ജങ്കാര്‍ സര്‍വീസ് മുടങ്ങി; ദ്വീപുകാര്‍ വലഞ്ഞു

Tuesday 20 March 2018 2:00 am IST

 

ഇന്ന് അടിയന്തര ചര്‍ച്ച

പെരുമ്പളം: വാടക കുടിശികയെ തുടര്‍ന്ന് പാണാവള്ളി പെരുമ്പളം ജങ്കാര്‍ സര്‍വീസ് മുടങ്ങി. മറുകരയെത്താന്‍ കഴിയാതെ ദ്വീപ് നിവാസികള്‍ വലഞ്ഞു. 

 പ്രശ്‌നം പരിഹരിക്കാന്‍ ഇന്ന് അടിയന്തരമായി പഞ്ചായത്ത് കമ്മിറ്റി യോഗം ചേരും. സര്‍വീസ് അവസാനിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച രാത്രി ജങ്കാര്‍ കൊണ്ടുപോകാന്‍ കെഎസ്‌ഐഎന്‍സി അധികൃതര്‍ ശ്രമിച്ചെങ്കിലും നാട്ടുകാരും ജനപ്രതിനിധികളും പ്രതിഷേധം ഉയര്‍ത്തിയതോടെ നീക്കം ഉപേക്ഷിച്ച് ജങ്കാര്‍ ജെട്ടിയില്‍ കെട്ടിയിടുകയായിരുന്നു. 

 കഴിഞ്ഞ 12ന് കമ്പനി അധികാരികള്‍ പഞ്ചായത്തിന് നല്‍കിയ നോട്ടീസില്‍ 16,72,534 രൂപ കുടിശികയുള്ളതായാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും ഇതിന് വിരുദ്ധമായി 22 ലക്ഷം രൂപ ബാധ്യതയുള്ളതായി കമ്പനി പ്രചരിപ്പിക്കുന്നത് അടിസ്ഥാന രഹിതമാണെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഷിബു പറഞ്ഞു. 

 പ്രതിദിനം 9,100 രൂപ വീതം വാടക ഇനത്തില്‍ നല്‍കുന്നുണ്ട്. ഇതിനു പുറമെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 3,28000 രൂപ കൈമാറിയിട്ടുണ്ട്. 

 കമ്പനി പറയുന്ന കണക്കില്‍ അവ്യക്തതയുണ്ട്. ഇത് പരിഹരിക്കാന്‍ നടപടി കൈക്കൊള്ളും. എംപി എംഎല്‍എ എന്നിവരുമായി വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്. 

 യഥാര്‍ത്ഥ കണക്ക് പ്രകാരം ശേഷിക്കുന്ന തുക കൈമാറി സര്‍വീസ് പുനരാരംഭിക്കാന്‍ നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.