ചെറുപുഴ മേഖലയില്‍ കോണ്‍ഗ്രസില്‍ പോര് മൂര്‍ച്ഛിക്കുന്നു; നേതാക്കള്‍ രാജിക്കൊരുങ്ങി, പ്രവര്‍ത്തകന് മര്‍ദ്ദനം

Tuesday 20 March 2018 5:36 pm IST

 

ചെറുപുഴ: ചെറുപുഴ പഞ്ചായത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുള്ള ഗ്രൂപ്പ് പോര് പുതിയ തലത്തിലേക്ക്. പഞ്ചായത്ത് ഭരണമാറ്റത്തോടെ ഉടലെടുത്ത രാജി തുടരുന്നു. മണ്ഡലം ഭാരവാഹിയായിരുന്ന കെ.ദാമോദരന്‍ മാസ്റ്റര്‍, ഐഎന്‍ടിയുസി നേതാവ് തോമസ് കുഴിമറ്റം എന്നിവര്‍ക്ക് പിന്നാലെ ഐഎന്‍ടിയുസി നേതാവും കാക്കേന്‍ ചാല്‍ ലേബര്‍ കോഓപ്പറേറ്റിവ് സൊസൈറ്റി പ്രസിഡണ്ടും, ജനശ്രീ മിഷന്‍ കോ-ഓര്‍ഡിനേറ്ററുമായ പി.ആര്‍.വിജയനും കഴിഞ്ഞ ദിവസം രാജിവച്ചു.

കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെ നിലപാടുമൂലമാണ് പഞ്ചായത്ത് ഭരണം നഷ്ടമായതെന്ന ആരോപണം ശക്തമായി നിലനില്‍ക്കെ കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് ഓഫീസ് തറക്കല്ലിടല്‍ ചടങ്ങ് ബഹിഷ്‌ക്കരിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി ആഹ്വാനം ചെയ്തിട്ടും ഐ ഗ്രൂപ്പിന്റെ നേതാവായ മുന്‍ കെപിസിസി എക്‌സിക്യൂട്ടീവ് അംഗം കെ.കുഞ്ഞികൃഷ്ണന്‍ നായരും എ ഗ്രൂപ്പ് നേതാവായ മുന്‍ കെപിസിസി മെമ്പര്‍ വി.കൃഷ്ണന്‍ മാസ്റ്ററും സജീവമായി പങ്കെടുത്തു. ഇതില്‍ പ്രതിഷേധിച്ച് ഭാരവാഹിസ്ഥാനങ്ങള്‍ രാജിവെക്കാനൊരുങ്ങുകയാണ് ബ്ലോക്ക് പ്രസിഡണ്ടും മണ്ഡലം പ്രസിഡണ്ടും മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും ഉള്‍പ്പെടെയുള്ളവര്‍. കോണ്‍ഗ്രസിലെ ഈ രണ്ട് നേതാക്കളുടെ സ്തുതിപാഠകര്‍ക്ക് മാത്രമേ നിലനില്‍പ്പുള്ളൂ എന്ന നില മാറണമെന്നാണ് പ്രവര്‍ത്തകരുടെ വികാരം. 

അതേസമയം കര്‍ഷക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ജപ്തി നടപടിക്കെതിരെ കാര്‍ഷിക വികസന ബാങ്കിനു മുന്നില്‍ സമരം നടത്തിയവരെ ചെറുപുഴയിലെ കോണ്‍ഗ്രസ് നേതൃത്വം അവഗണിച്ചതായും ഇതിന്റെ ഫലമായി സമരത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ജോബി പനന്താനത്തെ സിപിഎം ലോക്കല്‍ കമ്മറ്റിയംഗത്തിന്റെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചതായും അറിയുന്നു. ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന സാധാരണ പ്രവര്‍ത്തകരെ നേതാക്കളുടെ സ്വാര്‍ത്ഥ താത്പര്യത്തിനായി ബലിയാടാക്കുകയാണെന്നും രാജിവെച്ച നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.