പ്രതിഷേധം ശക്തം; ഇന്ത്യ-വിൻഡീസ് ഏകദിനത്തിന് കൊച്ചി വേദി

Tuesday 20 March 2018 4:30 am IST
"undefined"

കൊച്ചി: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് പരമ്പരയിലെ ഒരു ഏകദിനത്തിന് കൊച്ചി വേദിയാകും. നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്‌റ്റേഡിയത്തിലാണ് മത്സരം. കേരള ക്രിക്കറ്റ് അസോസിയേഷനും സ്റ്റേഡിയം ഉടമകളായ ജിസിഡിഎയും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. നേരത്തേ തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകുമെന്നായിരുന്നു സൂചന. പരമ്പരയിലെ അഞ്ചാം ഏകദിനമാണ് കൊച്ചിയില്‍ നടക്കുക.

അതേസമയം, ഫിഫ നിലവാരത്തില്‍ ഫുട്ബാളിനായി ഒരുക്കിയ സ്റ്റേഡിയം ഒറ്റദിവസത്തെ ക്രിക്കറ്റ് മത്സരത്തിനായി വിട്ടുനല്‍കുന്നതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. തീരുമാനം പുനഃപരിശോധിക്കാന്‍ ജിസിഡിഎയോട് അഭ്യര്‍ഥിക്കുന്നതിനൊപ്പം തീരുമാനത്തിനെതിരെ വിവിധ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനുമാണ് ഇവരുടെ നീക്കം. അതിനിടെ, ഐഎസ്എല്‍ മത്സരങ്ങള്‍ മുടക്കമില്ലാതെ നടത്തുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ടീം മാനേജ്‌മെന്റുമായി ജിസിഡിഎ ബുധനാഴ്ച യോഗം വിളിച്ചിട്ടുണ്ട്.

ഒരു ദിവസത്തെ ക്രിക്കറ്റ് മത്സരത്തിനായി കോടികള്‍ ചിലവഴിച്ച് നിര്‍മ്മിച്ച ലോകോത്തര നിലവാരമുള്ള പുല്‍ത്തകിടി നശിപ്പിക്കണോ എന്നാണ് ഫുട്‌ബോള്‍ ആരാധകര്‍ ചോദിക്കുന്നത്. കഴിഞ്ഞ അണ്ടര്‍ 17 ലോകകപ്പിനായാണ് പുതിയ പുല്‍ത്തകിടി വെച്ചുപിടിപ്പിച്ചത്. സ്‌റ്റേഡിയത്തിലെ പിച്ചും ഔട്ട് ഫീല്‍ഡും ഉള്‍പ്പെടെ മാറ്റിയാണ് ഗ്രൗണ്ട് ഫിഫ നിലവാരത്തില്‍ സജ്ജീകരിച്ചത്.

സ്‌റ്റേഡിയം നവീകരിച്ചതിനൊപ്പം സീറ്റുകളുടെ എണ്ണവും വെട്ടിക്കുറച്ചിരുന്നു. ക്രിക്കറ്റിനായി അഞ്ച് പുതിയ പിച്ചുകളെങ്കിലും നിര്‍മ്മിക്കേണ്ടതുണ്ട്. ഒരു മാസത്തിനകം അത് സാധ്യമെന്നാണ് കെഎസിഎ ക്യൂറേറ്റര്‍മാര്‍ നല്‍കുന്ന വിവരം. അടുത്ത ഐഎസ്എല്‍ സീസണിലാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് കൂടിയായ കലൂറ സ്‌റ്റേഡിയത്തിലേക്ക് ക്രിക്കറ്റ് എത്തുന്നത്.

അതിനിടെ സ്‌റ്റേഡിയം ക്രിക്കറ്റിനായി വിട്ടുകൊടുക്കാനുള്ള തീരുമാനത്തിനെതിരെ ബ്ലാസ്‌റ്റേഴ്‌സ് താരം ഇയാന്‍ ഹ്യൂം രംഗത്തെത്തി. തിരുവനന്തപുരത്ത് ക്രിക്കറ്റ് സ്‌റ്റേഡിയമുള്ളപ്പോള്‍ ക്രിക്കറ്റിനായി കൊച്ചിയിലെ ഫുട്‌ബോള്‍ സ്‌റ്റേഡിയം തെരഞ്ഞെടുത്തത് എന്തിനാണെന്നും ക്രിക്കറ്റിനായി ഗ്രൗണ്ടില്‍ മാറ്റം വരുത്തിയാല്‍ ഇത് പഴയ രീതിയിലാക്കാന്‍ ഏറെ പ്രയാസമാണെന്നും ഹ്യൂം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞു.

അതേസമയം, ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യപാദ ഹോം മത്സരങ്ങള്‍ നീട്ടിവച്ചാല്‍ നവംബര്‍ ഒന്നിന് തന്നെ കലൂര്‍ സ്റ്റേഡിയത്തില്‍ കളി നടത്താമെന്ന നിലപാടിലാണ് കെസിഎ. നേരത്തെ 2014ല്‍ കൊച്ചിയില്‍ ക്രിക്കറ്റ് നടന്നപ്പോള്‍ ഐഎസ്എല്‍ ഭാരവാഹികള്‍ വിട്ടുവീഴ്ചയ്ക്ക് തയറായിരുന്നു. അന്നും ഇന്ത്യ-വെസ്റ്റിന്‍ഡീസ് മല്‍സരമാണ് കൊച്ചിയില്‍ നടന്നത്. നാളെ നടക്കുന്ന ചര്‍ച്ചയില്‍ അനുകൂല തീരുമാനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ജയേഷ് ജോര്‍ജ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.