സര്‍ക്കാരിന്റെ മദ്യനയം സാധാരണ ജനങ്ങളോടുളള വെല്ലുവിളിയാണെന്ന്

Tuesday 20 March 2018 6:20 pm IST

 

പയ്യാവൂര്‍: കഴിഞ്ഞ സര്‍ക്കാര്‍ സദുപദേശപരമായി നടപ്പിലാക്കിയ മദ്യനയം കോടതിവിധിയുടെ മറവില്‍ അട്ടിമറിക്കുവാനുളള എല്‍ഡിഎഫ് സര്‍ക്കാരിന്റെ ശ്രമം സമാധാനകാംക്ഷികളായ സാധാരണ ജനങ്ങളോടുളള വെല്ലുവിളിയാണെന്ന് തലശ്ശേരി അതിരൂപതാ കത്തോലിക്കാ കോണ്‍ഗ്രസ് വ്യക്തമാക്കി. മദ്യനയത്തെ സംബന്ധിച്ച് സുപ്രീംകോടതിയില്‍നിന്നുതന്നെ വ്യത്യസ്ത വിധികളുണ്ടായിരിക്കേ മദ്യമുതലാളിമാരെ പ്രീണിപ്പിക്കുന്ന നയവുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത് തികച്ചും കാപട്യമാണ്. ബാര്‍ക്കോഴ വിഷയവും പൊക്കിപ്പിടിച്ച് ബഹളം സ്യഷ്ടിച്ചു നടന്നവര്‍ അന്ന് ബാര്‍ മുതലാളിമാര്‍ക്ക് കൊടുത്ത വാക്കുകള്‍ക്ക് പുതിയ മാനം നല്‍കുന്ന പ്രവര്‍ത്തികളാണ് സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ആരോപിച്ചു.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടവര്‍തന്നെ മുക്കിലും മൂലയിലും മദ്യഷാപ്പുകള്‍ അനുവദിക്കുവാന്‍ പഴുതന്വേഷിച്ച് നടക്കുന്നതു കാണുമ്പോള്‍ എല്ലാം ശരിയാക്കുന്നതിന്റെ ഭാഗമാണോ തങ്ങളുടെ ഈ മദ്യനയമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ വ്യക്തമാക്കണം. നാട്ടില്‍ നടമാടുന്ന സകലമാനതിന്മകളുടെയും മൂലകാരണം ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം മൂലമാണെന്ന് സമ്മതിക്കുകയും മറുവശത്ത് യഥേഷ്ടം അനുവദിക്കുകയും ചെയ്യുന്ന സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് തിരുത്തിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ഭാരവാഹികളുടെ യോഗം മുന്നറിയിപ്പ് നല്‍കി. യോഗത്തില്‍ പ്രസിഡന്റ് ദേവസ്യ കൊങ്ങോല അധ്യക്ഷതവഹിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.