അവിശ്വാസ നീക്കം വീണ്ടും പാളി

Tuesday 20 March 2018 4:45 am IST
"undefined"

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കം പാര്‍ലമെന്റില്‍ വീണ്ടും പാളി. കാവേരി പ്രശ്‌നമുയര്‍ത്തിയ എഐഎഡിഎംകെ അംഗങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നലെയും ലോക്‌സഭയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനായില്ല.

അവിശ്വാസ നോട്ടീസില്‍ ഒപ്പിടാന്‍ 50 അംഗങ്ങളുടെ പിന്തുണ നേടാനാവാത്തത്ര ദുര്‍ബലമാണ് പ്രതിപക്ഷത്തെ ഐക്യമെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇന്നലെ ലോക്‌സഭയിലെ കാഴ്ചകള്‍. എത്രപേര്‍ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുന്നു എന്നത് സ്പീക്കര്‍ വ്യക്തമാക്കിയില്ലെങ്കിലും അമ്പതു പേരുടെ പിന്തുണയില്ലെന്ന് പ്രതിപക്ഷ അനൈക്യം സൂചിപ്പിച്ചു. അവിശ്വാസ പ്രമേയം സഭയില്‍ അവതരിപ്പിക്കാന്‍ കുറഞ്ഞത് അമ്പതുപേരുടെ പിന്തുണയാണാവശ്യം.

കാവേരി നദീജല ബോര്‍ഡ് രൂപീകരണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടാണ് എഐഎഡിഎംകെ അംഗങ്ങള്‍ ലോക്‌സഭയില്‍ പ്രതിഷേധിച്ചത്. നടുത്തളത്തിലിറങ്ങിയുള്ള പ്രതിഷേധത്തെ തുടര്‍ന്ന് നടപടികള്‍ നടത്താനാവാതെ സഭ പിരിഞ്ഞു. നടുത്തളത്തിലെ ബഹളങ്ങളുടെ പശ്ചാത്തലത്തില്‍ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാതിരിക്കാന്‍ സ്പീക്കര്‍ക്ക് അധികാരമുണ്ട്. ബഹളം നിര്‍ത്തിയാല്‍ ചര്‍ച്ചയാവാമെന്ന സ്പീക്കറുടെ നിര്‍ദ്ദേശം പ്രതിപക്ഷ കക്ഷികള്‍ തള്ളിയതോടെ അവിശ്വാസ നീക്കവും പാളി. 

എഐഎഡിഎംകെയ്ക്ക് പിന്നാലെ ടിആര്‍എസും അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കിയത് പ്രതിപക്ഷത്തിന് തിരിച്ചടിയായി. ഇരു പാര്‍ട്ടികളും ഇന്നലെ സഭയില്‍ ബഹളമുണ്ടാക്കിയത് ടിഡിപിയുടെയും വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെയും അവിശ്വാസ നീക്കത്തിന് തിരിച്ചടിയായി. കാവേരി ബോര്‍ഡ് രൂപീകരിച്ചാല്‍ എന്‍ഡിഎയെ പിന്തുണയ്ക്കുമെന്ന് എഐഎഡിഎംകെ അറിയിച്ചിട്ടുണ്ട്. 

അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ശ്രമം എഐഎഡിഎംകെ മനപ്പൂര്‍വ്വം തടസ്സപ്പെടുത്തുകയായിരുന്നെന്ന് സമാജ് വാദി പാര്‍ട്ടി എംപി രാംഗോപാല്‍ യാദവ് ആരോപിച്ചു. അവിശ്വാസ പ്രമേയം അടക്കമുള്ള പ്രതിപക്ഷം ഉന്നയിക്കുന്ന ഏതു വിഷയവും ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് സഭയെ അറിയിച്ചു. അവിശ്വാസ പ്രമേയം കൊണ്ടുവന്ന ശേഷം പ്രമേയം അവതരിപ്പിക്കാന്‍ തയ്യാറാവാതെ സഭയില്‍ ബഹളമുണ്ടാക്കുന്ന വിചിത്ര നിലപാടാണ് പ്രതിപക്ഷത്തിന്റേതെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിങ് കുറ്റപ്പെടുത്തി. രാജ്യസഭയിലും പ്രതിപക്ഷബഹളത്തെ തുടര്‍ന്ന് ഇന്നലെ സഭാനടപടികള്‍ തടസ്സപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.