വ്യാജരേഖയുണ്ടാക്കി കൈക്കലാക്കി; കോടതി പറഞ്ഞിട്ടും ഒഴിയാതെ പഞ്ചായത്ത്

Wednesday 21 March 2018 2:05 am IST
"undefined"

തൊടുപുഴ: വ്യാജ രേഖയുണ്ടാക്കി തട്ടിയെടുത്ത പുരയിടം കോടതി വിധിയുണ്ടായിട്ടും അങ്കണവാടിയുടെ മറവില്‍ അവിവാഹിതയായ വയോധികയ്ക്ക് വിട്ട് നല്‍കാതെ പഞ്ചായത്ത് അധികൃതര്‍. 

പുറപ്പുഴ പഞ്ചായത്ത് 10-ാം വാര്‍ഡില്‍പ്പെട്ട കുണിഞ്ഞി കച്ചേരിപ്പടവില്‍ സിസിലി മാത്യുവാണ് സുഹൃത്തുക്കളുടെ വീടുകളിലും ധ്യാന കേന്ദ്രങ്ങളിലുമായി മാറി മാറി ജീവിതം തള്ളി നീക്കുന്നത്. സിസിലി പറയുന്നതിങ്ങനെ: മുമ്പ് അങ്കണവാടി അധ്യാപികയായിരുന്ന തന്റെ വീട്ടിലാണ് അങ്കണവാടി പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് ഇത് സ്‌കൂളിന് സമീപം പുതിയ കെട്ടിടം പണിത് മാറ്റി സ്ഥാപിച്ചു. തനിച്ചായതിനാലും ജോലി നല്‍കിയതിനാലുമാണ് അന്ന് ഒരു മുറി ഇതിനായി വിട്ട് നല്‍കിയത്. 

14.5 സെന്റ് സ്ഥലവും ഓട് മേഞ്ഞ വീടും 2012ല്‍ ആണ് പഞ്ചായത്ത് സെക്രട്ടറിയുടെ പേരിലാക്കുന്നതും കരം അടയ്ക്കുന്നതും. മരങ്ങള്‍ മുറിച്ച് വിറ്റു, വീട്ടിലെ ഉപകരങ്ങളും കൈക്കലാക്കുകയും ചെയ്തു.

ഈ സമയം കണ്ണൂരിലെ ബന്ധുക്കളുടെ വീട്ടിലായിരുന്ന താന്‍, വീട് ജെസിബിയ്ക്ക് ഇടിച്ച് പൊളിക്കുന്നത് അറിഞ്ഞാണ് സ്ഥലത്തെത്തുന്നത്. തടയാന്‍ ശ്രമിച്ചെങ്കിലും അത് പോലീസ് കേസ് വരെയെത്തി. 2013ല്‍ ഇവിടെ പുതിയ കെട്ടിടം പണിത് സമീപത്തെ സ്‌കൂളില്‍ പ്രവര്‍ത്തിച്ചിരുന്ന അങ്കണവാടി മാറ്റി സ്ഥാപിക്കുകയും ചെയ്തു. 

മന്ത്രി കൂടിയായിരുന്ന പി.ജെ. ജോസഫ് എംഎല്‍എയെ അടയ്ക്കം കണ്ട് പരാതി പറഞ്ഞെങ്കിലും കൈയൊഴിയുകയായിരുന്നുവെന്നും സിസിലി പറയുന്നു. ഇതേ തുടര്‍ന്ന് 2015ലാണ് ഹൈക്കോടതിയില്‍ നിന്ന് സ്ഥലം ഇവര്‍ക്ക് തന്നെ വിട്ട് കൊടുക്കണമെന്ന് വിധി വരുന്നത്. 2016ല്‍ സിസിലി മാത്യുവിന്റെ പേര്‍ക്ക് സ്ഥലം പോക്ക് വരവ് ചെയ്‌തെങ്കിലും കെട്ടിടം ഒഴിയാന്‍ ഇതുവരെയും തയ്യാറായില്ല.

സംഭവത്തില്‍ കോടതി വിധി പ്രകാരം നടപടി എടുത്ത് സ്ഥലം വിട്ട് കൊടുത്തെന്നാണ് എല്‍ആര്‍ തഹസില്‍ദാര്‍ ലത വി.ആര്‍. പറയുന്നത്. അങ്കണവാടി കെട്ടിടം പഞ്ചായത്തിന്റെ കീഴിലാണെന്നും ബാക്കിയുള്ള സ്ഥലമാണ് തിരച്ച് നല്‍കിയതെന്നും ഇവര്‍ പറയുന്നു.

വിധി നടപ്പാക്കണം

സംഭവത്തില്‍ അനാഥയായ സിസിലിയ്ക്ക് വിധി നടപ്പാക്കി കെട്ടിടം വിട്ട് നല്‍കണമെന്ന് ബിജെപി പുറപ്പുഴ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.എന്‍. സഹജന്‍ ആവശ്യപ്പെട്ടു. കുറ്റക്കാരായ നിലവിലെയും മുമ്പത്തെയും ഭരണസമിതിയ്ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടി വേണമെന്നും അദ്ദേഹം പ്രസ്ഥാവനയിലൂടെ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.