പോലീസ് പരിഷ്‌കാരങ്ങളെ വിമര്‍ശിച്ച് പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍

Tuesday 20 March 2018 3:09 pm IST
"undefined"

കോഴിക്കോട്: പോലീസ് സേനയിലെ പരിഷ്‌കാരങ്ങള്‍ക്കെതിരേ കോഴിക്കോട് ജില്ലാ പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍. പരിഷ്‌കാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നവര്‍ക്ക് സ്റ്റേഷന്‍ നടപടികളുടെ പ്രാഥമിക കാര്യങ്ങളും അറിയാത്തവരാണെന്നും 'കാക്കി' മാറ്റാന്‍ മനസില്ലാത്ത പരിഷ്‌കാരക്കാര്‍ക്ക് കൊളോണിയല്‍ സാംസ്‌കാരിക മനസാണെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.കോഴിക്കോട് സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.പി. അബ്ദുള്‍ റസാഖാണ് അസോസിയേഷന്റെ ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം നടത്തിയത്. 

ജോലി ഭാരവും മനഃസംഘര്‍ങ്ങളും മൂലം 30 വയസെത്താത്ത എസ് ഐ മാര്‍ പോലും രോഗബാധിതരാകുന്നു. ആഴ്ചയില്‍ ഒരവധിയെങ്കിലും നല്‍കിയാല്‍ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളുവെന്ന് അബ്ദുള്‍ റസാഖ് പറഞ്ഞു. പോലീസ് സേന ഇപ്പോഴും കൊളോണിയല്‍ സംസ്‌കാരത്തില്‍ നിന്ന് മുക്തമായിട്ടില്ല. ലോകത്തുള്ള മുഴുവന്‍ രാജ്യങ്ങളിലും പോലീസില്‍ നിന്ന് കാക്കി ഉപേക്ഷിച്ചു. യൂണിഫോം പരിഷ്‌കരണ കമ്മിറ്റി കാക്കി മതിയെന്ന നിലപാടിലാണ്. യൂണിഫോം മാറ്റത്തിന് പോലീസിലെ ഉന്നതര്‍ അനുവദിക്കിത്തതിന് കാരണം അവര്‍ കൊളോണിയല്‍ സംസ്‌കാരത്തിന്റെ ശേഷിപ്പായത് കൊണ്ടാണെന്നും റസാഖ് തുടര്‍ന്നു. 

പോലീസ് സ്റ്റേഷനില്‍ എന്താണ് നടക്കുന്നത് എന്നറിയാത്ത  ഉദ്യോഗസ്ഥരാണെന്ന് പരിഷ്‌കാരങ്ങളുമായി വരുന്നതെന്ന് അബ്ദുള്‍ റസാഖ് വിമര്‍ശിച്ചു. പരിഷ്‌കാരത്തിന്റെ ഭാഗമായി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരെ (സിഐ) സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ്എച്ച്ഒ) മാരാക്കി. എന്നാല്‍ ജോലി ഭാരമുള്ള സ്റ്റേഷനുകളില്‍ ഇപ്പോഴും എസ്ഐ മാര്‍തന്നെയാണ് എസ്എച്ച്ഒ. അത്തരം സ്റ്റേഷനുകളില്‍ കൊലപാതകം പോലുള്ള പ്രധാന കേസുകള്‍ പഴയ സിഐ അന്വേഷിക്കണം എന്നാണ് ഉന്നതരുടെ ഉത്തരവ്. 

ആദ്യ ദിവസത്തെ അന്വേഷണം കഴിഞ്ഞ് കേസ് ഡയറി കൈമാറിയാല്‍ സിഐയുടെ ജോലി കഴിഞ്ഞു. പ്രതിയെ കണ്ടെത്തലും തെളിവുകള്‍ ശേഖരിക്കലുമെല്ലാം താരതമ്യേന പരിചയ സമ്പത്തില്ലാത്ത എസ്ഐമാര്‍ ചെയ്യണം. ഇത്തരം എല്ലാ കേസുകളിലും കോടതിയില്‍ നിന്ന് പഴി കേള്‍ക്കേണ്ടി വരുന്നതാണ് അനുഭവം, അബ്ദുള്‍ റസാഖ് പറഞ്ഞു.

സ്റ്റേഷന്‍ പ്രവര്‍ത്തനത്തിനുതന്നെ ആവശ്യത്തിനാളില്ലാതിരിക്കെയാണ് പിങ്ക് പോലീസ്, ചൈല്‍ഡ് ഫ്രണ്ട് ലി സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങള്‍. ഇത്തരം പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നവര്‍ പോലീസ് സ്റ്റേഷന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങളെ അവഗണിക്കുന്നു. സ്റ്റേഷന്‍ കാര്യങ്ങര്‍ അറിയാത്തവരാണ് ഇത്തരം പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നത്, അദ്ദേഹം തുടര്‍ന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.