മെഡി. കോളേജ് ആശുപത്രിയുടെ അവസ്ഥ പരിതാപകരം

Wednesday 21 March 2018 1:22 am IST


ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ഒഴിവുകള്‍ നികത്തുന്നില്ല, ആശുപത്രിയുടെ പ്രവര്‍ത്തനം താളംതെറ്റുന്നു. ഒരു വിഭാഗത്തിലും മതിയായ ഡോക്ടര്‍മാരില്ലാത്ത അവസ്ഥയാണ്. അത്യാസന്ന നിലയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളെ പരിശോധിക്കുന്നതിനുപോലും ഡോക്ടര്‍മാരില്ല.
 തീവ്രപരിചരണ വിഭാഗത്തിലുണ്ടാകേണ്ട വിദഗ്ധ ഡോക്ടര്‍മാരും അനസ്തേഷ്യ നല്‍കുന്ന ഡോക്ടര്‍മാരുമില്ലാത്തതിനാല്‍ അത്യാസന്ന നിലയില്‍ പ്രവേശിപ്പിക്കുന്ന രോഗികളെ മറ്റ് ആശുപത്രികളിലേയ്ക്ക് റഫര്‍ ചെയ്യേണ്ട സ്ഥിതിയാണുള്ളത്. അതോടൊപ്പം തന്നെ വിവിധ വിഭാഗങ്ങളിലായി 76 ഡോക്ടര്‍മാരുടെ ഒഴിവുകളും അറ്റന്‍ഡര്‍ ഗ്രേഡ്  150, അറ്റന്‍ഡര്‍ ഗ്രേഡ -രണ്ട്്   100 എന്നിങ്ങനെ ഒഴിവുകളും ക്ലീനിങ് സ്റ്റാഫിന്റെ 125 ഒഴിവുകളും നിലവിലുണ്ട്. ഇതോടൊപ്പം ന്യൂറോ സര്‍ജറി, ന്യൂറോ മെഡിസിന്‍ എന്നീ വിഭാഗങ്ങളില്‍ ഐസിയുവില്‍ ബെഡ്ഡുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാത്തതും രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.
 ഒപി വിഭാഗവും ലാബ് വിഭാഗവും ഒരേ നിലയില്‍തന്നെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ രോഗികള്‍ക്കും അവരുടെ കൂടെ എത്തുന്നവര്‍ക്കുമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ കഴിയും. പേവാര്‍ഡ് നിര്‍മ്മിക്കുകയെന്നത് നാളുകളായുള്ള ആവശ്യമാണ്. ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിന് 20 ലക്ഷം രൂപ അനുവദിച്ചെങ്കിലും ഇതുവരെ നിര്‍മ്മാണം നടന്നിട്ടില്ല.
 സിടി സ്‌കാന്‍ മെഷീന്‍ പലപ്പോഴും പ്രവര്‍ത്തനരഹിതമാണ്. പുതിയ സിടി സ്‌കാന്‍ മെഷീന്‍ വാങ്ങുന്നതിന് പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിയെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ വാങ്ങാന്‍ സാധിച്ചിട്ടില്ല. 16 ലിഫ്റ്റുകളുണ്ടെങ്കിലും ലിഫ്റ്റ് ഓപ്പറേറ്റര്‍മാരില്ലാത്തതിനാല്‍ അവ പ്രവര്‍ത്തിക്കുന്നില്ല. ഗൈനക് വാര്‍ഡില്‍ 25 രോഗികള്‍ ഇപ്പോഴും തറയിലാണ് കിടക്കുന്നത്.
 ഇവിടെ എത്തുന്ന രോഗി ജീവനോടെ തിരിച്ചുവരില്ലെന്ന ആശങ്ക സാധാരണ ജനങ്ങളില്‍ നിലനില്‍ക്കുകയാണ്.ഒഴിവുകള്‍ അടിയന്തരമായി നികത്തണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ ആവശ്യപ്പെട്ടു.
 അടിസ്ഥാനവികസനത്തിനും ജീവനക്കാരുടെ ഒഴിവുകള്‍ നികത്തുന്നതിനും നടപടി സ്വീകരിച്ചിട്ടുള്ളതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.