എല്ലാം തേജസിന് വേണ്ടി

Wednesday 21 March 2018 6:50 am IST
അവര്‍ കുഞ്ഞിന് തേജസ് എന്ന് പേരിട്ടു. അവന്റെ കളിചിരികളില്‍ മതിമറന്നു. നാള്‍ക്കുനാള്‍ ആ കുഞ്ഞിന്റെ വികൃതിത്തരങ്ങള്‍ ഏറിയതോടെ അച്ഛനും അമ്മയും ചേച്ചിയുമടങ്ങുന്ന കുടുംബം എന്തുചെയ്യണമെന്നറിയാതെ വലഞ്ഞു. പഠിക്കാന്‍ തേജസിന് മടിയായിരുന്നു. പിന്നീടാണ് അവര്‍ തേജസിന് പഠന വൈകല്യം ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. ആദ്യമൊക്കെ അത് അംഗീകരിക്കാന്‍ സന്ധ്യയുടെ ഭര്‍ത്താവ് പ്രജീനും വിമുഖത കാണിച്ചു. സ്വന്തം മകന്‍ സാധാരണ കുട്ടികളെപ്പോലെയല്ല എന്ന യാഥാര്‍ത്ഥ്യം പതിയെ എല്ലാവരും അംഗീകരിച്ചു. ആ അവസ്ഥയെ അഭിമുഖീകരിക്കാന്‍ അവര്‍ തീരുമാനിക്കുകയും ചെയ്തപ്പോള്‍ തലസ്ഥാന നഗരിയില്‍ ട്രാവന്‍കൂര്‍ നാഷണല്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ പിറന്നു. പഠന വൈകല്യമുള്ള കുട്ടികള്‍ക്ക് അതൊരു ആശ്രയമായി.
"undefined"

കുഞ്ഞുങ്ങളാണ് അമ്മമാരുടെ ജീവിതത്തില്‍ സന്തോഷം നിറയ്ക്കുന്നത്. അവരിലൂടെയാണ് പ്രതീക്ഷകള്‍ നെയ്‌തെടുക്കുന്നത്. എന്നാല്‍ മകനുവേണ്ടി സ്വപ്‌നങ്ങള്‍ ചിട്ടപ്പെടുത്തിയ അമ്മയാണ് തിരുവനന്തപുരം സ്വദേശിനി സന്ധ്യ പ്രജീന്‍. മകന്‍ ജനിച്ചപ്പോള്‍ സന്ധ്യ ഒരുപാട് സന്തോഷിച്ചു. അവര്‍ കുഞ്ഞിന് തേജസ് എന്ന് പേരിട്ടു. അവന്റെ കളിചിരികളില്‍ മതിമറന്നു. നാള്‍ക്കുനാള്‍  ആ കുഞ്ഞിന്റെ വികൃതിത്തരങ്ങള്‍ ഏറിയതോടെ അച്ഛനും അമ്മയും ചേച്ചിയുമടങ്ങുന്ന കുടുംബം എന്തുചെയ്യണമെന്നറിയാതെ വലഞ്ഞു.  പഠിക്കാന്‍ തേജസിന് മടിയായിരുന്നു. പിന്നീടാണ് അവര്‍ തേജസിന് പഠന വൈകല്യം ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. ആദ്യമൊക്കെ അത് അംഗീകരിക്കാന്‍ സന്ധ്യയുടെ ഭര്‍ത്താവ് പ്രജീനും വിമുഖത കാണിച്ചു. സ്വന്തം മകന്‍ സാധാരണ കുട്ടികളെപ്പോലെയല്ല എന്ന യാഥാര്‍ത്ഥ്യം പതിയെ എല്ലാവരും അംഗീകരിച്ചു. ആ അവസ്ഥയെ അഭിമുഖീകരിക്കാന്‍ അവര്‍ തീരുമാനിക്കുകയും ചെയ്തപ്പോള്‍ തലസ്ഥാന നഗരിയില്‍ ട്രാവന്‍കൂര്‍ നാഷണല്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ പിറന്നു. പഠന വൈകല്യമുള്ള കുട്ടികള്‍ക്ക് അതൊരു ആശ്രയമായി. 

ട്രാവന്‍കൂര്‍ സ്‌പെഷ്യല്‍ സ്‌കൂള്‍

ഏറെ വര്‍ഷങ്ങളുടെ ചരിത്രമൊന്നും അവകാശപ്പെടാനില്ല ട്രാവന്‍കൂര്‍ നാഷണല്‍ സ്‌പെഷ്യല്‍ സ്‌കൂളിന്. സ്വന്തം മകന്റെ ജീവിതം ഇരുളടഞ്ഞുപോവാതിരിക്കാന്‍ മുന്നില്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഒന്നും ഇല്ലാതിരുന്നപ്പോള്‍ സന്ധ്യയെടുത്ത തീരുമാനത്തിന്റെ ഫലമാണ് ആ സ്‌കൂള്‍. സി-ഡിറ്റില്‍ ഉദ്യോഗസ്ഥയാണ് സന്ധ്യ. ജോലിത്തിരക്കുകള്‍ക്കിടയിലും തേജസിനും അവനെപോലെ പ്രസായം അനുഭവിക്കുന്ന കുട്ടികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുകയാണ് ഈ അമ്മ. 

പഠിക്കാന്‍ തീരെ ഉത്സാഹം കാണിക്കാതിരുന്ന തേജസിനെ ആദ്യം മനസ്സിലാക്കിയത് സഹോദരി അനാമികയാണ്. ഇക്കാര്യം അംഗീകരിക്കാന്‍ കുടുംബാംഗങ്ങള്‍ക്ക് സാധിച്ചിരുന്നില്ല. കൊഞ്ചിച്ചു വഷളാക്കിയതുകൊണ്ടാണ് കുസൃതി മാറാത്തതെന്ന് അവര്‍ വാദിച്ചു. ആ കുറ്റപ്പെടുത്തലുകളെയൊക്കെ അതിജീവിക്കണമായിരുന്നു സന്ധ്യയ്ക്ക്.   അതിന് ഏതാണ്ട് അഞ്ച് വര്‍ഷമെടുത്തു. മകന്റെ പഠനകാര്യങ്ങള്‍ നോക്കിയിരുന്ന ആ അമ്മയ്ക്ക് മകനെ, അവന്റെ പരിമിതികളെ വേഗത്തില്‍ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നു. 

മകനെ സ്‌പെഷ്യല്‍ സ്‌കൂളില്‍ ചേര്‍ക്കാം എന്ന് പറഞ്ഞപ്പോള്‍ ഭര്‍ത്താവുള്‍പ്പടെയുള്ളവര്‍ എതിര്‍ത്തു. അവരാരും തേജസിന്റെ അവസ്ഥ മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നില്ല. എന്നാല്‍ അമീര്‍ഖാന്‍ ചിത്രം താരേ സമീന്‍ പര്‍ കണ്ടതോടെ പ്രജീനും കാര്യങ്ങള്‍ ബോധ്യമായി. അങ്ങനെയാണ് കുട്ടിയെ സ്‌പെഷ്യല്‍ സ്‌കൂളില്‍ ചേര്‍ക്കുന്നത്. അതിന് മുമ്പ് മൂത്തമകള്‍ അനാമികയുടെ സ്‌കൂളിലായിരുന്നു. 

വിമര്‍ശിച്ചവര്‍ക്ക് മുന്നില്‍ വിജയത്തോടെ

തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററില്‍ നടത്തിയ പരിശോധനയിലാണ് തേജസിന് ഡൈസ്ലെക്‌സിയ എന്ന അസുഖമാണെന്നാണ് സ്ഥിരീകരിച്ചത്. അന്നു മുതല്‍ ഡിസ്ലെക്‌സിയ കുട്ടികള്‍ക്കായുള്ള സ്‌കൂളുകളെപ്പറ്റിയുള്ള അന്വേഷണത്തിലായി സന്ധ്യ. പക്ഷെ കേരളത്തില്‍ അത്തരത്തില്‍ ഒരു വിദ്യാലയവും ഇല്ലായിരുന്നു. ആ അറിവ് നിരാശപ്പെടുത്തി.  പ്രതീക്ഷ സ്‌പെഷ്യല്‍ സ്‌കൂളില്‍ ചേര്‍ക്കുക എന്നതായിരുന്നു മുന്നിലുള്ള ഏക വഴി. എന്നാല്‍ ആ സ്‌കൂള്‍ എന്തൊക്കയേ കാരണങ്ങളാല്‍  അടച്ചുപൂട്ടി. വീട്ടില്‍ ഇരുത്തി പഠിപ്പിക്കാം എന്നുവച്ചാല്‍ അതും പ്രായോഗികമല്ല. അതോടെയാണ് സ്വന്തമായി ഒരു സ്ഥാപനം തുടങ്ങാം എന്ന ആശയം ഉദിച്ചത്. പ്രതീക്ഷയില്‍ തേജസിനൊപ്പം ഉണ്ടായിരുന്ന ചില കുട്ടികളുടെ മാതാപിതാക്കളും സന്ധ്യയ്ക്ക് ധൈര്യം പകര്‍ന്ന് കൂടെനിന്നു. ശാസ്തമംഗലത്താണ് ട്രാവന്‍കൂര്‍ നാഷണല്‍ സ്‌കൂള്‍ സ്ഥിതിചെയ്യുന്നത്. 

  ഇന്നും അധികമാര്‍ക്കും അറിയാത്തതും ഒരുപാട് കുട്ടികളെ അലട്ടുന്നതുമായ ഒരു പ്രശ്‌നമാണ് ഡൈസ്ലെക്‌സിയ. ഇന്ന് 45 ലേറെ വിദ്യാര്‍ഥികളും പന്ത്രണ്ട് അധ്യാപകരും ഈ സ്‌കൂളിലുണ്ട്. സിബിഎസ്ഇ സിലബസിലാണ് പഠനം. പ്ലസ് ടു വരെ പഠിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. യോഗ, കരാട്ടെ, ഡാന്‍സ്, നാടന്‍പാട്ട്, പെയിന്റിങ്, മാജിക് ക്ലാസ്, സംഗീത ഉപകരണ ക്ലാസ് തുടങ്ങി വിവിധ ക്ലാസുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശനി, ഞായര്‍ ദിവസങ്ങളില്‍ കുട്ടികള്‍ക്ക് കൗണ്‍സലിങ്ങും  ഉണ്ട്. കൂടാതെ ഇന്റര്‍നാഷണല്‍ ഡൈസ്ലെക്‌സ് റിസര്‍ച്ച് സെന്ററിനു കീഴില്‍ സ്പീച്ച് തെറാപ്പി, സൈക്കോളജി, ബിഹേവിയര്‍ തെറാപ്പി എന്നിവയുമുണ്ട്. എട്ടാം ക്ലാസിനു ശേഷം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഓപ്പണ്‍ സ്‌കൂളിങ് പാഠ്യപദ്ധതിയാണ് ഇവിടെ പിന്തുടരുന്നത്. ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡറുള്ള കുട്ടികളെയും ഇവിടെ പഠിപ്പിക്കുന്നുണ്ട്. 

കുടുംബമാണ് ശക്തി

ആദ്യം മകന്റെ അവസ്ഥ അംഗീകരിക്കാന്‍ മടിച്ച ഭര്‍ത്താവ് പ്രജിന്‍ തന്നെയാണ് ഇന്ന് സന്ധ്യയുടെ ഏറ്റവും വലിയ ശക്തി. ഒരു സ്‌കൂള്‍ നടത്തിക്കൊണ്ട് പോകുന്നതിനുള്ള സാമ്പത്തിക ശേഷിയൊന്നും സന്ധ്യയ്ക്കില്ല. സര്‍ക്കാരിന്റെ ധനസഹായവും ഇല്ല.  അത്തരം സഹായങ്ങള്‍ ലഭിക്കുകയാണെങ്കില്‍ സര്‍ക്കാരിന്റെ നിര്‍ദേശങ്ങളും നിയന്ത്രണങ്ങളുമൊക്കെ സ്‌കൂളിന് ബാധകമാകും. സ്‌പെഷ്യല്‍ സ്‌കൂള്‍ ആയതുകൊണ്ടുതന്നെ അത്തരം നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും സാധിച്ചുവെന്ന് വരില്ല.  ഭിന്നശേഷിയുള്ളവരെ പഠിപ്പിക്കുന്നതിനു ഒരുപക്ഷേ സര്‍ക്കാര്‍ പറയുന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സാധിച്ചെന്നു വരില്ലെന്നാണ് സന്ധ്യയുടെ അഭിപ്രായം. എത്ര കഷ്ടപ്പെട്ടാലും ഒരിക്കലും സ്‌കൂള്‍ അടച്ചുപൂട്ടില്ലെന്ന വാശിയുണ്ട്. എല്ലാത്തിനും കൂട്ടായി കൂടുംബമുണ്ട്. ഭര്‍ത്താവ് മുഴുവന്‍സമയ ജോലി ഉപേക്ഷിച്ചു. ഇപ്പോള്‍ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ്. ട്രാവന്‍കൂര്‍ ടുഡേയുടെ എഡിറ്ററായിരുന്നു  പ്രജിന്‍. 

രാഷ്ട്രപതി സമ്മാനിച്ച പുരസ്‌കാരം

മകനിലൂടെ കൈവന്ന ഭാഗ്യങ്ങളെക്കുറിച്ചോര്‍ത്ത് സന്തോഷിക്കുകയാണ് സന്ധ്യ. അതേക്കുറിച്ച് പറയുമ്പോള്‍ അവരുടെ കണ്ണില്‍ നനവൂറും.  കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം ഫെയ്‌സ്ബുക്കുമായി സഹകരിച്ച് നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍, വിവിധ മേഖലകളില്‍ നേട്ടമുണ്ടാക്കിയ 100 വനിതകളിലൊരാളാണ് സന്ധ്യ. കേരളത്തില്‍ നിന്നും മൂന്ന് പേരാണ് ഈ നേട്ടത്തിന് അന്ന് അര്‍ഹരായത്. 

 ജീവിതത്തില്‍ ഇതുവരെ ലഭിച്ച അംഗീകാരങ്ങളില്‍ ഏറ്റവും വലിയ സന്തോഷം സമ്മാനിച്ചതു ഈ അംഗീകാരമായിരിക്കും. 2016 ലാണ് രാഷ്ട്രപതിയില്‍ നിന്നും പുരസ്‌കാരം സ്വീകരിച്ചത്.  ഇതൊന്നും സ്വപ്‌നങ്ങളില്‍ പോലുമുണ്ടായിരുന്നില്ല. സ്ത്രീ ശക്തി പുരസ്‌കാരം ഉള്‍പ്പടെ നിരവധി അംഗീകാരങ്ങളും സന്ധ്യയെ തേടിയെത്തിയിട്ടുണ്ട്. പിന്നെയും കുറേ അംഗീകാരങ്ങള്‍... പക്ഷേ എല്ലാത്തിനും മീതെ മകനും അവനെപ്പോലുള്ള കുട്ടികള്‍ക്കും വെളിച്ചം പകരാന്‍ സാധിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് സന്ധ്യ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.