പാണാവള്ളി - പെരുമ്പളം ജങ്കാര്‍ ഇന്ന് പുനരാരംഭിക്കും

Wednesday 21 March 2018 2:00 am IST

 

 

പെരുമ്പളം: വാടക കുടിശികയെ മുടങ്ങിയ പാണാവള്ളി പെരുമ്പളം ജങ്കാര്‍ സര്‍വീസ് ഇന്ന് പുനരാരംഭിക്കും. പെരുമ്പളം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഷിബു, സെക്രട്ടറി ലത പി. നായര്‍, കെഎസ്‌ഐഎന്‍സി സെക്രട്ടറി രാജു, കൊമേഷ്യല്‍ മാനേജര്‍ സിറില്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയിലെത്തിയത്. 

 പഞ്ചായത്ത് ഇതോടകം 6,96,824 രൂപ കൈമാറിയതായും ഇനി ശനി, ഞായര്‍ ദിവസങ്ങളിലെ തുകയേ ഇനി നല്‍കാനുള്ളെന്നും ഷിബു പറഞ്ഞു. ഐശ്വര്യം ജങ്കാര്‍ സര്‍വീസ് നടത്തിയിരുന്നപ്പോള്‍ നിശ്ചയിച്ചിരുന്ന പ്രതിദിന വാടകയായ 9,800 രൂപ നല്‍കാന്‍ നിര്‍വാഹമില്ലെന്ന് നേരത്തെ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നതാണ്. 9,109 രൂപയാണ് നിലവില്‍ നല്‍കുന്നത്. 

 ബാക്കി തുക പഞ്ചായത്തിന് സ്വന്തം ഫണ്ടില്‍ നിന്ന് നല്‍കാന്‍ കഴിയാത്തതും കമ്പനി പറയുന്ന കണക്കിലെ അവ്യക്തതയുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. കഴിഞ്ഞ 12ന് കമ്പനി അധികാരികള്‍ പഞ്ചായത്തിന് നല്‍കിയ നോട്ടീസില്‍ 16,73,534 രൂപ കുടിശികയുള്ളതായാണ് രേഖപ്പെടുത്തിയിരുന്നതെന്നും ഇതിന് വിരുദ്ധമായി 22 ലക്ഷം രൂപ ബാധ്യതയുള്ളതായി കമ്പനി പ്രചരിപ്പിക്കുകയായിരുന്നെന്നും നോട്ടീസ് ലഭിച്ചതിന്റെ അടുത്ത ദിവസം മറുപടി നല്‍കിയിരുന്നതായും പ്രസിഡന്റ് പറഞ്ഞു.  

 സര്‍വീസ് അവസാനിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച രാത്രി ജങ്കാര്‍ കൊണ്ടുപോകാന്‍ കെഎസ്‌ഐഎന്‍സി അധികൃതര്‍ ശ്രമിച്ചെങ്കിലും നാട്ടുകാരും ജനപ്രതിനിധികളും പ്രതിഷേധം ഉയര്‍ത്തിയതോടെ നീക്കം ഉപേക്ഷിച്ച് ജങ്കാര്‍ ജെട്ടിയില്‍ കെട്ടിയിടുകയായിരുന്നു. തുടര്‍ന്ന് അടിയന്തരമായി പഞ്ചായത്ത് കമ്മിറ്റി യോഗം ചേര്‍ന്ന് കെഎസ്‌ഐഎന്‍സി അധികാരികളുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാന്‍ ധാരണയിലെത്തുകയായിരുന്നു. 

 മുന്നറിയിപ്പില്ലാതെ ജങ്കാര്‍ സര്‍വീസ് മുടങ്ങിയത് ദ്വീപ് നിവാസികളുടെ ദുരിതം ഇരട്ടിയാക്കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.