തദ്ദേശ സ്ഥാപനങ്ങൾക്ക് നിയന്ത്രണം; ചെലവഴിക്കാത്ത പണം അടുത്ത വർഷം ഉപയോഗിക്കാൻ കഴിയില്ല

Tuesday 20 March 2018 4:10 am IST

കോട്ടയം: സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മേല്‍ കടുത്ത സാമ്പത്തിക നിയന്ത്രണം ഏര്‍പ്പെടുത്തി. സര്‍ക്കാര്‍ അനുവദിച്ച പദ്ധതി വിഹിതം ഈ സാമ്പത്തിക വര്‍ഷം വിനിയോഗിച്ചില്ലെങ്കില്‍ അടുത്ത വര്‍ഷം വീണ്ടും ഉപയോഗിക്കാന്‍ ഇനി അനുമതിയില്ല. ചെലവഴിക്കാത്ത പണം സര്‍ക്കാര്‍ തിരിച്ച് പിടിക്കും. ഈ തുക ട്രഷറിയിലേക്ക് മാറ്റാനാണ് തീരുമാനം. സാമ്പത്തിക പ്രതിസന്ധി മൂലം കാലിയായ ഖജനാവ് പൂട്ടാതിരിക്കാനുള്ള മാര്‍ഗ്ഗമായിട്ടാണ് ഈ നിയന്ത്രണങ്ങള്‍. ചെലവഴിക്കാതെ കിടക്കുന്ന പണം തിരിച്ച് പിടിക്കുമ്പോള്‍ കോടികളാണ് ഖജനാവിലെത്തുന്നത്.

 പദ്ധതി നിര്‍വഹണം അവസാനിക്കാന്‍ രണ്ടാഴ്ചയില്‍ താഴെ മാത്രമുള്ളപ്പോള്‍ സംസ്ഥാനത്ത് 70 ശതമാനത്തില്‍ താഴെ മാത്രമാണ് പണം ചെലവഴിച്ചിട്ടുള്ളത്. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ചെലവഴിക്കാത്ത പണം വിനിയോഗിക്കാനുള്ള സ്പില്‍ ഓവര്‍ പ്രോജക്ടുകള്‍ ഇല്ലെന്ന ഉത്തരവ് ഇറങ്ങിയതോടെ എങ്ങനെയും അനുവദിച്ച പണം ചെലവാക്കാനുള്ള ശ്രമത്തിലാണ് പഞ്ചായത്തുകള്‍. അനുവദിച്ച പണം ചെലവാക്കിയില്ലെങ്കില്‍ അടുത്ത വര്‍ഷത്തെ വിഹിതത്തില്‍ കുറവ് ഉണ്ടാകും. നൂറ് ശതമാനം ചെലവാക്കിയാല്‍ വിഹിതത്തില്‍ വര്‍ദ്ധനയും പ്രതീക്ഷിക്കാം. എന്നാല്‍ സംസ്ഥാനത്ത് 37  പഞ്ചായത്തുകളില്‍ മാത്രമെ 100 ശതമാനം തുക വിനിയോഗിക്കാന്‍ കഴിഞ്ഞുള്ളു. 

കഴിഞ്ഞ ദിവസമാണ് സ്പില്‍ ഓവര്‍ പ്രോജക്ടുകള്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി ധനവ്യയ സെക്രട്ടറി ഉത്തരവിറക്കിയത്. എന്നാല്‍ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ ഇറക്കിയ ഉത്തരവ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കനത്ത പ്രഹരമായി. ഒരു പദ്ധതി ഏറ്റെടുത്ത്, ഭൗതികവും സാമ്പത്തികവുമായ കാരണങ്ങളാല്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരുന്ന സാഹചര്യത്തിലാണ് അടുത്ത വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്പില്‍ ഓവറായി കണക്കാക്കുന്നത്. ഇത് പട്ടിക വിഭാഗങ്ങള്‍ക്കായി നടത്തുന്ന ക്ഷേമ പദ്ധതികളെയും നിര്‍മാണങ്ങളെയും ഗുരുതരമായി ബാധിക്കും. അങ്കണവാടി, സ്‌കൂള്‍ കെട്ടിടങ്ങള്‍ തുടങ്ങിയവ ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാകാറില്ല. ഇത്തരം നിര്‍മാണങ്ങള്‍ പാതിവഴിയില്‍ മുടങ്ങാനുള്ള സാധ്യതയുണ്ടെന്ന് തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ പറയുന്നു. 

നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് നിര്‍മ്മാണങ്ങളുടെയും മറ്റും ബില്ലുകള്‍ കൂടുതലും മാറുന്നത്. എന്നാല്‍ ട്രഷറി നിയന്ത്രണം മൂലം ബില്ലുകള്‍ മാറുന്നതിന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ തദ്ദേശ സ്ഥാപനങ്ങളിലെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലായി. ഇനിയും 300 കോടി രൂപയോളം സര്‍ക്കാര്‍ കൈമാറാനുണ്ട്. 12,000ല്‍ അധികം ബില്ലുകള്‍ ഇനിയും പാസാകാനുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.