കിന്‍ഡറില്‍ വിരിയുന്ന പുതുദളങ്ങള്‍

Wednesday 21 March 2018 6:55 am IST
വന്ധ്യതാ ചികിത്സയില്‍ മാത്രമല്ല സ്ത്രീ ആരോഗ്യത്തിന് ഊന്നല്‍ നല്‍കിയാണ് കിന്‍ഡറിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിട്ടുള്ളത്. അതിനാല്‍ ചുരുങ്ങിയ വര്‍ഷംകൊണ്ട് ആരോഗ്യരംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ ആശുപത്രിക്കായിട്ടുണ്ട്.
"undefined"

സ്വന്തം കുഞ്ഞിനെ മടിയിലിരുത്തി താരാട്ടു പാടാന്‍ കൊതിക്കാത്ത അമ്മമാരുണ്ടാകില്ല...അമ്മയാകുമ്പോഴാണ് സ്ത്രീയുടെ ജീവിതം പൂര്‍ണത കൈവരിക്കുന്നത്. ജീവിത സാഹചര്യങ്ങളും ജനിതക തകരാറുകളും ശാരീരിക പ്രശ്‌നങ്ങളും നിമിത്തം അമ്മയാകാന്‍ കഴിയാതെ പോകുന്നവര്‍ക്ക് മാതൃത്വത്തിന്റെ ദൈവീകത പകര്‍ന്നു നല്‍കുന്ന ചില കേന്ദ്രങ്ങളുണ്ട്...ഫെര്‍ട്ടിലിറ്റി സെന്ററുകള്‍...

കച്ചവടതന്ത്രങ്ങള്‍ ആരോഗ്യരംഗത്തെ മലീമസമാക്കുമ്പോള്‍ സാമ്പത്തികലാഭത്തിനായി മാത്രം പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളും വന്ധ്യതാ ചികിത്സാ രംഗത്ത് കൂണുപോലെ മുളച്ചുപൊങ്ങുന്നുണ്ട് എന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി അമ്മയാകാനുള്ള സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുന്ന കേരളത്തിലെ ആദ്യത്തെ ഇന്റര്‍നാഷണല്‍ ഹോസ്പിറ്റല്‍ ആണ് ചേര്‍ത്തലയിലെ കിന്‍ഡര്‍ വിമന്‍സ് ഹോസ്പിറ്റല്‍ ആന്‍ഡ് ഫെര്‍ട്ടിലിറ്റി സെന്റര്‍.

   

"undefined"
അന്താരാഷ്ട്ര നിലവാരമുള്ള ചികിത്സ സാധാരണക്കാരനിലേക്കും എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ഏഴ് വര്‍ഷങ്ങള്‍ക്കു മുമ്പാണ് മരുത്തോര്‍വട്ടം എന്ന ഗ്രാമത്തില്‍ കിന്‍ഡര്‍ ആശുപത്രി ആരംഭിക്കുന്നത്. ഒരു വിദേശ മെഡിക്കല്‍ ഗ്രൂപ്പ് സ്‌പോണ്‍സര്‍ ചെയ്യുന്ന കേരളത്തിലെ ഏക സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ആണ് കിന്‍ഡര്‍. സിംഗപ്പൂര്‍ ആസ്ഥാനമായ കിന്‍ഡര്‍ മെഡിക്കല്‍ ഗ്രൂപ്പാണ് ആശുപത്രിയുടെ ചുമതലക്കാര്‍.  വന്ധ്യതാ ചികിത്സയില്‍ മാത്രമല്ല  സ്ത്രീ ആരോഗ്യത്തിന് ഊന്നല്‍ നല്‍കിയാണ് കിന്‍ഡറിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിട്ടുള്ളത്. അതിനാല്‍ ചുരുങ്ങിയ വര്‍ഷംകൊണ്ട് ആരോഗ്യരംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ ആശുപത്രിക്കായിട്ടുണ്ട്. ഇന്‍ഫെര്‍ട്ടിലിറ്റി, ഒബ്‌സ്റ്റെട്രിക്‌സ്, ഗൈനക് സര്‍ജറികള്‍, കോസ്‌മെറ്റിക് ചികിത്സയും ശസ്ത്രക്രിയയും, സ്ത്രീകള്‍ക്കുള്ള ജനറല്‍ സര്‍ജറികള്‍, ഗൈനക് ഓങ്കോളജി, സ്ത്രീകളിലെ അമിതവണ്ണത്തിന് പരിഹാരമായ ബേരിയാട്രിക് സര്‍ജറി തുടങ്ങിയ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഇവിടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സ ലഭ്യമാണ്. പ്രസവശേഷം കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന തകരാറുകള്‍ പരിഹരിക്കുന്നതിനായി ലെവല്‍ ത്രീ എന്‍ഐസിയുവും കിന്‍ഡറില്‍ സുസജ്ജമാണ്. വിദേശ ഗ്രൂപ്പിന് കീഴിലാണ് കിന്‍ഡര്‍ പ്രവര്‍ത്തിക്കുന്നതെങ്കിലും ഭാരതത്തില്‍ കിന്‍ഡര്‍ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതും ആരോഗ്യരംഗത്തെ മികച്ച കേന്ദ്രങ്ങളുടെ പട്ടികയിലേക്ക് എത്തിച്ചതിനും പിന്നിലുള്ളത് പെരുമ്പാവൂര്‍ സ്വദേശിയും ഹോസ്പിറ്റല്‍ എംഡിയുമായ പ്രവീണ്‍കുമാറാണ്. ആശുപത്രിയിലെ ചികിത്സാരീതികളെയും പുതിയ സംരഭങ്ങളെയും കുറിച്ച് അദ്ദേഹം സംസാരിക്കുന്നു.

"undefined"
കിന്‍ഡര്‍ വിമന്‍സ് ഹോസ്പിറ്റല്‍ ആന്‍ഡ് ഫെര്‍ട്ടിലിറ്റി സെന്റര്‍ എന്തൊക്കെ സംഭാവനകളാണ് വന്ധ്യതാ ചികിത്സാ രംഗത്ത് നല്‍കിയത്?

 അന്താരാഷ്ട്ര ചികിത്സ മിതമായ ചെലവില്‍ ഓരോ സ്ത്രീകള്‍ക്കും നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് കിന്‍ഡര്‍ പ്രവര്‍ത്തിക്കുന്നത്. മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ചുകൊണ്ടുള്ള സുതാര്യമായ പ്രവര്‍ത്തനമാണ് മുഖമുദ്ര. ഏഴ് വര്‍ഷത്തിനുള്ളില്‍ 6150 നവജാതശിശുക്കളാണ് ഇവിടെ പിറന്നത്. വന്ധ്യതാ ചികിത്സയിലൂടെ 1122 പേര്‍ക്ക് അമ്മയാകാന്‍ കഴിഞ്ഞു. 28150 ഗര്‍ഭാശയ ശസ്ത്രക്രിയകള്‍ നടത്തി. 500 ഗ്രാം ഭാരത്തോടെ ജനിച്ച കുഞ്ഞിനെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞതും, അമ്പത് വയസ് കഴിഞ്ഞ ദമ്പതികള്‍ക്ക് സന്താനഭാഗ്യം നല്‍കാന്‍ കഴിഞ്ഞതും നേട്ടങ്ങളാണ്. 

മറ്റ് ആശുപത്രികളില്‍ നിന്നും കിന്‍ഡര്‍ വ്യത്യസ്തമാകുന്നത്?

പരാതികള്‍ക്കിട നല്‍കാത്തവണ്ണം ചികിത്സതേടി എത്തുന്നവര്‍ക്ക് നല്‍കുന്ന സേവനം. സാധാരണ ഒരു ആശുപത്രിയുടെ അന്തരീക്ഷമല്ല ഇവിടെയുള്ളത്. തുറന്ന ചര്‍ച്ചകളും കുടുംബാംഗങ്ങളെ പോലെ പെരുമാറുന്ന ജീവനക്കാരുമാണ് കിന്‍ഡറിന്റെ പ്രത്യേകത. ഒരു വിദേശ ഗ്രൂപ്പ് സ്ത്രീകളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സ്വകാര്യമേഖലയില്‍ നേരിട്ട് നിക്ഷേപം നടത്തുന്ന ആദ്യത്തെ സംരഭമാണ് കിന്‍ഡര്‍. സിംഗപ്പൂരിലെ സിസ്റ്റവും നിലവാരവുമാണ് ഇവിടെയും സ്വീകരിച്ചിട്ടുള്ളത്. അവിടുത്തെ പോലെ തന്നെ ചികിത്സാരീതികളിലെ സുതാര്യത ഞങ്ങളിവിടെയും ഉറപ്പ് നല്‍കുന്നുണ്ട്. 

കിന്‍ഡര്‍ ഗ്രൂപ്പിന്റെ മറ്റ് സംരംഭങ്ങള്‍?

സിംഗപ്പൂര്‍, ഇന്‍ഡോനേഷ്യ, ശ്രീലങ്ക എന്നിവിടങ്ങളില്‍ രാജ്യാന്തര നിലവാരത്തിലുള്ള ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സിംഗപ്പൂരില്‍ ഏഴ് ആശുപത്രികളാണ് ഉള്ളത്. ഭാരതത്തില്‍ ബംഗളൂരുവിലും ചേര്‍ത്തലയിലുമാണ് നിലവില്‍ പ്രവര്‍ത്തനം ഉള്ളത്. കൊച്ചി, കോഴിക്കോട്, ദല്‍ഹി, ബംഗളൂരു എന്നിവിടങ്ങളില്‍ പുതിയ ആശുപത്രികള്‍ ഉടനെ പ്രവര്‍ത്തനം ആരംഭിക്കും. അരൂരിലും, തിരുവല്ല മെഡിക്കല്‍ മിഷനിലും സബ്‌സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അരൂരില്‍ എല്ലാ ദിവസവും, തിരുവല്ലയില്‍ ആഴ്ചയില്‍ രണ്ട് ദിവസവും സേവനങ്ങള്‍ ലഭ്യമാണ്. തൊടുപുഴ അര്‍ച്ചന ഹോസ്പിറ്റലിലും ഉടന്‍ തന്നെ സബ്‌സെന്റര്‍ ആരംഭിക്കും.

പുതിയ രീതികളില്‍ ഏതൊക്കെയാണ് ഇവിടെ ലഭ്യമാകുക?

പിജിഡിടി അതായത് പ്രീ ജെനിറ്റിക്കല്‍ ഡയഗ്നോസിസ് ടെക്‌നിക്ക്‌സ് ഉള്‍പ്പെടെയുള്ള നൂതന ചികിത്സാ രീതികള്‍ വിദേശ ഗ്രൂപ്പുമായി ചേര്‍ന്ന് ആസൂത്രണം ചെയ്യുന്നുണ്ട്. കുട്ടികള്‍ക്ക് ഉണ്ടായേക്കാവുന്ന ജനിതക തകരാറുകള്‍ ഉള്‍പ്പെടെ മുന്‍കൂട്ടി കണ്ട് ചികിത്സിക്കുന്ന രീതിയാണ് ഇത്. ആസ്‌ട്രേലിയയിലെ മൊണാഷ് ഐവിഎഫുമായി ചേര്‍ന്നു തുടങ്ങാനാണ് പദ്ധതി. മറ്റൊന്ന് നിയോനാറ്റോളജി രംഗത്തെ പുത്തന്‍ സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തുക എന്നതാണ്. കുട്ടികള്‍ക്കായി ഒരു റീഹാബിലിറ്റേഷന്‍ സെന്ററാണ് ലക്ഷ്യം.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയല്ലാതെ മറ്റ് വിഭാഗങ്ങള്‍ കൊണ്ടുവരാനുള്ള നീക്കമുണ്ടോ?

ഇല്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി തുടങ്ങിയ സംരംഭമാണിത്. വലുതാകും തോറും നമ്മള്‍ നല്‍കുന്ന സേവനങ്ങളില്‍ നൂറ് ശതമാനം ആത്മാര്‍ത്ഥത പുലര്‍ത്താന്‍ കഴിയില്ല. ഈ രംഗത്തെ നൂതനമായ ചികിത്സാരീതികള്‍ ലഭ്യമാക്കുക എന്നതിനാണ് ഊന്നല്‍ നല്‍കുന്നത്. കുടുംബം എന്നുള്ള സങ്കല്‍പ്പം കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള കോര്‍പ്പറേറ്റ് സംസ്‌കാരമാണ് ഞങ്ങളുടേത്. 

"undefined"
ഗ്രാമാന്തരീക്ഷത്തില്‍ കിന്‍ഡര്‍ ഗ്രൂപ്പിന്റെ കേരളത്തിലെ ആദ്യ സംരംഭം തുടങ്ങാനുണ്ടായ സാഹചര്യം? 

ആശുപത്രി നിര്‍മാണത്തിനായി ഭൂമിയുടെ വിലയുള്‍പ്പെടെയുള്ള സാമ്പത്തിക കാര്യങ്ങള്‍ നോക്കി. നമ്മുടെ കൈപ്പിടിയിലൊതുങ്ങുന്ന ഒരു സ്ഥലം സ്വന്തമാക്കണമെന്ന ആഗ്രഹമായിരുന്നു അതിന് പിന്നില്‍. ചെലവ് നിയന്ത്രണം തന്നെയായിരുന്നു ലക്ഷ്യം. ഇവിടെ ഈ ഗ്രാമത്തില്‍ ഇങ്ങനൊരു ആശുപത്രി ശരിയാകുമോ എന്നുള്ള ചോദ്യങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ശരിയായ തീരുമാനമായിരുന്നുവെന്ന് പിന്നീട് മനസിലായി. ഞാനൊരു ഈശ്വര വിശ്വാസിയാണ്. മരുത്തോര്‍വട്ടം ക്ഷേത്രത്തിലെ ധന്വന്തരിമൂര്‍ത്തിയുടെ അനുഗ്രഹവും സാന്നിധ്യവും ഇവിടെ ഉണ്ടെന്ന് തന്നെയാണ് വിശ്വാസം. ചേര്‍ത്തലയിലെ ഗ്രാമത്തില്‍ നേടിയെടുത്ത വിജയം ഞങ്ങള്‍ക്ക് പ്രചോദനമാണ്. നാട്ടുകാരുടെയും സാമൂഹ്യ രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെയും പിന്തുണ എടുത്തു പറയേണ്ടതാണ്. ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളും ലക്ഷ്യവും ചികിത്സരംഗത്തെ നൂതന ആശയങ്ങളും സാധാരണക്കാരനിലേക്ക് എത്തിക്കാനായി എന്നുള്ളത് നേട്ടമാണ്. 

ആശുപത്രി തുടങ്ങുന്നതിനു മുന്‍പ് വിജയത്തിനായി സ്വീകരിച്ച മുന്‍കരുതലുകള്‍?

ആശുപത്രി തുടങ്ങുന്നതിന് ആറ് മാസം മുന്നേ പതിനഞ്ചോളം ജീവനക്കാരെ ജോലിക്കായെടുത്തിരുന്നു. ആശുപത്രി നിങ്ങളുടേതാണെന്ന് ബോധ്യപ്പെടുത്തിക്കൊടുത്തുകൊണ്ടുള്ള പരിശീലനങ്ങളാണ് അവര്‍ക്ക് നല്‍കിയത്. ഇതിനായി കിന്‍ഡറിന്റെ സിംഗപ്പൂരിലുള്ള ആശുപത്രിയില്‍ കൊണ്ടുപോയി അവര്‍ക്ക് ചിട്ടയായ പരിശീലനം നല്‍കി. അവരെ മാനസികമായി തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പരിശീലമാണ് നല്‍കിയത്. ആ പതിനഞ്ച് പേരാണ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെ വിജയത്തിലേക്ക് നയിച്ചത്. 

കുഞ്ഞുങ്ങളില്ലാതെ വിഷമിച്ച അനേകം ദമ്പതികളുടെ കണ്ണുനീര്‍ പുഞ്ചിരിയാക്കി മാറ്റുവാന്‍ കിന്‍ഡറിലെ ചികിത്സാരീതിയിലൂടെ കഴിഞ്ഞിട്ടുണ്ട്. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞും കുഞ്ഞുങ്ങള്‍ ജനിക്കാതിരുന്ന 52 കാരി ലീലമ്മയ്ക്കും  ഭര്‍ത്താവ് അനിരുദ്ധനും ജീവിതസായാഹ്നത്തില്‍ താലോലിക്കാന്‍ ഒരു കുഞ്ഞിനെ സമ്മാനിച്ച് വന്ധ്യതാ ചികിത്സാരംഗത്ത് അത്ഭുതവിജയം കൈവരിച്ചത് അടുത്തിടെയാണ്. കിന്‍ഡറിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വന്ധ്യതാ ചികിത്സാ ക്യാമ്പിലൂടെയാണ് ഇവിടെയെത്തിയത്. 

വൈദ്യശാസ്ത്രരംഗത്തെ മികച്ച് നേട്ടങ്ങളിലൊന്നായിരുന്നു 24 ആഴ്ചകള്‍ മാത്രം പ്രായമുള്ള കുരുന്നിനെ ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റിയ സംഭവം. മാരാരിക്കുളം സ്വദേശിയായ പ്രിയയാണ് 630 ഗ്രാം തൂക്കമുള്ള പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. 20-ാം ആഴ്ചയിലെ സ്‌കാനിംഗിനായി ഹോസ്പിറ്റലില്‍ എത്തിയ പ്രിയക്ക് സെര്‍വിക്കല്‍ ഇന്‍കോമ്പിറ്റന്‍സ് ഉണ്ടെന്ന് മനസിലാക്കി സെര്‍വിക്കല്‍ സ്റ്റിച്ച് ഇട്ടിരുന്നു. ഇത്തരത്തിലുള്ള സ്ത്രീകള്‍ക്ക് മാസം തികയാതെയുള്ള പ്രസവം നടക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അത് തടയുന്നതിനാണ് സ്റ്റിച്ച് ഇട്ടത്. പ്രസവത്തിന്റെ സങ്കീര്‍ണ്ണതകളെ കുറിച്ച് ബോധ്യപ്പെടുത്തുന്നതിനായി ഒരുപാട് തവണ പ്രിയയെയും ഭര്‍ത്താവ് മിറാഷിനെയും കൗണ്‍സലിങിന് വിധേയമാക്കിയിരുന്നു. മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങളില്‍ ശ്വാസകോശം പൂര്‍ണ വളര്‍ച്ച എത്താത്തതുമൂലമുണ്ടാകുന്ന സങ്കീര്‍ണതകളാണ് കുട്ടിയുടെ മരണത്തിനിടയാക്കുന്നത്. ദമ്പതികളുടെ സമ്മതത്തോടെ ഇതിനെ പ്രതിരോധിക്കുന്നതിനുള്ള കുത്തിവെയ്പ്പ് ഗര്‍ഭാവസ്ഥയില്‍ തന്നെ നല്‍കിയിരുന്നു. 24-ാം മാസം ജനിച്ച കുഞ്ഞിനെ ലെവല്‍ ത്രീ എന്‍ഐസിയുവിലേക്ക് മാറ്റിയശേഷം സി പാപ്പ് എന്ന ഉപകരണത്തിന്റെ സഹായത്തോടെ ശ്വസന പ്രക്രിയ ക്രമീകരിക്കുകയായിരുന്നു. ആദ്യകാലങ്ങളില്‍ ട്യൂബിലൂടെ മുലപ്പാല്‍ നല്‍കി.  87 ദിവസം തീവ്രപരിചരണത്തെ തുടര്‍ന്ന് 1600 ഗ്രാം തൂക്കവുമായി പൂര്‍ണ ആരോഗ്യവതിയായാണ് കുഞ്ഞ് ആശുപത്രി വിട്ടത്. 25-ാം ആഴ്ചയില്‍ 500 ഗ്രാം ഭാരവുമായി ജനിച്ച പാതിരപ്പള്ളി സ്വദേശി മനു ജോണിന്റേയും ബെറ്റിയുടേയും പെണ്‍കുഞ്ഞിനെയും ഇത്തരത്തില്‍ പൂര്‍ണ ആരോഗ്യവതിയായി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതും ആശുപത്രിയുടെ നേട്ടങ്ങളില്‍ വീണ്ടും നാഴികക്കല്ലായി. 

അംഗീകാരങ്ങള്‍

കേന്ദ്രസര്‍ക്കാരിന്റെ എന്‍എബിഎച്ച് അംഗീകാരംനേടിയെടുക്കാന്‍ ആശുപത്രി അധികൃതര്‍ക്ക് കഴിഞ്ഞു. രോഗീപരിചരണം, സുരക്ഷ, അണുബാധ നിയന്ത്രിതമായ അന്തരീക്ഷം, മികച്ച ശിക്ഷണവും കാര്യശേഷിയുമുള്ള ജീവനക്കാരുടെ സേവനം, നീതിശാസ്ത്രപരമായ ചികിത്സാവിധി എന്നീ മാനദണ്ഡങ്ങളാണ് അംഗീകാരത്തിന് അര്‍ഹമാക്കിയത്. വന്ധ്യതാ ചികിത്സാരംഗത്ത് മികച്ച സേവനം നല്‍കുന്ന ആശുപത്രികള്‍ക്കുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ അംഗീകാരവും ആശുപത്രിക്ക് ലഭിച്ചിട്ടുണ്ട്. ശുചിത്വം, മാലിന്യ നിര്‍മാര്‍ജ്ജനം, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സംസ്ഥാനത്തെ മികച്ച ആശുപത്രിക്കുള്ള അവാര്‍ഡും കിന്‍ഡര്‍ കരസ്ഥമാക്കി. 

സാമൂഹ്യസേവന രംഗത്തും പുതിയ കാല്‍വെയ്പ്പുമായി കിന്‍ഡര്‍ വിമന്‍സ് ഹോസ്പിറ്റല്‍ തങ്ങളുടെ സാന്നിദ്ധ്യം ഉറപ്പിച്ചിട്ടുണ്ട്. വനിതാ ദിന ആഘോഷങ്ങളുടെ ഭാഗമായി നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങളാണ് ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കിയത്. ഹോസ്പിറ്റല്‍ സ്ഥിതി ചെയ്യുന്ന തണ്ണീര്‍മുക്കം പഞ്ചായത്തിലെ വനിതകള്‍ക്കായി 1.5 കോടിയുടെ ചികിത്സാ സഹായ പദ്ധതിയാണ് പ്രഖ്യാപിച്ചത്. 2015ല്‍ അരൂര്‍ നിയോജകമണ്ഡലത്തിനായി 50 ലക്ഷം രൂപയുടെ പദ്ധതികളും, 2017 ല്‍ തുറവൂര്‍, കുത്തിയതോട് പഞ്ചായത്തുകള്‍ക്കായി 25 ലക്ഷം രൂപയുടെ ചികിത്സാ സഹായവും നല്‍കി. 2016ലെ വനിതാദിനാഘോഷത്തോട് അനുബന്ധിച്ച് വൈക്കം നിയോജകണമണ്ഡലത്തില്‍ 10 ലക്ഷം രൂപയുടെ ചികിത്സാ പദ്ധതികള്‍ നടപ്പിലാക്കി. കൂടാതെ മെഡിക്കല്‍ ക്യാമ്പുകളിലൂടെ ചികിത്സ തേടി ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് മിതമായ നിരക്കില്‍ ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെ ചെയ്തു നല്‍കുന്നുണ്ട്. പ്രത്യേക പാക്കേജിലുള്‍പ്പെടുത്തി ഗര്‍ഭധാരണം മുതലുള്ള ചെലവുകള്‍ മിതമായ നിരക്കില്‍ മികച്ച സേവനം സാധാരണക്കാരിലേക്കെത്തിക്കുന്ന പദ്ധതികളും ആശുപത്രി നടപ്പിലാക്കുന്നുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.