വിദ്യാര്‍ഥികളിലെ ലഹരി ഉപയോഗം തടയാന്‍ രക്ഷാകര്‍തൃസമിതികള്‍ ഇടപെടണം

Tuesday 20 March 2018 5:37 pm IST

 

കണ്ണൂര്‍: വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചും അല്ലാതെയും വിദ്യാര്‍ഥികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം തടയാന്‍ രക്ഷാകര്‍തൃസമിതികളുടെ കൂടി പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് ജില്ലാതല ജനകീയ കമ്മറ്റിയോഗം ആവശ്യപ്പെട്ടു. എക്‌സൈസ്-വിദ്യാഭ്യാസ വകുപ്പുകള്‍ക്കൊപ്പം രക്ഷാകര്‍ത്താക്കള്‍ കൂടി ജാഗ്രത പാലിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ പുരോഗതി കൈവരിക്കാനാവൂ എന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച എഡിഎം ഇ.മുഹമ്മദ് യൂസുഫ് പറഞ്ഞു. മക്കളുടെ പെരുമാറ്റരീതികളിലുണ്ടാവുന്ന മാറ്റങ്ങള്‍ സശ്രദ്ധം നിരീക്ഷിക്കുകയും തെറ്റായ കൂട്ടുകെട്ടുകള്‍ നിരുല്‍സാഹപ്പെടുത്തുകയും ചെയ്യാന്‍ രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി.വി.സുരേന്ദ്രന്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം വലിയ തോതില്‍ വര്‍ധിച്ചുവരികയാണ്. ജീവിതത്തില്‍ ആസ്വാദനം തേടിയുള്ള യാത്രയില്‍ ഭാവിയെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ അവര്‍ ചിന്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വിപത്ത് നേരിടാന്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ എക്‌സൈസ് വകുപ്പ് ഊര്‍ജിതമാക്കിയതായും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ മാസം ജില്ലയിലെ 206 സ്‌കൂളുകളിലും കോളേജുകളിലും ബോധവല്‍ക്കരണ ക്ലാസ്സുകളും ലഹരിക്കെതിരായ നാടകവും സി.ഡി പ്രദര്‍ശനവും സംഘടിപ്പിച്ചു. 194 വിദ്യാലയങ്ങളില്‍ ലഹരിവിരുദ്ധ ക്ലബ്ബുകള്‍ രൂപീകരിച്ചിട്ടുണ്ട്. എക്‌സൈസ് വകുപ്പ് ജില്ലയില്‍ നടത്തിയ പരിശോധനകളില്‍ 983 ഗ്രാം കഞ്ചാവ്, 710 കി. ഗ്രാം പാന്‍മസാല, 2148 ലിറ്റര്‍ വാഷ്, 102.21 ലിറ്റര്‍ വിദേശ മദ്യം, 95.505 ലിറ്റര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള മദ്യം, 14 ലിറ്റര്‍ ചാരായം, 400 മി. ലിറ്റര്‍ വൈന്‍, 70 ലിറ്റര്‍ കള്ള്, 6 ഗ്രാം ഹെറോയിന്‍ എന്നിവ പിടിച്ചെടുക്കുകയുണ്ടായി.

2017 ലെ വിശിഷ്ട സേവനത്തിനുള്ള എക്‌സൈസ് അവാര്‍ഡിന് അര്‍ഹനായ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി.വി.സുരേന്ദ്രനെ യോഗം അഭിനന്ദിച്ചു. യോഗത്തില്‍ ചൊക്ലി പഞ്ചായത്ത് അംഗം ടി.കെ.ജലജ, എരഞ്ഞോളി പഞ്ചായത്ത് അംഗം കെ.ഷീബ, സമിതി അംഗങ്ങളായ വായക്കാടി ബാലകൃഷ്ണന്‍, പി.ടി.സുഗുണന്‍, കെ.കെ.രാജന്‍, കെ.പി.പുരുഷോത്തമന്‍, ജോണ്‍സണ്‍, പി.വി.രവീന്ദ്രന്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.