മിന്നിത്തിളങ്ങി റയൽ

Tuesday 20 March 2018 4:25 am IST
"undefined"

മാഡ്രിഡ്: സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ നാല് ഗോള്‍ പ്രകടനത്തില്‍ റയല്‍ മാഡ്രിഡിന് മിന്നുന്ന ജയം. ലാ ലീഗയില്‍ നടന്ന മത്സരത്തില്‍ മൂന്നിനെതിരെ ആറ് ഗോളുകള്‍ക്ക് റയല്‍ ഗിറോണയെ തകര്‍ത്തുവിട്ടു. ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ മാത്രം പിറന്നപ്പോള്‍ രണ്ടാം പകുതിയില്‍ 7 ഗോളുകള്‍ വീണു. കരിയറില്‍ ക്രിസ്റ്റിയാനോയുടെ 50-ാം ഹാട്രിക്കാണിത്. സീസണിന്റെ തുടക്കത്തില്‍ ഫോമിലല്ലാതിരുന്ന ക്രിസ്റ്റിയാനോ അവസാന 11 കളികളില്‍ നിന്ന് 21 ഗോളുകളാണ് അടിച്ചുകൂട്ടിയത്. 

പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും മുന്നിട്ടുനിന്ന റയല്‍ 11-ാം മിനിറ്റിലാണ് ആദ്യ ഗോള്‍ നേടിയത്. ടോണി ക്രൂസ് എടുത്ത കോര്‍ണര്‍ കിക്കില്‍ നിന്നാണ് ആദ്യ ഗോള്‍. ബോക്‌സിലേക്ക് വന്ന കിക്ക് സ്വീകരിച്ച് റൊണാള്‍ഡോ ഇടംകാലുകൊണ്ട് പായിച്ച ഷോട്ടാണ് വലയില്‍ കയറിയത്. തുടര്‍ന്ന് നാലോളം അവസരങ്ങള്‍ ഗിറോണ ഗോളി രക്ഷപ്പെടുത്തി. ഇടയ്ക്ക് അവരും മികച്ച മുന്നേറ്റങ്ങള്‍ നടത്തി. 29-ാം മിനിറ്റില്‍ സമനില ഗോള്‍ പിറന്നു. അലക്‌സ് ഗ്രാനലിന്റെ ക്രോസ് നല്ലൊരു ഹെഡ്ഡറിലൂടെ സ്റ്റുവാനി വലയിലെത്തിക്കുകയായിരുന്നു (1-1). ഇതോടെ ആദ്യപകുതി തുല്യതയില്‍ പിരിഞ്ഞു. രണ്ടാം പകുതി ആരംഭിച്ച് രണ്ട് മിനിറ്റായപ്പോഴേക്കും റയല്‍ ലീഡ് ഉയര്‍ത്തി.

ക്രിസ്റ്റിയാനോയുടെ ഇടംകാലന്‍ ഷോട്ടാണ് ഇത്തവണയും ലക്ഷ്യത്തിലെത്തിയത്. 59-ാം മിനിറ്റില്‍ മൂന്നാം ഗോളും നേടി. ക്രിസ്റ്റ്യാനോയുടെ പാസില്‍ നിന്ന് ലൂക്കാസ് വാസ്‌ക്വസാണ് ലക്ഷ്യം കണ്ടത്. അഞ്ച് മിനിറ്റിനുശേഷം ക്രിസ്റ്റിയാനോ ഹാട്രിക്ക് തികച്ചു. കരിം ബെന്‍സേമയുടെ ഷോട്ട് ഗിറോണ ഗോളി രക്ഷപ്പെടുത്തിയെങ്കിലും റീബൗണ്ട് പന്ത് ക്രിസ്റ്റിയാനോ വലയിലെത്തിക്കുകയായിരുന്നു (4-1). മൂന്ന് മിനിറ്റിനുശേഷം ഗിറോണ ഒരു ഗോള്‍ കൂടി മടക്കി. ബോര്‍ജ ഗാര്‍ഷ്യയുടെ പാസില്‍ നിന്ന് ഇത്തവണയും ലക്ഷ്യം കണ്ടത് സ്റ്റുവാനി (4-2). പിന്നീട് 86-ാം മിനിറ്റില്‍ ഗരെത് ബെയ്‌ലും ഗോള്‍ നേടിയതോടെ റയല്‍ 5-2ന് മുന്നില്‍. രണ്ട് മിനിറ്റിനുശേഷം ലോപസ് ഗിറോണയുടെ ഒരു ഗോള്‍ കൂടി മടക്കി. ഒടുവില്‍ പരിക്ക് സമയത്തിന്റെ ആദ്യ മിനിറ്റില്‍ ക്രിസ്റ്റിയാനോ തന്റെ നാലാം ഗോളും നേടിയതോടെ റയലിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയായി. വിജയത്തോടെ 29 കൡകളില്‍ നിന്ന് 60 പോയിന്റുമായി റയല്‍ മൂന്നാമതാണ്. 

മറ്റൊരു മത്സരത്തില്‍ ഒന്നാമതുള്ള ബാഴ്‌സലോണ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അത്‌ലറ്റിക് ബില്‍ബാവോയെ കീഴടക്കി. കളിയുടെ എട്ടാം മിനിറ്റില്‍ അല്‍കാസറും 30-ാം മിനിറ്റില്‍ മെസ്സിയുമാണ് ഗോള്‍ നേടിയത്. 29 കളികളില്‍ നിന്ന് 75 പോയിന്റുമായി ഒന്നാമതുള്ള ബാഴ്‌സ കിരീടത്തിലേക്ക് കുതിക്കുകയാണ്. രണ്ടാമതുള്ള അത്‌ലറ്റികോ മാഡ്രിഡ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വിയ്യാറയലിനോട് തോറ്റു. തോല്‍വിയോടെ ഒന്നാമതുള്ള ബാഴ്‌സയേക്കാള്‍ 11 പോയിന്റുകള്‍ക്ക് പിന്നിലായി അത്‌ലറ്റികോ. അത്‌ലറ്റികോയെ തോല്‍പ്പിച്ച വിയ്യാറയല്‍ 47 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.