കാട്ടുതീക്കാലത്തെ വനസംരക്ഷണം

Wednesday 21 March 2018 2:50 am IST
വര്‍ഷങ്ങളായി ഭാരതത്തിന്റെ വിസ്തൃതിയുടെ 33 ശതമാനമെങ്കിലും വനമാക്കി മാറ്റുവാനുള്ള രാജ്യത്തിന്റെ പരിശ്രമങ്ങള്‍ പരാജയപ്പെട്ടിരിക്കുകയാണ്. കേരളത്തില്‍ ആലപ്പുഴ ഒഴികെ എല്ലാ ജില്ലകളിലും വനമേഖലയുണ്ട്. വനംവിസ്തൃതിയുടെ കാര്യത്തില്‍ കേരളത്തില്‍ 1533.8 ചതുരശ്ര കി.മീ ഉള്ള പത്തനംതിട്ട ജില്ല ഒന്നാംസ്ഥാനത്തും 1527.5 ചതുരശ്ര കി.മീ വനവിസ്തൃതിയുള്ള പാലക്കാട് രണ്ടാംസ്ഥാനത്തുമാണ്. വനമേഖലയുള്ള ജില്ലകളില്‍ കോട്ടയം ജില്ലയിലാണ് ഏറ്റവും കുറവ് (100.9 ചതുരശ്ര കി.മീ). റിമോട്ട് സെന്‍സിങ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പഠനത്തില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വനം നഷ്ടമായത് (ഉദ്ദേശം 906440 ഹെക്ടര്‍) 1973-നും 2016-നും ഇടയിലാണെന്ന് ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസ് വ്യക്തമാക്കുന്നു. ഇത് സംസ്ഥാനത്തുണ്ടായിരുന്ന വനമേഖലയുടെ 50 ശതമാനത്തില്‍ കൂടുതലാണെന്ന് കണക്കാക്കപ്പെടുന്നു.
"undefined"

അതിരപ്പിള്ളിയിലും വയനാട്ടിലും കൊട്ടക്കമ്പൂരിലും വനത്തില്‍ തീ. കേരള-തമിഴ്‌നാട് അതിര്‍ത്തിയായ ബോഡിമെട്ടിന് സമീപം കൊരങ്ങിണിമലയിലുണ്ടായ കാട്ടുതീയില്‍ 17 പേരാണ് മരണമടഞ്ഞത്. ഈ വേനലില്‍ സംസ്ഥാനത്ത് വ്യാപകമായി കാട്ടുതീ ഉണ്ടാകുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇവയില്‍  പലതും മനുഷ്യനിര്‍മ്മിത കാട്ടുതീയാണെന്ന നിഗമനത്തിലാണ് ജനങ്ങള്‍. വനംകൊള്ളക്കാരും കയ്യേറ്റക്കാരും വനംവകുപ്പിലെ ചില ഉദ്യോഗസ്ഥരും അറിഞ്ഞുകൊണ്ടുള്ള നാടകമായിട്ടാണ് കാട്ടുതീയെ വിലയിരുത്തുന്നത്. വട്ടവടയിലും കൊട്ടക്കമ്പൂരും വ്യാജപട്ടയങ്ങളും വ്യാജ പവര്‍ ഓഫ് അറ്റോര്‍ണിയും വഴി രാഷ്ട്രീയനേതാക്കളും ജനപ്രതിനിധികളും വനഭൂമി തട്ടിയെടുക്കുവാന്‍ ശ്രമം നടക്കുന്ന സമയത്തുതന്നെയാണ് കുറിഞ്ഞിമല ഉദ്യാനത്തിന്റെ 300 ഹെക്ടര്‍ കുറിഞ്ഞിച്ചെടികളും യൂക്കാലിപ്റ്റസ് മരങ്ങളും ഭൂമാഫിയ ചുട്ടുചാമ്പലാക്കിയത്. എന്നാല്‍ ഇത് സാധാരണ കാട്ടുതീ മാത്രമാണെന്ന് കേരള വനംവകുപ്പ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ടു നല്‍കി!

ഈ സാഹചര്യത്തിലാണ് ഐക്യരാഷ്ട്ര സംഘടനയുടെ ആഭിമുഖ്യത്തില്‍ 2012 മുതല്‍ ആചരിച്ചുവരുന്ന ലോക വനദിനം ഇന്ന് ആചരിക്കുന്നത്. വനം സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയാണ് വനദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം. സംസ്ഥാനത്തിന്റെ ഭൂവിസ്തൃതിയുടെ 29 ശതമാനം വനമുണ്ടെന്നാണ് കരുതപ്പെടുന്നത്. ഇത് ഏകദേശം 11309.5 ചതുരശ്ര കിലോമീറ്ററിന് തുല്യമാണ്. ഭാരതത്തിന്റെ ഭൂവിസ്തൃതിയുടെ 24.4 ശതമാനം വനമുണ്ട്. അത് ഉദ്ദേശം 802088 ചതുരശ്ര കിലോമീറ്ററാണ്. ലോകത്തെ വനവിസ്തൃതിയില്‍ പത്താം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. പ്രതിവര്‍ഷം ലോകത്ത് 29.7 ദശലക്ഷം ഹെക്ടര്‍ വനഭൂമി നഷ്ടമാകുന്നുവെന്നാണ് 2016-ലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

വര്‍ഷങ്ങളായി ഭാരതത്തിന്റെ വിസ്തൃതിയുടെ 33 ശതമാനമെങ്കിലും വനമാക്കി മാറ്റുവാനുള്ള രാജ്യത്തിന്റെ പരിശ്രമങ്ങള്‍ പരാജയപ്പെട്ടിരിക്കുകയാണ്. കേരളത്തില്‍ ആലപ്പുഴ ഒഴികെ എല്ലാ ജില്ലകളിലും വനമേഖലയുണ്ട്. വനവിസ്തൃതിയുടെ കാര്യത്തില്‍ കേരളത്തില്‍ 1533.8 ചതുരശ്ര കി.മീ ഉള്ള പത്തനംതിട്ട ജില്ല ഒന്നാംസ്ഥാനത്തും 1527.5 ചതുരശ്ര കി.മീ വനവിസ്തൃതിയുള്ള പാലക്കാട് രണ്ടാംസ്ഥാനത്തുമാണ്. വനമേഖലയുള്ള ജില്ലകളില്‍ കോട്ടയം ജില്ലയിലാണ് ഏറ്റവും കുറവ്  (100.9 ചതുരശ്ര കി.മീ). റിമോട്ട് സെന്‍സിങ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പഠനത്തില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വനം നഷ്ടമായത് (ഉദ്ദേശം 906440 ഹെക്ടര്‍) 1973-നും 2016-നും ഇടയിലാണെന്ന് ബെഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസ് വ്യക്തമാക്കുന്നു. ഇത് സംസ്ഥാനത്തുണ്ടായിരുന്ന വനമേഖലയുടെ 50 ശതമാനത്തില്‍ കൂടുതലാണെന്ന് കണക്കാക്കപ്പെടുന്നു. 

വനം വെട്ടിമാറ്റി ചായ, റബ്ബര്‍, കാപ്പി, തെങ്ങ് എന്നിവ നട്ടുപിടിപ്പിക്കുന്ന പ്രവണത സംസ്ഥാനത്തുടനീളം കണ്ടുവരുന്നു. ഇടുക്കി ജില്ലയിലെ മാങ്കുളം, മൂന്നാര്‍ എന്നീ സ്ഥലങ്ങള്‍ക്കു പുറമെ പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാടും വ്യാപകമായ നശീകരണം നടന്നുകൊണ്ടിരിക്കുന്നു. വനമേഖലയ്ക്കു പകരം പ്ലാന്റേഷന്‍ കൃഷിരീതി അവലംബിക്കുന്നത് സംസ്ഥാനത്തിന്റെ ഇക്കോളജിക്കല്‍ സന്തുലിതാവസ്ഥ തകരാറിലാക്കുന്ന സ്ഥിതിയിലേക്ക് തള്ളിവിടുമെന്ന് ഐഐഎസ് പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. 

വയനാട്ടിലെ വ്യാപകമായ വനംകയ്യേറ്റങ്ങളും വനനശീകരണവും ജില്ലയെ കടുത്ത ജലക്ഷാമത്തിലേക്ക് തള്ളിവിട്ടിരിക്കുന്നു. 2016-ല്‍ മാത്രം 165 ഇടങ്ങളില്‍ സംസ്ഥാനത്തെ വനങ്ങളില്‍ കാട്ടുതീ പ്രത്യക്ഷപ്പെട്ടു. ഏറ്റവും കൂടുതല്‍ കാട്ടുതീ ഉണ്ടായത് ഇടുക്കിയിലും വയനാട്ടിലുമാണെന്ന് കേരള വനംവകുപ്പ് സാക്ഷ്യപ്പെടുത്തുന്നു. ഇരുസ്ഥലങ്ങളിലും 2016-ല്‍ മാത്രം 71 തവണ വലിയ കാട്ടുതീ ഉണ്ടായി. വയനാട്ടിലെ 26 സ്ഥലങ്ങളിലുണ്ടായ കാട്ടുതീയില്‍ 417.8 ഹെക്ടര്‍ വനഭൂമി അഗ്‌നിക്കിരയായി. 

സംസ്ഥാനത്തെ വനമേഖലയില്‍ 23 ഫോറസ്റ്റ് ഡിവിഷനുകളിലായി 7801.11 ഹെക്ടര്‍ ഭൂമി കയ്യേറ്റക്കാരുടെ അധീനതയിലായി. 2016 മാര്‍ച്ച് 31-ലെ സംസ്ഥാന വനംവകുപ്പിന്റെ പഠനറിപ്പോര്‍ട്ട് പറയുന്നത് തിരുവനന്തപുരം, ചാലക്കുടി, കാസര്‍കോഡ് എന്നീ ഫോറസ്റ്റ് ഡിവിഷനുകളില്‍ വനം കയ്യേറ്റ ശ്രമങ്ങള്‍ നടക്കുന്നില്ലെന്നാണ്. വനംവകുപ്പ് നിയമസഭയില്‍ വച്ച റിപ്പോര്‍ട്ടുപ്രകാരം സംസ്ഥാനത്ത് 1130941.71 ഹെക്ടര്‍ വനഭൂമി ഉണ്ടെന്നും പറയുന്നു. 

സംസ്ഥാനത്ത് നടക്കുന്ന വനംകയ്യേറ്റങ്ങളും വനനശീകരണവും തടയുവാന്‍ സംസ്ഥാന വനംവകുപ്പിനാകുന്നില്ലെന്നത് വാസ്തവമാണ്. കേരളത്തിലെ വനമേഖലയിലുണ്ടായ മരങ്ങളുടെ കുറവും കാട്ടുതീയും വരള്‍ച്ചയും വന്യമൃഗങ്ങളെ നാട്ടിലെത്തിക്കുന്നു. സംസ്ഥാനം കുടിവെള്ളക്ഷാമത്തിലേക്ക് വഴുതിവീഴുമ്പോള്‍ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളും ഏറുന്നുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ കാര്‍ബണ്‍ മലിനീകരണം കുറയ്ക്കുവാന്‍ വനങ്ങള്‍ കൂടിയേ തീരൂ. 

സംസ്ഥാനത്തെ 44 നദികളും ഉത്ഭവിക്കുന്ന പശ്ചിമഘട്ടത്തിലെ വനമേഖല അവയുടെ നീരൊഴുക്ക് നിലനിര്‍ത്തുവാന്‍ അത്യന്താപേക്ഷിതമാണ്. സംസ്ഥാനത്തെ ഹൈറേഞ്ച് വനങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്‌നം നഗരവല്‍ക്കരണമാണ്. വനനിബിഡമായ കുന്നുകള്‍ ഇടിച്ചുനിരത്തി നടക്കുന്ന നഗരവല്‍ക്കരണം വിനോദസഞ്ചാരത്തിന്റെ പേരിലായാലും അപകടമാണ്. വനമേഖല കള്ളപ്പട്ടയം ഉപയോഗിച്ച് തട്ടിയെടുക്കുന്നത് തടയാനെങ്കിലും സര്‍ക്കാരും രാഷ്ട്രീയപാര്‍ട്ടികളും മുന്നോട്ടുവരണം. ഈ വനദിനത്തില്‍ അനധികൃത കയ്യേറ്റങ്ങള്‍ തടയുക എന്നതെങ്കിലും സര്‍ക്കാര്‍ നയമായി പ്രഖ്യാപിക്കണം.

e-mail: jcheenikkal@gmail.com

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.