തിരുവിതാംകൂർ ദേവസ്വം ബോർഡിന് തീവ്രവാദികളുടെ അജണ്ട

Tuesday 20 March 2018 3:55 am IST
"undefined"

ഹൈന്ദവ മാനബിന്ദുക്കളെ ഇകഴ്ത്തിക്കാട്ടാനും അവഹേളിക്കാനുമുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ സംസ്ഥാനത്ത് വ്യാപകമാകുകയാണ്. സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും ഇതിനായി പ്രവര്‍ത്തിക്കുന്ന ചിലരുണ്ട്. ഹൈന്ദവ വിശ്വാസങ്ങളെയും സംസ്‌കാരത്തെയും ആചാരങ്ങളെയുമെല്ലാം മോശമെന്നും തെറ്റെന്നും ചിത്രീകരിച്ച് ഇത്തരക്കാര്‍ ആനന്ദം കണ്ടെത്തുന്നു. തീവ്രവാദികളുടെ പക്ഷം ചേരുന്നവരും നിരീശ്വരവാദികളുമടക്കം ഇതിനു പിന്നിലുണ്ട്. സനാതന ധര്‍മ്മത്തിനും സംസ്‌കാരത്തിനും ലോകമെങ്ങും വര്‍ദ്ധിച്ചുവരുന്ന പിന്തുണയാണ്  ഇവരെ അലോസരപ്പെടുത്തുന്നത്.

തിരുവനന്തപുരത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തുള്ള ഹോട്ടലില്‍ പശുമാംസവും മറ്റ് സസ്യേതര ഭക്ഷണവും വിളമ്പിയതും ഇതിന്റെ ഭാഗമാണ്. സര്‍ക്കാരിന്റെ ഭാഗമായി നില്‍ക്കുന്നവരെയും സനാതന ധര്‍മ്മത്തിനുണ്ടാകുന്ന മുന്നേറ്റം അസ്വസ്ഥമാക്കുന്നു എന്നതിന്റെ തെളിവാണ് ഈ സംഭവം. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തിന്റെ ഒരു ഭാഗത്ത് മതപാഠശാലയും രാജരാജേശ്വരി ക്ഷേത്രവുമാണ് സ്ഥിതി ചെയ്യുന്നത്. പവിത്രമായി സൂക്ഷിക്കേണ്ട ക്ഷേത്രമുള്ളിടത്ത് ഹോട്ടല്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതുതന്നെ തെറ്റ്. അതില്‍ പശുമാംസം പാകംചെയ്ത് വില്‍പന നടത്താന്‍ തീരുമാനിച്ചത് ഒരിക്കലും പൊറുക്കാനാകാത്ത തെറ്റ്. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ ഉത്തരവാദപ്പെട്ടവര്‍ ഇതിനു കൂട്ടുനിന്നു എന്നത് അവരെല്ലാം എത്രത്തോളം ഹിന്ദു ആരാധനാലയങ്ങള്‍ ഭരിക്കാന്‍ യോഗ്യരാണ് എന്ന ചോദ്യമാണ് ഉയര്‍ത്തുന്നത്.

ഹിന്ദുധര്‍മ്മത്തേയും ക്ഷേത്രവിശ്വാസത്തേയും അപമാനിക്കുന്ന ഈ സംഭവം ചില മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയപ്പോള്‍ മാത്രമാണ് സിപിഎമ്മുകാരനായ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ബോധം. കാന്റീനില്‍ ഇനിമുതല്‍ സസ്യാഹാരം മാത്രമേ വിതരണം ചെയ്യാവൂ എന്നദ്ദേഹം നിര്‍ദ്ദേശിച്ചെങ്കിലും ഇതിന് കാരണക്കാരായവര്‍ക്കെതിരെ എന്തു നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നറിയാനാണ് ക്ഷേത്ര വിശ്വാസികള്‍ക്ക് താല്‍പര്യം. ദേവസ്വം ബോര്‍ഡിലെ ജീവനക്കാര്‍ക്ക് വിലകുറച്ച് ആഹാരം നല്‍കുന്നു എന്ന ഒറ്റക്കാരണത്താലാണ് കാന്റീന്‍ നടത്തിപ്പുകാരന് ലാഭമുണ്ടാക്കാനായി മാംസാഹാരം വിളമ്പാനുള്ള അനുമതി നല്‍കിയതെന്നാണ് ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ ഭാഷ്യം. ലാഭമുണ്ടായില്ലെങ്കില്‍ കാന്റീന്‍ അടച്ചിടുമെന്ന് കാന്റീന്‍ കരാറുകാരന്‍ പറഞ്ഞുവത്രെ. പൊതുജനങ്ങള്‍ക്ക് യഥേഷ്ടം ഉപയോഗിക്കാനായി കാന്റീനിനു പുറത്തേക്ക് വാതിലും വച്ചു. എന്നാല്‍ വിവാദമായപ്പോള്‍ ലാഭത്തിന്റെ കണക്കുപറഞ്ഞ് സംഭവത്തെ ലഘൂകരിക്കുകയാണ് ഇടതനുകൂല ദേവസ്വംബോര്‍ഡ് ജീവനക്കാര്‍. ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിക്കാനുള്ള ബോധപൂര്‍വ്വ ശ്രമത്തിന്റെ ഭാഗമായിരുന്നു ഈ നീക്കം. 

ദിനവും നൂറുകണക്കിന് ആളുകളാണ് വിവിധ ആവശ്യങ്ങള്‍ക്കായി ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെത്തുന്നത്. ഇതില്‍ ക്ഷേത്ര ജീവനക്കാര്‍ മുതല്‍ ശാന്തിനടത്തുന്നവരും തന്ത്രിമാരും വരെയുണ്ടാകും. അവര്‍ക്കെല്ലാം ഭക്ഷണം കഴിക്കേണ്ടിടത്താണ് ഈ ഹീനനടപടി. നിത്യപൂജയുള്ള രാജരാജേശ്വരി ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ ഇവിടെ മാംസം വിളമ്പുന്നത് തടയണമെന്ന് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നെങ്കിലും ബോര്‍ഡ് ആസ്ഥാനത്തുള്ളവര്‍ അത് ചെവിക്കൊണ്ടതേയില്ല. 

മാംസാഹാരം വിളമ്പുന്നത് അവസാനിപ്പിക്കാന്‍ മന്ത്രി ഉത്തരവിട്ടെങ്കിലും നടപടി തെറ്റാണെന്ന് സമ്മതിക്കാന്‍ മന്ത്രിയോ ദേവസ്വം ബോര്‍ഡ് അധികൃതരോ തയ്യാറായിട്ടില്ല. ചിലര്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുമെന്നതിനാല്‍ സസ്യാഹാരം മാത്രം മതിയെന്നാണ് മന്ത്രിയുടെ നിര്‍ദ്ദേശം. ഇത്തരമൊരു ഹീനപ്രവൃത്തി ചെയ്തതാരായാലും മാപ്പ് അര്‍ഹിക്കുന്നില്ല. അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മന്ത്രി തയ്യാറാകണം. വിശ്വാസികളുടെ വികാരങ്ങളെയും മനസ്സിനെയും ഇത് മുറിവേല്‍പ്പിച്ചു. ദേവസ്വം ബോര്‍ഡ് അധികൃതരും മന്ത്രിയും വിശ്വാസികളോട് പരസ്യമായി മാപ്പുപറയണം. അല്ലെങ്കില്‍ ഹിന്ദുധര്‍മ്മത്തെ തകര്‍ക്കാന്‍ കച്ചകെട്ടി നടക്കുന്ന തീവ്രവാദികളുടെ നടപടികള്‍ക്കൊപ്പമാണ് ഈ പ്രവൃത്തിയുമെന്ന് പറയേണ്ടിവരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.