മദ്യപാനികളുടെ നാടിന് ഒരു പൊന്‍തൂവല്‍ കൂടി!

Wednesday 21 March 2018 2:40 am IST
"undefined"

കേന്ദ്ര സുരക്ഷാ ഗുണനിലവാര അതോറിറ്റി (ഫസായി) നടത്തിയ പരിേശാധന പ്രകാരം 2016-17  കാലയളവില്‍ 743 വെള്ളക്കുപ്പികളുടെ സാമ്പിളുകളില്‍  224 കുപ്പിവെള്ളം മലിനീകരിക്കപ്പെട്ടതാണെന്ന് കണ്ടെത്തി. ഇതു കുടിക്കുന്ന കുട്ടികളില്‍ ഓട്ടിസംപോലുള്ള മാരകരോഗങ്ങള്‍ ഉണ്ടാകുമെന്നും, മുതിര്‍ന്നവരില്‍ കാന്‍സര്‍വരെ ഉണ്ടാകാനുള്ള സാധ്യതകളുണ്ടെന്നും തെളിഞ്ഞു. ഇതെല്ലാം കണക്കിലെടുത്ത് ദാഹിക്കുമ്പോള്‍ ബിയറോ വൈനോ കുടിക്കുവാന്‍ സര്‍ക്കാര്‍ കേരളീയരെ നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്. സര്‍ക്കാരിന്റെ മദ്യനയം ഇതിന് ഉദാഹരണമാണ്.

ഈയിടെ നടന്ന വലിയൊരു ആഘോഷവേളയില്‍ പ്രായഭേദമെന്യേ ആളുകള്‍ മദ്യപിച്ച് ലക്കില്ലാതെയാണ് വീടുകളിലെത്തിച്ചേര്‍ന്നത്. അതില്‍ ഭൂരിഭാഗവും 15-നും 25-നും ഇടയ്ക്ക് പ്രായമുള്ളവരാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. ഇതിന്റെയൊക്കെ അനന്തരഫലങ്ങള്‍ എന്താകുമെന്ന് ആലോചിച്ച് മാതാപിതാക്കള്‍ ദുഃഖിതരായിരിക്കുകയാണ്. സ്‌കൂള്‍തലം മുതല്‍ ഈ പ്രവണത തുടങ്ങിക്കഴിഞ്ഞതായി കാണാം. 

ഈ വൈകിയവേളയിലാണ് അവര്‍ക്കൊരു സന്തോഷവാര്‍ത്തയും കൂടി വന്നത്. ഭൂരിപക്ഷം പഞ്ചായത്തുകളിലും ബാര്‍ തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവായിരിക്കുകയാണ്. ജനസംഖ്യാ നിബന്ധനകളെല്ലാം ഒഴിവാക്കി വിനോദസഞ്ചാര മേഖലകളില്‍ മദ്യം വിളമ്പാനും കുടിക്കാനുമുള്ള അനുമതിയായി. മദ്യം ലഹരിയല്ലെന്നാണല്ലോ പുതിയ കണ്ടുപിടിത്തം. മാത്രമല്ല, അതുവഴി എത്ര ആളുകള്‍ക്ക് ജോലിയുമാകാം. പക്ഷേ എത്ര കുടുംബങ്ങള്‍ ഇതുകാരണം നശിക്കുമെന്നവര്‍ കണക്കെടുത്തിട്ടില്ല. കുറ്റകൃത്യങ്ങള്‍ എത്ര കൂടുമെന്നും അവര്‍ കണക്കാക്കിയിട്ടില്ല. 

പട്ടണങ്ങള്‍ ഏതൊക്കെയാണെന്ന് സംസ്ഥാനങ്ങള്‍ തീരുമാനിച്ച് ബാറുകള്‍ തുറക്കാനുള്ള അനുമതി നല്‍കാനാണ് തീരുമാനം. കഴിഞ്ഞ സര്‍ക്കാര്‍ 418 ബാറുകള്‍ ആദ്യം പൂട്ടുകയും പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രമായി ബാര്‍ ലൈസന്‍സ് നല്‍കുകയും ചെയ്തതാണ്. മറ്റുള്ള ഹോട്ടലുകള്‍ക്ക് ബിയര്‍-വൈന്‍ പാര്‍ലര്‍ ലൈസന്‍സ് നല്‍കുകയും ചെയ്തു. ഇതിനെത്തുടര്‍ന്നാണ് ബാര്‍കോഴയും മറ്റും വെളിച്ചത്തുവന്നത്. ഇത്തരത്തിലുള്ള അനാവശ്യ പ്രശ്‌നങ്ങളും വിവാദങ്ങളും മറികടക്കാന്‍ വേണ്ടിയാണത്രെ സര്‍ക്കാര്‍ യോഗ്യതയുള്ളവര്‍ക്കെല്ലാം മദ്യശാലകള്‍ തുറക്കാന്‍ അനുവാദം നല്‍കിയത്. എല്ലാ കാര്യത്തിലും ഒന്നാമതാകുന്ന കേരളീയരുടെ കിരീടത്തില്‍ മദ്യനയംകൂടി ഒരു പൊന്‍തൂവലായിരിക്കട്ടെ!

എന്‍.യു. പൈ, കൂവപ്പാടം, കൊച്ചി

കിം-ട്രംപ് കൂടിക്കാഴ്ച ചരിത്രപരം 

'കൊടിയ ശത്രുക്കള്‍ കൂടിക്കാഴ്ചയ്‌ക്കൊരുങ്ങുന്നു' എന്ന ശീര്‍ഷകത്തിലുള്ള വാര്‍ത്തയാണ് (ജന്മഭൂമി മാര്‍ച്ച് 10) ഈ കത്തിനാധാരം.

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ക്ഷണം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിച്ചതിനെക്കുറിച്ചാണല്ലോ വാര്‍ത്ത. അവരിരുവരും തങ്ങളുടെ കൈവശമുള്ള അണുവായുധശക്തിയെക്കുറിച്ച് വീമ്പിളക്കി പരസ്പരം വെല്ലുവിളിച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ലോകം ഞെട്ടുകയുണ്ടായി.

ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേറ്റതു മുതല്‍ തുടങ്ങിയതായിരുന്നല്ലോ ഇരുവരും തമ്മിലുള്ള വാക്കുകൊണ്ടുള്ള ഏറ്റുമുട്ടല്‍. കൊറിയന്‍ മേഖലയാകെ ഏതു സമയത്തും ഒരു യുദ്ധത്തിലേക്കു നീങ്ങിയേക്കാമെന്നു തോന്നിയ അവസരത്തിലായിരുന്നു ഉത്തര-ദക്ഷിണ കൊറിയകള്‍ തമ്മില്‍ ചര്‍ച്ചയ്ക്കു തയ്യാറായത്. ഈ ചര്‍ച്ചയുടെ ഗുണഫലംതന്നെയാണ് ഉന്നിന്റെ ക്ഷണവും. തീര്‍ച്ചയായും ഇത് ചരിത്രപരംതന്നെ. 

മേഖലയിലെ സംഘര്‍ഷത്തിനൊരു പരിഹാരം കാണാനായാല്‍ അത് തീര്‍ച്ചയായും ചരിത്രസംഭവംതന്നെയായിരിക്കും. ലോകസമാധാനത്തിന് അനുകൂലമായ സൂചനകൂടിയായിരിക്കും അത്. ഏറെ ശുഭാപ്തിവിശ്വാസത്തോടെതന്നെയാണ് ലോകം ഇവരുടെ കൂടിക്കാഴ്ചയെ ഉറ്റുനോക്കുന്നത്. 

എം. ശ്രീധരന്‍, വരവൂര്‍, തൃശൂര്‍

സര്‍ക്കാര്‍ ഉത്തരവിറക്കണം

സഹകരണ വകുപ്പിന്റെ കീഴിലുള്ള വിവിധ ബോര്‍ഡുകള്‍, സഹകരണ വകുപ്പ്, സംസ്ഥാന ജില്ലാ സഹകരണ ബാങ്കുകള്‍, സംസ്ഥാന സഹകരണ ബാങ്ക്, സഹകരണ അപ്പക്‌സ് സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാരുടെ സര്‍വ്വീസ് സംബന്ധമായ എല്ലാ കേസുകളും കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന് വിട്ടുകൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കാനും ഉത്തരവ് ഇറക്കാനും ഉടനെ നടപടി സ്വീകരിക്കണം. കേപ്പ്, സംസ്ഥാന സഹകരണ യൂണിയന്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നീ വകുപ്പുകളിലും ഇതേ നടപടിയുണ്ടാവണം.

അനീഷ്, കൊല്ലം

അവകാശക്കമ്മീഷനുകളും കേരളീയരും

നമ്മുടെ നാട്ടില്‍ ധാരാളം കമ്മീഷനുകളുണ്ട്. എല്ലാറ്റിന്റേയും ലക്ഷ്യം ഭഗവാന്‍ ഭഗവദ്ഗീതയില്‍ പറഞ്ഞതുപോലെ ധര്‍മസംസ്ഥാപനവും. എന്നിട്ടിവിടെ ധര്‍മം സംസ്ഥാപിക്കപ്പെട്ടിട്ടുണ്ടോ?

സരസ്വതീ ദേവി വിളയാടുന്നുണ്ടെന്ന് നാം വിശ്വസിക്കുന്ന വിദ്യാലയങ്ങളിലേക്ക് കടന്നു നോക്കാം. സുഭിക്ഷമായി ജീവിക്കാന്‍ വകുപ്പുള്ള കുടുംബത്തില്‍ ജനിച്ച കുട്ടിക്ക് ഒരു പ്രത്യേക സമുദായത്തില്‍ ജനിച്ചൂ എന്ന കാരണത്താല്‍ 1000 രൂപ സഹായധനവും പഠിക്കാന്‍ മേശയും കസേലയും എന്നുവേണ്ട മറ്റ് പല സര്‍ക്കാര്‍ സഹായങ്ങളും ലഭിക്കുമ്പോള്‍, ഉയര്‍ന്നതെന്ന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ വിധിയെഴുതിയ ചില ഉന്നത സമുദായങ്ങളില്‍ ജനിച്ചൂ എന്ന ഒറ്റക്കാരണത്താല്‍ വിശന്നുവലഞ്ഞ് നാലക്ഷരം പഠിക്കാനുള്ള ആഗ്രഹം ഒന്നുകൊണ്ട് മാത്രം വിശപ്പും സഹിച്ച് ക്ലാസുകളിലിരുന്ന് നിശ്ശബ്ദം കണ്ണീരൊഴുക്കുന്ന കുരുന്നുകളെ കാണാതെ പോകുന്ന കമ്മീഷനുകളെ എങ്ങനെ കാണണം?

നികുതിദായകരുടെ പണംകൊണ്ടാണ് വരേണ്യവര്‍ഗ്ഗം ഇത്തരം അന്യായങ്ങള്‍ ചെയ്തുകൂട്ടുന്നതെന്ന് നാം മറന്നുകൂടാ. അതിനുള്ള അധികാരങ്ങള്‍ അവര്‍ക്ക് ആര് നല്‍കി, എവിടെനിന്ന് കിട്ടി എന്ന് പരിശോധിക്കേണ്ടതുണ്ട്.

മതേതരത്വത്തിന്റെ ബാഡ്ജും കുത്തി സ്ഥിതിസമത്വം വിഭാവനം ചെയ്യുന്ന ഭരണഘടനയുടെ അന്തസ്സത്ത സംരക്ഷിച്ചോളാമെന്ന് പൊതുവേദിയില്‍ പ്രതിജ്ഞയെടുത്ത മന്ത്രി, സ്വന്തം സമുദായത്തിലെ മതാദ്ധ്യാപകര്‍ക്ക് ആനുകൂല്യങ്ങള്‍ വാരിക്കോരിക്കൊടുത്തതായി സമൂഹമാധ്യമങ്ങളില്‍ നിശിതവിമര്‍ശനങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്. പൊതുമുതലെടുത്ത് ഇങ്ങനെ പക്ഷപാതപരമായി ഉപയോഗിക്കുന്നത് തടയാനോ നിയന്ത്രിക്കാനോ ഇവിടെ നിയമമില്ലേ?

നികുതിദായകന്റെ പണമെടുത്ത് തുല്യമല്ലാതെ വിതരണം ചെയ്യുന്നത് അവഗണിക്കപ്പെടുന്ന സമുദായത്തിന്റെ, വിശേഷിച്ച് കുട്ടികളുടെ കാര്യത്തിലാവുമ്പോള്‍ അവകാശലംഘനമാണ്, നീതിനിഷേധമാണ്. ജനാധിപത്യസംവിധാനത്തില്‍ അനര്‍ഹമായ രീതിയില്‍ ആ സമുദായത്തിന്റെ വോട്ടുകള്‍ തട്ടിയെടുക്കുകയാണിവിടെ. ഇതനുവദിക്കരുത്. അട്ടപ്പാടിയില്‍ മരിച്ച മധുവിന്റെ അനുശോചനയോഗത്തില്‍ ഒരു നേതാവ് പ്രസംഗിക്കുന്നത് കേട്ടു ''തെരഞ്ഞെടുപ്പടുക്കുമ്പോള്‍ പത്തുകിലോ പോത്തിറച്ചി വരട്ടി വിതരണം ചെയ്യല്‍ മാത്രമാണ് അവിടങ്ങളിലെ ക്ഷേമപ്രവര്‍ത്തനം'' എന്ന്. ഏഴ് പതിറ്റാണ്ട് കാലത്തെ ജനാധിപത്യഭരണം നമ്മെ എവിടെക്കൊണ്ടെത്തിച്ചു എന്ന് ഏകദേശം മനസ്സിലായി കാണുമെന്ന് വിശ്വസിക്കുന്നു.

മേല്‍ പറഞ്ഞ കാരണങ്ങളാല്‍ കുട്ടികള്‍ക്ക് നേരെയുള്ള വിവേചനങ്ങളില്‍ ബാലാവകാശക്കമ്മീഷനും മുതിര്‍ന്നവര്‍ക്ക് നേരെയുള്ള വിവേചനങ്ങളില്‍ മനുഷ്യാവകാശക്കമ്മീഷനും കേസെടുത്ത് നടപടി സ്വീകരിക്കേണ്ടതാണ്.

ക്യാപ്ടന്‍ കെ. വേലായുധ 

കല്ലായി, കോഴിക്കോട്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.