കുപ്പിവെള്ളത്തിലെ മാലിന്യം നടപടിയെടുക്കാന്‍ കഴിയില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്

Tuesday 20 March 2018 2:00 am IST
രാജ്യത്ത് വില്‍പന നടത്തുന്ന 10 കുപ്പിവെള്ളത്തില്‍ മൂന്നെണ്ണം മലിനമാണെന്ന കേന്ദ്രസര്‍ക്കാരിന്റെ റിപ്പോര്‍ട്ട് വന്നിട്ടും നടപടികളൊന്നുമെടുക്കാതെ സംസ്ഥാന ഭക്ഷ്യസുരക്ഷാവിഭാഗം.

 

കോട്ടയം: രാജ്യത്ത് വില്‍പന നടത്തുന്ന 10 കുപ്പിവെള്ളത്തില്‍ മൂന്നെണ്ണം മലിനമാണെന്ന കേന്ദ്രസര്‍ക്കാരിന്റെ റിപ്പോര്‍ട്ട് വന്നിട്ടും നടപടികളൊന്നുമെടുക്കാതെ സംസ്ഥാന ഭക്ഷ്യസുരക്ഷാവിഭാഗം. 

കര്‍ശനമായ നടപടിയെടുക്കുമെന്ന് കേന്ദ്ര ഭക്ഷ്യവകുപ്പു മന്ത്രി തന്നെ പറഞ്ഞിട്ടും നോക്കുകുത്തിയായിരിക്കുകയാണ് സംസ്ഥാന ഭക്ഷ്യവകുപ്പ്. കേരളത്തില്‍ വില്‍പന നടത്തുന്ന അറുനൂറിലേറെ കുപ്പിവെള്ള യൂണിറ്റുകളില്‍ 142 എണ്ണത്തിനു മാത്രമാണ് ഐഎസ്‌ഐ മുദ്രയും ഭക്ഷ്യസുരക്ഷാവകുപ്പിന്റെയും അംഗീകാരമുള്ളത്. നിലവില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ഉത്തരവുകളൊന്നും ഇല്ലാത്തതിനാല്‍ ജില്ലാതലത്തില്‍ പരിശോധന തുടങ്ങാനും ഭക്ഷ്യസുരക്ഷാവകുപ്പ് അധികൃതര്‍ക്ക് കഴിയുന്നില്ല. ജലജന്യരോഗങ്ങള്‍ പടര്‍ന്നു പിടിക്കുമ്പോഴാണ് കുപ്പിവെള്ളത്തിന്റെ ശുദ്ധത സംബന്ധിച്ചുള്ള പരിശോധനകള്‍ക്ക് വകുപ്പ് നിര്‍ദ്ദേശം നല്‍കാത്തത്. 

ബിഐഎസ് രേഖയില്ലാതെ കുപ്പിവെള്ളം വില്‍പന നടത്തുന്നവര്‍ക്കെതിരെ നോട്ടീസ് അയക്കുമെന്നും ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ചുള്ള നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പരാതി ലഭിച്ചാല്‍ മാത്രമെ നടപടിയെടുക്കൂവെന്നാണ് അധികൃതരുടെ പക്ഷം. നടപടിക്ക് നിര്‍ദ്ദേശമില്ല കുപ്പിവെള്ളം സംബന്ധിച്ച പരിശോധനകള്‍ക്ക് പ്രത്യേക നിര്‍ദ്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന്  ജില്ലാ ഭക്ഷ്യസുരക്ഷ അസി. കമ്മീഷണര്‍. നിര്‍ദ്ദേശം ലഭിച്ചാല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ വഴിയോരങ്ങളിലെ ശീതളപാനീയ കടകളില്‍ പരിശോധന നടത്താന്‍ ഏപ്രില്‍ മുതല്‍ ശക്തമായ നടപടികള്‍ തുടങ്ങും. ഇതിനായി പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ഭക്ഷ്യവകുപ്പിന്റെ ലൈസന്‍സില്ലാത്ത വ്യാപാരികള്‍ക്കായി പഞ്ചായത്ത് തലത്തില്‍  മേള നടത്തും.  അംഗീകൃത രേഖകളുമായി വ്യാപാരികള്‍ക്ക് ഇതില്‍ പങ്കെടുക്കാം. ആദ്യഘട്ടമായി ജില്ലയിലെ 7 പഞ്ചായത്തുകളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.