വയല്‍ക്കിളി സമരത്തെ അധിക്ഷേപിച്ച് ഭരണപക്ഷം

Wednesday 21 March 2018 1:59 am IST

തിരുവനന്തപുരം: തളിപ്പറമ്പ് കീഴാറ്റൂരിലെ വയല്‍ക്കിളി സമരത്തെ അധിക്ഷേപിച്ച് ഭരണപക്ഷം. വയല്‍ക്കിളികളുടെ സമരത്തിന് വികസനപരമായോ ധാര്‍മ്മികപരമായോ കാര്‍ഷികപരമായോ പ്രാധാന്യമില്ലെന്നും സമരം ചെയ്യുന്നവര്‍ വയല്‍ക്കിളികളല്ല, വയല്‍കഴുകന്മാരാണെന്നും മന്ത്രി ജി.സുധാകരന്‍. ക്ഷേത്രഭൂമി കയ്യേറി അനധികൃതമായാണ് സമരമെന്ന് ജെയിംസ് മാത്യു എംഎല്‍എ . സമരത്തിന് പിന്നില്‍ മാവോയിസ്റ്റുകളാണെന്ന് ഇ.പി.ജയരാജന്‍. വിഷയം ചര്‍ച്ച ചെയ്യാനുള്ള അടിയന്തരപ്രമേയനോട്ടീസിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസും ബിജെപിയും കേരളകോണ്‍ഗ്രസും വാക്കൗട്ട് നടത്തി. വി.ഡി.സതീശനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

   നിയമവിരുദ്ധമായി ഏതാനും പേര്‍ ചേര്‍ന്നാണ് സമരം നടത്തുന്നതെന്ന് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. സമരത്തിന് പിന്നില്‍ വിദേശത്തുനിന്ന് ഫണ്ടു പറ്റി വരുന്ന ചിലരുടെ പങ്കുണ്ട്. വയലിന്റെ അരികില്‍പോലും പോവാത്തവരാണ് ചിലരെ തെറ്റിദ്ധരിപ്പിച്ച് സമരത്തിനിറക്കുന്നത്. മാലാഖന്മാര്‍ കടക്കാന്‍ മടിക്കുന്നിടത്ത് ചെകുത്താന്മാര്‍ കയറും. നാളെ യുഡിഎഫിന് ദുഷ്‌പേര് കേള്‍ക്കേണ്ടിവരും.യുഡിഎഫ് ഉണ്ടാക്കിയ അലൈന്‍മെന്റില്‍ ചെറിയ മാറ്റം മാത്രമാണ്. അലൈന്‍മെന്റ് മാറ്റമെന്നാണ് ബിജെപി എംപി വി.മുരളീധരന്‍ പറഞ്ഞത്. കലാപമുണ്ടാക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നും സുധാകരന്‍ ആരോപിച്ചു.

വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തിന്റെ അധീനതയിലുളള ഭൂമിയില്‍ അനധികൃതമായി സമരപ്പന്തല്‍ കെട്ടുകയാണുണ്ടായതെന്ന് ജെയിംസ്  മാത്യു എംഎല്‍എ പറഞ്ഞു. സമരപന്തല്‍ കത്തിച്ചതില്‍ പരാതിയില്ലെന്ന് ക്ഷേത്രട്രസ്റ്റ് പ്രസിഡന്റ് അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സിപിഎം പാര്‍ട്ടിഗ്രാമത്തിലുള്ള പാര്‍ട്ടിക്ക് വേണ്ടി ജീവത്യാഗം ചെയ്യുന്നവരെപ്പോലും ബോധ്യപ്പെടുത്താന്‍ കഴിയാത്ത വികസനസമീപനമാണ് സര്‍ക്കാരിന്റേതെന്ന് വി.ഡി.സതീശന്‍ പറഞ്ഞു. 

  കീഴാറ്റൂര്‍ സിപിഎം ശക്തികേന്ദ്രമാണെന്നും ചിലര്‍ക്ക് സര്‍ക്കാര്‍ നിലപാട് ബോധ്യപ്പെട്ടിട്ടില്ല എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സിപിഎമ്മുകാരായ ചിലര്‍ എതിര്‍പ്പുമായി വന്നുവെന്നു കരുതി എല്ലാം കെട്ടിവയ്ക്കണോ. അനാവശ്യ എതിര്‍പ്പുകളുടെ മുന്നില്‍ വഴങ്ങി കൊടുത്ത്  വികസനത്തിന് തടസം നില്‍ക്കാനാവില്ല. തളിപ്പറമ്പില്‍ ദേശീയപാതാവികസനം വേണ്ടെന്നുവയ്ക്കാനാവില്ല. ഭൂവുടമകളില്‍ 60 പേരില്‍ 3 പേര്‍ മാത്രമാണ് പദ്ധതിക്ക് തടസം നില്‍ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.സമരപന്തല്‍ കത്തിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ സിപിഎമ്മിന്റെ അസഹിഷ്ണുതയാണ് കാട്ടുന്നതെന്നും പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും ഒ.രാജഗോപാല്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.