കാർത്തിക്കിന് ഏഴാമനായി ഇറങ്ങാൻ താൽപര്യമില്ലായിരുന്നുവെന്ന് രോഹിത്

Monday 19 March 2018 10:01 pm IST

കൊളംബോ: ഏഴാമനായി ഇറങ്ങേണ്ടി വന്നതില്‍ ദിനേശ് കാര്‍ത്തിക് അതൃപ്തനായിരുന്നുവെന്ന് രോഹിത് ശര്‍മ്മ. മത്സരത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിലായിരുന്നു ഇന്ത്യന്‍ നായകന്റെ വെളിപ്പെടുത്തല്‍. 13-ാം ഓവറില്‍ രോഹിത് പുറത്തായപ്പോള്‍ കാര്‍ത്തിക്കായിരുന്നു കളിക്കാന്‍ ഇറങ്ങേണ്ടിയിരുന്നത്. എന്നാല്‍ അവസാന ഓവറുകളില്‍ കാര്‍ത്തികിനെപ്പോലൊരു താരം ക്രീസിലുണ്ടായിരിക്കണമെന്ന രോഹിത്തിന്റെ തീരുമാനമാണ് അദ്ദേഹത്തെ ഏഴാമനായി ഇറക്കാനുണ്ടായ കാരണം. 

എന്നാല്‍  ഈ തീരുമാനത്തില്‍ കാര്‍ത്തിക് ആദ്യം അതൃപ്തനായിരുന്നു. മത്സരത്തിന്റെ അവസാന മൂന്നോ നാലോ ഓവറിലാകും കാര്‍ത്തിക്കിന്റെ ബാറ്റിങ്ങ് കഴിവുകള്‍ ആവശ്യമായി വരിക എന്നും ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നും തനിക്കറിയാമായിരുന്നു. അതിനാലാണ് അദ്ദേഹത്തെ ആറാമനായി ഇറക്കാഞ്ഞത്. അപ്പോള്‍ ചെറിയ ദുഃഖമുണ്ടായിരുന്നെങ്കിലും അവസാന ഓവറില്‍ കാഴ്ചവെച്ച മികച്ച പ്രകടനത്തോടെ അത് സന്തോഷമായി മാറി. കരിയര്‍ തുടങ്ങി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ആദ്യമായി ഇന്ത്യയുടെ വിജയശില്‍പ്പിയായതിന്റെ സന്തോഷത്തിലാണ് അവന്‍, രോഹിത് വ്യക്തമാക്കി. ഈ വിജയം മുന്‍പോട്ടുള്ള കരിയറില്‍ കാര്‍ത്തിക്കിന് കൂടുതല്‍ ആത്മവിശ്വാസം പകരുമെന്നും രോഹിത്ത് ശര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ടീം ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാനായത് സ്വപ്‌നതുല്യമായ നേട്ടമാണെന്ന് ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക് പറഞ്ഞു. ഫൈനലില്‍ കളിച്ച ഷോട്ടുകള്‍ നന്നായി പരിശീലിച്ചിരുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി തനിക്ക് പൂര്‍ണ പിന്തുണ തന്ന ടീം സപ്പോര്‍ട്ടിംഗ് സ്റ്റാഫിനോടാണ് ഏറെ കടപ്പാടെന്നും കിരീടം നേടാനായിരുന്നില്ലെങ്കില്‍ ടൂര്‍ണമെന്റിലെ മറ്റ് ജയങ്ങള്‍ അപ്രസക്തമായേനെ എന്നും കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു. അവസാന പന്തില്‍ ജയിക്കാന്‍ അഞ്ചു റണ്‍സെന്ന വെല്ലുവിളി കിടിലന്‍ സിക്‌സറിലൂടെ മറികടന്നാണ് കാര്‍ത്തിക് ഇന്ത്യക്ക് ജയവും കിരീടവും സമ്മാനിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.