പൂരക്കളി വെബ്‌സൈറ്റ് പ്രകാശനം ചെയ്തു

Tuesday 20 March 2018 5:36 pm IST

 

ചെറുവത്തൂര്‍: ഉത്തരകേരളത്തിലെ അനുഷ്ഠാന കലാരൂപമായ പൂരക്കളിയുടെയും മറത്തുകളിയുടെയും തനിമ ചോരാതെ കാലങ്ങളോളം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ കൃപാസ് തൃക്കരിപ്പൂരിന് വേണ്ടി പൂരക്കളി പണ്ഡിതന്‍ പി.സി.വിശ്വംഭരന്‍ പണിക്കര്‍ തയ്യാറാക്കിയ പൂരക്കളി വെബ്‌സൈറ്റും പൂരക്കളി രംഗത്തെ കുലപതി കെ.വി.പൊക്കന്‍ പണിക്കരുടെ ജീവിത വഴികള്‍ ആസ്പദമാക്കി രചിച്ച 'സപര്യ' ഡോക്യുമെന്ററിയും പ്രകാശനം ചെയ്തു. ഉദ്ഘാടന ചടങ്ങിനെ തുടര്‍ന്ന് നടന്ന പാണ്ഡിത്യ സദസ് അറിവിന്റെ മേളയായി. 

ചെറുവത്തൂര്‍ സീമൗണ്ട് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഫോക്‌ലോര്‍ അക്കാദമി മുന്‍ സെക്രട്ടറി എം.പ്രദീപ്കുമാര്‍ വെബ്‌സൈറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കേരള പൂരക്കളി അക്കാദമി സെക്രട്ടറി കെ.വി.മോഹനന്‍ സപര്യ ഡോക്യുമെന്ററി പ്രകാശനം ചെയ്തു. കെ.വി.പൊക്കന്‍ പണിക്കര്‍ ഭദ്രദീപം കൊളുത്തി. ഉദ്ഘാടന പരിപാടിയില്‍ എം.അപ്പുപ്പണിക്കര്‍ അധ്യക്ഷത വഹിച്ചു. വെബ്‌സൈറ്റ് എം.കുഞ്ഞികൃഷ്ണന്‍ പണിക്കര്‍ കാടങ്കോടും കൃപാസിനെ എം മധുപണിക്കറും പരിചയപ്പെടുത്തി. ചടങ്ങില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് ഏരിയാ കമ്മറ്റി അംഗമായി തെരെഞ്ഞെടുക്കപ്പെട്ട എം.വി.തമ്പാന്‍ പണിക്കറെ പൂരക്കളി അക്കാദമി ഡയറക്ടര്‍ വെള്ളൂര്‍ പി കൃഷ്ണന്‍ പൊന്നാടയണിയിച്ചു ആദരിച്ചു. പി.സി.വിശ്വംഭരന്‍ പണിക്കര്‍ സ്വാഗതം പറഞ്ഞു. പൂരക്കളി മറത്തുകളി ആചാര്യന്മാരും പണിക്കന്മാരും പ്രത്യേകം ക്ഷണിതാക്കളും സംബന്ധിച്ചു. തുടര്‍ന്ന് പ്രമോദ് അപ്യാലിന്റെ ശിക്ഷണത്തില്‍ പടന്നക്കാട് നെഹ്‌റു കോളേജ് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച പൂരക്കളി പ്രദര്‍ശനമുണ്ടായി. അന്തരിച്ച സാംസ്‌ക്കാരിക പ്രമുഖന്‍ സുകുമാര്‍ അഴീക്കോട് പൂരക്കളിയെക്കുറിച്ച് നടത്തിയ പ്രസംഗം ആമുഖമായി ഉള്‍പ്പെടുത്തിയാണ് വെബ്‌സൈറ്റ് തയ്യാറാക്കിയത്. പൂരക്കളിയിലെ പതിനെട്ട് നിറങ്ങളും താംബൂലം മുതലുള്ള മറത്തുകളിയും വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.    

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.