പിന്നില്‍ ദുരൂഹത: കൂട്ടുപുഴയില്‍ കര്‍ണ്ണാടക വനം റവന്യൂ വകുപ്പുകളുടെ സര്‍വേ

Tuesday 20 March 2018 9:22 pm IST

 

ഇരിട്ടി : ദുരൂഹത ഉയര്‍ത്തി കേരള കര്‍ണ്ണാടക അതിര്‍ത്തിയില്‍ പുതുതായി കൂട്ടുപുഴ പാലം നിര്‍മ്മിക്കുന്ന മേഖലയില്‍ കര്‍ണ്ണാടക വനം റവന്യൂ വകുപ്പുകളുടെ സര്‍വേ. കെഎസ്ടിപി റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കേരളത്തെയും കര്‍ണ്ണാടകത്തെയും ബന്ധിപ്പിക്കുന്ന കൂട്ടുപുഴ പാലവും പുനര്‍ നിര്‍മ്മിക്കുന്നുണ്ട്. ഇതിന്റെ പ്രവര്‍ത്തികള്‍ പുരോഗമിക്കവേ കര്‍ണ്ണാടക വനം റവന്യൂ വകുപ്പുകള്‍ ചേര്‍ന്ന് കര്‍ണ്ണാടക അതിര്‍ത്തിയില്‍ പുതുതായി സര്‍വ്വേക്കല്ല് സ്ഥാപിച്ചുകൊണ്ട് ഇതിന്റെ  നിര്‍മ്മാണപ്രവര്‍ത്തികള്‍ തടഞ്ഞിരുന്നു. പ്രതിസന്ധിക്കു പരിഹാരം കാണാന്‍ കഴിയാതെ നീണ്ടുപോകുന്ന അവസ്ഥയിലാണ് ചൊവ്വാഴ്ച കര്‍ണാടകത്തിന്റെ ഭാഗത്തുനിന്നും ഇരു വകുപ്പുകളുടെയും നേതൃത്വത്തില്‍ പാലം നിര്‍മ്മാണ പ്രദേശത്തു സര്‍വേക്കെത്തിയത്. 

 നിരവധി ഫയലുകളോടെ മാപ്പുകളുമായി  പത്തോളം പേര്‍ അടങ്ങിയ  സംഘം രാവിലെ പത്ത് മണിയോടെയാണ് സ്ഥലത്ത് എത്തിയത്. ഇവര്‍ കേരളത്തിന്റെ ഭാഗത്തു നടന്നുവരുന്ന പാലം നിര്‍മാണത്തിന്റെ ഫോട്ടോ പകര്‍ത്തി. ഈ  സമയം സ്ഥലത്തെത്തിയ കേരളത്തിലെ മാദ്ധ്യമപ്രവര്‍ത്തകരെ ഇവരുടെ ഫോട്ടോ എടുക്കുന്നതില്‍ നിന്നും സംഘം വിലക്കി. മാധ്യമ പ്രവര്‍ത്തകര്‍ ആണെന്ന് അറിഞ്ഞതോടെ സംഘത്തലവന്‍ അവര്‍ വന്ന വാഹനത്തില്‍ കയറിയിരുന്നു. സര്‍വേക്കെത്തിയതാണെന്നു പറഞ്ഞെങ്കിലും മാധ്യമപ്രവര്‍ത്തകരുടെ മറ്റ് ചോദ്യങ്ങള്‍ക്കൊന്നും സംഘം മറുപടി നല്‍കാതെ അല്പസമയത്തിനുശേഷം  മടങ്ങി. 

 പാലം നിര്‍മ്മാണത്തില്‍ ഉണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ചീഫ് സിക്രട്ടറി തലത്തിലും ,റവന്യൂ സിക്രട്ടറി തലത്തിലും കഴിഞ്ഞ ദിവസം ഇടപെടലുകള്‍ നടത്തിയിരുന്നു. കൂട്ടുപുഴ വരെയുള്ള ഭാഗം പൂര്‍ണ്ണമായും തങ്ങളുടേതാണെന്നാണ് കര്‍ണാടകത്തിന്റെ അവകാശ വാദം. എന്നാല്‍ മാക്കൂട്ടം റോഡ് വരെയുള്ള ഭാഗം കേരളത്തിന്റെ റവന്യൂ ഭൂമിയാണെന്ന് തെളിയില്‍ക്കുന്ന രേഖകള്‍ തങ്ങളുടെ കൈവശം ഉണ്ടെന്നു കേരളാ റവന്യൂ വകുപ്പും അവകാശപ്പെടുന്നു. കൂട്ടുപുഴ വരെയുള്ള ഭാഗം തങ്ങളുടേതാണെന്ന് തെളിയിക്കാന്‍ പര്യാപ്തമായ യാതൊരു രേഖയും കര്‍ണ്ണാടക അധികൃതര്‍ കാണിക്കുന്നുമില്ല. 

സംസ്ഥാന പുനഃസംഘടനാ സമയത്ത് ഇരു സംസ്ഥാനങ്ങളും സംയുക്തമായി നിര്‍ണ്ണയിച്ച അതിര്‍ത്തി രേഖ കേരളാ റവന്യൂ സംഘത്തിന്റെ പക്കല്‍ ഉണ്ട്. എന്നാല്‍ ബ്രിട്ടീഷ് ഭരണകാലത്ത് ബ്രഹ്മഗിരി വന്യ ജീവി സങ്കേതം പ്രഖ്യാപിച്ചപ്പോള്‍ അതിര്‍ത്തിയായ കണക്കാക്കിയ കൂട്ടുപുഴ വരെയുള്ള രേഖ ആധികാരിക രേഖയായി കാണിച്ചാണ് കര്‍ണ്ണാടകം വാദിക്കുന്നത്. ഇതിന് നിയമ സാധുത ഇല്ലെന്നിരിക്കെ കര്‍ണ്ണാടകം ഇപ്പോള്‍ നടത്തിയ സര്‍വേയില്‍ ദുരൂഹത നിലനില്‍ക്കുകയാണ്. പ്രതിസന്ധി പരിഹരിക്കാനായില്ലെങ്കില്‍ മഴക്കാലത്തിനു മുന്‍പ്  പാലം പണി പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാവും. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.