എല്ലാ വഴികളും ഒരേയിടത്ത് ചേരും

Wednesday 21 March 2018 2:10 am IST

നിങ്ങള്‍ക്ക് ഒരു സിദ്ധാന്തം ബോധ്യമായാല്‍ മറ്റുള്ളവയെ അധിക്ഷേപിക്കണമെന്നു തോന്നും. മഠാധിപതികള്‍ക്കിതൊരു പതിവാണ്. എല്ലാവരും ഒരേ മാര്‍ഗ്ഗത്തില്‍ നില്‍ക്കാന്‍ പ്രയാസം. ഒരോരുത്തരും ഒരേ സാധനയെ അഭ്യസിക്കാനും ബുദ്ധിമുട്ടുണ്ട്. അവനവന്റെ പക്വതയെ അനുസരിച്ചുള്ളതാണത്. ജ്ഞാനം, ഭക്തി, കര്‍മ്മങ്ങള്‍ ഒന്നിനൊന്നു തുടര്‍ച്ചയുള്ളവയാണ്.

സഗുണധ്യാനത്തില്‍ അവരവര്‍ക്കിഷ്ടമുള്ളവരെ ധ്യാനിക്കുന്നു. ഇത് അവനവനെ ധ്യാനിക്കുന്നതുപോലെയാണ്. ഇതരനാമരൂപങ്ങളില്‍നിന്നും മനസ്സ് പിന്‍തിരിഞ്ഞു ഏകാഗ്രതയെ കൈവരിക്കുന്നു. ആ അനുഭവമുണ്ടാകുന്നു. ആദ്യമേ മനസ്സിനെ ഹൃദയത്തിലൊടുക്കാന്‍ പ്രയാസം. അതുകൊണ്ട് ചില സഹായങ്ങളൊക്കെ ആവശ്യമായിത്തീരുന്നു. കൃഷ്ണന്‍, 'നിങ്ങള്‍ക്കും എനിക്കും ജന്മമില്ല' എന്നു പറയുന്നു. എന്നിട്ട് അദ്ദേഹം ആദിത്യനു മുന്‍പേ ജനിച്ചവനാണെന്നും മറ്റും പിന്നീട് പറയുന്നു. അര്‍ജ്ജുനന്‍ അതിനെ ചോദ്യം ചെയ്യുന്നു. അതുകൊണ്ട് ഓരോ വ്യക്തിയും അവനവന്റെ വളര്‍ച്ചയനുസരിച്ച് ഈശ്വരനെപ്പറ്റി പറയുകയാണ്.

നിങ്ങള്‍ നിങ്ങളുടെ ജാഗ്രത്തിലെ ദേഹമാണെന്നു പറയുന്നു. സ്വപ്‌നത്തില്‍ കാണുന്ന ശരീരത്തെ നാം വകവയ്ക്കുന്നില്ല. എന്നാല്‍ ആ സമയത്തേയ്ക്ക് വേറൊരു ശരീരത്തെ വഹിച്ചുകൊണ്ടു തന്നെ വ്യവഹരിക്കുന്നു. അങ്ങനെ ജീവന്‍ തന്നെ പല ശരീരങ്ങളെ വഹിച്ചുകൊള്ളാന്‍ പ്രാപ്തനാണെങ്കില്‍ ഈശ്വരന്‍ അനന്തകോടി ശരീരത്തെ വഹിക്കാന്‍ പ്രാപ്തനല്ലെന്നുവരുമോ? ഒരുത്തന്‍ ഏത് വഴിയില്‍കൂടി പോയാലും അവന്‍ ആ വഴിയില്‍കൂടിതന്നെ നേര്‍വഴിയില്‍ വരാന്‍ യതീശ്വരന്മാര്‍ പ്രോത്സാഹിപ്പിക്കുന്നു. എല്ലാ വഴിയും ഒരിടത്ത് തന്നെ ചേരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.