവ് ഞാന്‍ പലതായിത്തീരട്ടെ. എനിക്ക് ജനിക്കണം എന്ന് ആഗ്രഹിച്ചു. ആത്മാവ് തപസ്സനുഷ്ഠിച്ചു. തപസ്സു ചെയ്ത് ഈ കാണുന്നതിനെയെല്ലാം സൃഷ്ടിച്ചു. ഇക്കാണാകുന്നതായ ലോകത്തെ സൃഷ്ടിച്ചത് ആത്മാവിന്റെ ഇച്ഛയാലാണ്. നമ്മളെപ്പോലെ സാധാരണ ജീവികള്‍ ആഗ്രഹിക്കുന്നതുപോലെയല്ല ആത്മാവ് ആഗ്രഹിച്ചു എന്നുപറയുന്നത്. സാധാരണ ആഗ്രഹം ഉണ്ടാകുന്നത് നമുക്ക് ഇല്ലാത്തതോ കിട്ടാത്തതോ ഒന്നിനെക്കുറിച്ചാണ്. ആത്മാവില്‍നിന്ന് വേറിട്ട് മറ്റൊരു വസ്തുവില്ലാത്തതിനാല്‍ എന്തിനെങ്കിലും വേണ്ടി ആഗ്രഹിച്ചുവെന്ന് പറഞ്ഞാല്‍ അത് തെറ്റാകും. ആത്മാവിന്റെ ഇച്ഛാശക്തിയെയാണ് ആഗ്രഹം എന്നുപറഞ്ഞത്. സര്‍വതന്ത്ര സ്വതന്ത്രനായ ആത്മാവിന്റെ കാമനയെക്കുറിച്ചുള്ള കാരണം അന്വേഷിക്കേണ്ട ആവശ്യവുമില്ല. ഞാന്‍ പലതായിത്തീരുകയും ജനിക്കുകയും വേണമെന്ന് ആഗ്രഹിച്ച് അച്ഛന്‍ മകനായി ജനിക്കുന്നതുപോലെ തന്നില്‍നിന്ന് വേറിട്ട മറ്റൊരാളായി മാറലല്ല. തന്നില്‍ തന്നെ നിരവധി നാമരൂപങ്ങളായി മാറട്ടെ എന്ന് ആഗ്രഹിച്ചുവെന്ന് കരുതണം.

എട്ടുകാലി വല കെട്ടുന്ന പോലെയാണ് സൃഷ്ടിയെന്ന് മുണ്ഡകോപനിഷത്തില്‍ നാം കണ്ടതാണ്. ചിലന്തി തന്നില്‍നിന്ന് ഉണ്ടാക്കിയ നൂലുകൊണ്ട് വല നെയ്ത് അതില്‍ വസിച്ച് പിന്നെ അതിനെ തന്നിലേക്ക് തന്നെ എടുക്കുകയും ചെയ്യുന്നു. ബ്രഹ്മം അഥവാ ആത്മാവ് ഇതുപോലെ നിരവധി നാമരൂപങ്ങളാകുന്ന ഈ ലോകത്തെ സ്വയം ഉണ്ടാക്കി, പിന്നെ തന്നിലേക്ക് ലയിപ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെയായതിനാല്‍ ബ്രഹ്മം ഈ ലോകത്തിന്റെ അഭിന്ന നിമിത്ത ഉപാദാന കാരണം എന്നുപറയുന്നു.

ജ്ഞാനത്തിനെയാണ് ഈ മന്ത്രത്തില്‍ തപസ്സ് എന്നുപറഞ്ഞത്. 'യസ്യ ജ്ഞാനമയം തപഃ' എന്ന വാക്യമനുസരിച്ച് നമ്മുടെ തപസ്സ് പോലെയല്ല എന്ന് മനസ്സിലാക്കണം. താന്‍ സൃഷ്ടിക്കാനാഗ്രഹിക്കുന്ന പ്രപഞ്ചത്തിന്റെ രൂപത്തെപ്പറ്റി, രചനയെപ്പറ്റി ആലോചിച്ചു. അതിനെ സൃഷ്ടിക്കാനായി അത്യുത്സാഹത്തോടെ തയ്യാറായി എന്നതാണ് തപസ്സെന്ന് പറഞ്ഞത്. ബ്രഹ്മത്തിന് കാമനകളൊന്നുമില്ലാത്തതിനാല്‍ വേറെ വിധത്തിലുള്ള തപസ്സ് ഉണ്ടാകുകയുമില്ല. വേണ്ട രീതിയിലുള്ള ആലോചനയോടെ ജീവികളെ അവയുടെ കര്‍മ്മങ്ങള്‍ക്കനുസൃതമായി ദേശം, കാലം, നാമം, രൂപം എന്നിങ്ങനെയൊക്കെ കണക്കിലെടുത്ത് ജഗത്തിലെ സകലതിനേയും സൃഷ്ടിച്ചു.

തത് സൃഷ്ട്വാ തദേവാനു പ്രാവിശത്

ഈ ജഗത്തിനെ സൃഷ്ടിച്ച് അതില്‍ തന്നെ പ്രവേശിച്ചു. തന്റെ അപരപ്രകൃതിയായ ഈ ജഡമായ പ്രപഞ്ചത്തില്‍ പരപ്രകൃതിയായി ജീവനായി ഉള്ളില്‍ പ്രവേശിച്ചു. എന്നിട്ട് അവയെയെല്ലാം പ്രവര്‍ത്തിപ്പിക്കുന്നതാക്കി തീര്‍ത്തു. പ്രവേശിച്ചു എന്നു പറയുന്നത് വീട് വച്ച് അതില്‍ പ്രവേശിച്ചു എന്ന അര്‍ത്ഥത്തിലല്ല.  പഞ്ചകോശങ്ങളുള്‍പ്പെടെ എല്ലാറ്റിനും ആധാരമായിരുന്ന് പിന്നെ ജ്ഞാനത്തിലൂടെ ബ്രഹ്മസാക്ഷാത്കാരം നേടുക എന്നതു വേണ്ടതിനാലാണ് പ്രവേശിച്ചു എന്നുപറഞ്ഞത്. ആത്മാവ് എല്ലായിടത്തും നിറഞ്ഞുനില്‍ക്കുന്നതിനാല്‍ എവിടേയും പ്രത്യേകിച്ച് പ്രവേശിക്കേണ്ടതില്ല. 

തദനു പ്രവിശ്യ സച്ച ത്യച്ചാഭവത് 

നിരുക്തം ചാനിരുക്തം ച

നിലയനം ചാനിലയനം ച വിജ്ഞാനം ച

സത്യം ചാനൃതം സത്യമഭവത് യദിദം 

കിഞ്ച തത്

സത്യാമിത്യാചക്ഷതേ തദപ്യേഷാ 

ശ്ലോകാ ഭവതി

അതിനെ പ്രവേശിച്ചിട്ട് സത്തായും അഥവാ രൂപമുള്ളവയായും രൂപമില്ലാത്തവയായും തീര്‍ന്നു. നിര്‍വചിക്കപ്പെട്ടവയായും അല്ലാത്തവയുമായി മാറി. ആശ്രയമുള്ളവയായും ആശ്രയമില്ലാത്തവയായും ചേതനവും അചേതനവും സത്യവും അസത്യവുമായി പരമാര്‍ത്ഥ സത്യമായ ബ്രഹ്മം മാറി. ഇതെല്ലാം യാതൊന്നാണോ അത് സത്യമെന്ന് ബ്രഹ്മജ്ഞാനികള്‍ പറയുന്നു ഇതിനെപ്പറ്റി ഒരു ശ്ലോകമുണ്ട്.

കാരണമായ ബ്രഹ്മം കാര്യമായ പ്രപഞ്ചമാകുമ്പോള്‍ തന്നെ പ്രവേശനം നടക്കുന്നു. ബുദ്ധിഗുഹയില്‍ കാണുന്നവന്‍, കേള്‍ക്കുന്നവന്‍, മനനം ചെയ്യുന്നവന്‍, അറിയുന്നവന്‍ എന്നിങ്ങനെയായിത്തീരലാണ് അനുപ്രവേധം. ഇവിടെ സത് എന്നത് രൂപമുള്ളതിനേയും ത്യത് എന്നത് രൂപമില്ലാത്തതിനെയും കുറിക്കുന്നു. നിരുക്തം എന്നാല്‍ അത് ഇന്നതാണ് എന്ന് വേര്‍തിരിച്ച് പറയാവുന്നത്. അങ്ങനെയല്ലാത്തത് അനിരുക്തം. ഇന്നതാണെന്ന് പറയാനാകില്ല. നിലയനം എന്നാല്‍ ആശ്രയം. അനിലയനം എന്നാല്‍ ഒന്നിനും ആശ്രയമോ ആധാരമോ ആകാത്തത്. ചേതനയുള്ളവയെയാണ് വിജ്ഞാനം എന്നുപറഞ്ഞത്. അചേതനമായവ അവിജ്ഞാനം. എല്ലാറ്റിനേയും പ്രകാശിപ്പിക്കുന്നതാണ് ചേതനം. ജഡമായവയാണ് അചേതനം. സത്യം എന്നത് താല്‍ക്കാലികമാണെങ്കിലും സത്യത്വമുള്ളതായ ഭൗതികവസ്തുക്കളേയും അനൃതം എന്നത് മരീചികപോലെയുള്ളവയേയും സൂചിപ്പിക്കുന്നു. ഇങ്ങനെ എന്തൊക്കെയുണ്ടോ അതെല്ലാം ബ്രഹ്മം തന്നെയാണ്.

ബ്രഹ്മം ഉണ്ടോ? ഇല്ലയോ? എന്നതിനുള്ള ഉത്തരമാണിത്. നമുക്ക് പ്രത്യക്ഷമായി കാണാവുന്ന കാര്യങ്ങളില്‍നിന്ന് ബ്രഹ്മം ഉണ്ട് എന്ന് നിസ്സംശയം പറയാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.