രസരൂപമായ ആത്മാവ്

Wednesday 21 March 2018 2:05 am IST
"undefined"

അസദ് വാ ഈമഗ്ര ആസീത് തതോ വൈ സൗജായത തദാത്മാനം

സ്വയമകുരുത തസ്മാത് തത് 

സുകൃത മുച്യത ഇതി

ഈ ലോകം മുമ്പ് അസത്ത് എന്ന് പറയാവുന്ന ബ്രഹ്മം തന്നെയായിരുന്നു. അതില്‍നിന്ന് സത്ത് ജനിച്ചു. അത് തന്നെത്താന്‍ ആത്മാവിനെ (തന്നെ) ഉണ്ടാക്കി. അത് കാരണം അതിനെ സുകൃതം അഥവാ സ്വകൃതം എന്നു പറയുന്നു.

അസത്തെന്ന് ഇവിടെ പറഞ്ഞത് അവ്യാകൃതമായ ബ്രഹ്മത്തെയാണ്. അതില്‍നിന്നാണ് വ്യാകൃതമായ അഥവാ നാമരൂപങ്ങളോടുകൂടിയ ജഗത്ത് ഉണ്ടായത്. അസത്ത് എന്നതിന് തീരെ അസത്തായതെന്നോ ഇല്ലാത്തതെന്നോ അര്‍ത്ഥമില്ല. അസത്തില്‍നിന്ന് സത്തുണ്ടാവാന്‍ തരമില്ല. ഇല്ലാത്തതില്‍ നിന്ന് എങ്ങനെ ഉണ്ടാകും. ഇദം എന്നതുകൊണ്ട് ജഗത്തിനെയാണ് ഉദ്ദേശിക്കുന്നത്. ഈ കാണുന്നതെല്ലാം പേര്, രൂപം എന്നിവയുള്ളതാണ്. ഇങ്ങനെയുണ്ടായതൊക്കെ ഉല്‍പ്പത്തിക്കു മുമ്പ് അസത്ത് എന്ന പേരില്‍ വിശേഷിപ്പിക്കാവുന്ന ബ്രഹ്മം തന്നെയായിരുന്നു. ആ അസത്തില്‍ നിന്നാണ് ഈ പ്രപഞ്ചം ഉണ്ടായത്. അത് തനിയേതന്നെ ഉണ്ടാക്കുകയായിരുന്നു. അതിനാല്‍ ബ്രഹ്മത്തെ സ്വയംകൃതമായത് എന്നര്‍ത്ഥത്തില്‍ സുകൃതം എന്ന് പറയുന്നു. തനിക്ക് താന്‍തന്നെ കര്‍ത്താവ് എന്ന നിലയില്‍ എല്ലാറ്റിനും കാരണമായതുകൊണ്ട് ബ്രഹ്മം സ്വയം കര്‍ത്താവാണെന്ന് പ്രസിദ്ധമാണ്.

താന്‍തന്നെ എല്ലാമായിട്ട് എല്ലാറ്റിനേയും ഉണ്ടാക്കിയതിനാലും സുകൃതംതന്നെ. നിത്യവും ചേതനവുമായ സത്തായിരിക്കണം. മറ്റൊന്നാവാന്‍ തരമില്ല. ഫലത്തെ സംബന്ധിച്ച  കാരണത്തിനും സുകൃതം എന്നു പറയാറുണ്ട്. അച്ഛനില്‍നിന്ന് വേറെയായി മകന്‍ ഉണ്ടാകുംപോലെയല്ല ഇത്. അസത്ത് എന്ന് വിളിച്ച ബ്രഹ്മം തന്നെതന്നെ അങ്ങനെയാക്കുകയായിരുന്നു. അതിന് വേറെ ഉപാദനകാരണത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല. അസത്തില്‍നിന്നും സത്ത് ഉണ്ടാകില്ല എന്നു പറഞ്ഞതിനാല്‍ ശൂന്യവാദികളുടെ ഭാഗത്തെ നിരാകരിക്കുന്നു.

യദ് വൈ തത് സുകൃതം രസോ വൈ സഃ രസം ഹ്യേവായം

ലബ്ധ്വാളനന്ദി ഭവതി 

കോഹ്യോവാന്യാത് കം പ്രാണ്യാദ്

യദേഷ ആകാശ ആനന്ദോ ന സ്യാത് 

ഏഷ ഹ്യേ വാളനന്ദയതി

സുകൃതമെന്ന് പ്രസിദ്ധമായ അത് രസമെന്നും പേരുകേട്ടതാണ്. ഇവന്‍ രസത്തെ ലഭിച്ചിട്ടാണല്ലോ ആനന്ദമുള്ളവനായിത്തീരുന്നത്. ആകാശത്തിലെ ഈ ആനന്ദം ഇല്ലാതിരുന്നാല്‍ ആരാണ് ആ പാത, പ്രാണ ചേഷ്ടകളെ ചെയ്യുക? ഇവന്‍തന്നെയാണ് ആനന്ദിപ്പിക്കുന്നത്.

സുകൃതമെന്നപോലെ ആത്മാവിനെ ഇവിടെ രസമെന്ന് പറയുന്നു. രസമെന്ന് വെച്ചാല്‍ എല്ലാറ്റിലും സത്തായി ഇരിക്കുന്നത്. ആനന്ദത്തിന് കാരണമായി ഈ ലോകത്തില്‍ മധുരം, പുളി തുടങ്ങിയതായി രസങ്ങളുണ്ട്. ഈ രസങ്ങള്‍ അര്‍ഹരായവര്‍ക്ക് ആനന്ദത്തെ കൊടുക്കുന്നു. എല്ലാറ്റിന്റേയും രസമായ ആത്മാവ് എല്ലാവര്‍ക്കും ആനന്ദത്തിന് കാരണമായിത്തീരുന്നു.

സാധാരണയായി നമുക്ക് ആനന്ദത്തെ തരുന്നത് ബാഹ്യവിഷയങ്ങളാണ്. എന്നാല്‍ പുറമെയുള്ള വിഷയങ്ങളില്‍നിന്ന് മാറി നില്‍ക്കുന്ന ജ്ഞാനികള്‍ക്ക് ആനന്ദം നല്‍കുന്നത് രസരൂപമായ ആത്മാവാണ്. നമ്മുടെ ഓരോരുത്തരുടേയും ഉള്ളില്‍ ആനന്ദമുള്ളതിനാലാണ് പുറമെയുള്ള വസ്തുക്കളിലേയും വിഷയങ്ങളിലേയും ആനന്ദത്തെ അറിയാനാകുന്നത്.

ആകാശം എന്ന് പറഞ്ഞത് ഹൃദയകാശത്തിനെയാണ്. ഈ ആനന്ദം ഹൃദയാകാശത്തിലാണ് കുടികൊള്ളുന്നത്. പ്രാണന്റേയും അപാനന്റേയും പ്രവര്‍ത്തനങ്ങള്‍ രസസ്വരൂപനായ ഈ ആനന്ദത്തെ ആസ്പദമാക്കിയാണ്. ബ്രഹ്മരസത്തെ, ആനന്ദരസത്തെ അനുഭവിച്ചവര്‍ക്ക് മറ്റൊരു ആനന്ദത്തിന്റേയും ആവശ്യമില്ല. എല്ലാറ്റിനും രസത്തെയും ആനന്ദത്തേയും പകരുന്നത് അതുതന്നെയാണ്. ഈ പരമാത്മാവ് തന്നെയാണ് ഓരോരുത്തരുടേയും ധര്‍മ്മത്തിനനുസരിച്ച് ലോകത്തെ ആനന്ദിപ്പിക്കുന്നത്. ആനന്ദസ്വരൂപനായ ആത്മാവിനെ അറിഞ്ഞവര്‍ സദാ ആനന്ദത്തെ അനുഭവിക്കുന്നു. അറിവില്ലായ്മ കാരണം മറ്റുള്ളവര്‍ക്ക് ഇത് അനുഭവപ്പെടുന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.