യുവാവിന്റെ മരണം; ഡ്രൈവറെ അറസ്റ്റ് ചെയ്തു

Wednesday 21 March 2018 2:00 am IST

 

അമ്പലപ്പുഴ: മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് വാഹനാപകടത്തില്‍ മരിക്കാനിടയായ സംഭവത്തില്‍ അപകടത്തിനിടയാക്കിയ വാഹനം പോലീസ് കസ്റ്റഡിയില്‍ എടുത്തു. തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ തെങ്കാശി ടിപ്പോയിലെ ബസാണ് പുന്നപ്ര പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ബസ് ഡ്രൈവര്‍ തമിഴ്നാട് സ്വദേശി പെരുമാളിനെ പൊലീസ് അറസ്റ്റ് ചെയ്തു. അപകടശേഷം നിര്‍ത്താതെപോയ ബസ് പുനലൂരില്‍ നിന്നാണ് പിടികൂടിയത്. 

   തിങ്കളാഴ്ച പുലര്‍ച്ചെ 3.45 ഓടെയാണ് തകഴി ചെക്കിടിക്കാട് നൂറുപറത്തറയില്‍ പരേതനായ തങ്കപ്പന്റെ മകന്‍ സന്തോഷ് (സുരേഷ്-45) മരിച്ചത്.  മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സന്തോഷ് രാത്രിയോടെ ചായകുടിക്കാനായി പുറത്തിറങ്ങിയതാണ്. ഏറെ നേരം കഴിഞ്ഞും മടങ്ങിയെത്താതിരുന്നതിനെതുടര്‍ന്ന് പോലീസും ബന്ധുക്കളും ചേര്‍ന്ന് നടത്തിയ തിരച്ചിലിലിനാണ്  ദേശീയപാതയോരത്ത് നിന്നും മൃതദേഹം കണ്ടെത്തിയത്. അപകടശേഷം വിവിധയിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണകാമറകളില്‍ നിന്നും ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് വാഹനത്തെ കുറിച്ചുള്ള സൂചന ലഭിച്ചത്. പുന്നപ്ര പൊലീസ് എഎസ്‌ഐ സിദ്ദിക്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ അഗസ്റ്റിന്‍, മാത്യു എന്നിവരടങ്ങുന്ന സംഘമാണ് ഡ്രൈവറെ അറസ്റ്റ് ചെയ്തത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.