ചര്‍ച്ചയിലാകെ ദി ഫിനിഷര്‍

Wednesday 21 March 2018 2:23 am IST
"undefined"

ചെന്നൈ: അരങ്ങേറിയ വര്‍ഷം വച്ചു നോക്കിയാല്‍ കൃഷ്ണകുമാര്‍ ദിനേശ് കാര്‍ത്തിക് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മോസ്റ്റ് സീനിയറാണിപ്പോള്‍. പതിനാലു വര്‍ഷമായി ടീമിലെത്തിയിട്ട്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍, അതായിരുന്നു സ്‌പോട്ട്. മഹേന്ദ്ര സിങ് ധോണി എന്ന എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍ കം ബാറ്റ്‌സ്മാന്‍ വന്നതോടെ ദിനേശ് കാര്‍ത്തിക് ടീമിലെ സന്ദര്‍ശകനായി. പക്ഷേ, അവസരം കിട്ടിയപ്പോഴൊക്കെ കളം നിറഞ്ഞു. ശ്രീലങ്കയിലേക്ക് യുവനിരയെ അയക്കാന്‍ തീരുമാനിക്കുമ്പോള്‍ വിക്കറ്റിനു പിന്നില്‍ ദിനേശ് മതി എന്നു തീരുമാനിക്കാന്‍ പാകത്തിന് നിത്യയൗവനമാര്‍ന്നു നില്‍ക്കുന്നു ഈ മുപ്പത്തിരണ്ടുകാരന്റെ ഫോം എന്നതിന് കഴിഞ്ഞ ദിവസത്തെ എട്ടു ബോള്‍ 29 റണ്‍സ് പ്രകടനം ധാരാളം. 

ത്രിരാഷ്ട്ര ടി20യില്‍ മറ്റൊരു തമിഴ്‌നാട്ടുകാരനായ വിജയ് ശങ്കറിന്റെ നിസ്സഹായതയില്‍ ടീം തോല്‍വിയിലേക്കു കൂപ്പുകുത്തുമ്പോഴാണ് 6,4,6,0,2,4,1,6 എന്ന വിസ്മയ പ്രകടനത്തോടെ ദിനേശ് വിജയം പിടിച്ചു വാങ്ങിയത്. അവസാന പന്തിലെ സിക്‌സര്‍ മാജിക്കിനെക്കുറിച്ചാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തു ചര്‍ച്ച. 2019 ലോകകപ്പിലും ധോണി കളിക്കും എന്നുറപ്പുള്ളപ്പോള്‍ ദിനേശിലെ ഫിനിഷറെ എവിടെ പ്രയോജനപ്പെടുത്തും എന്നു ചോദിക്കുന്നു ക്രിക്കറ്റ് ലോകം. 

വിരാട് കോഹ്‌ലി ക്യാപ്റ്റനായി വന്നപ്പോഴാണ് ദിനേശിനെ വീണ്ടും വല്ലപ്പോഴും അവസരങ്ങള്‍ കിട്ടിത്തുടങ്ങിയത്. അവസനം കളിച്ച ആറ് ഏകദിനങ്ങളിലം സ്‌കോര്‍ ഇങ്ങനെ, 50 നോട്ടൗട്ട്, 37, 64 നോട്ടൗട്ട്, 0, 26 നോട്ടൗട്ട്. എന്നിട്ടും ദക്ഷിണാഫ്രിക്കയിലെ ആറ് ഏകദിനങ്ങളില്‍ ഒന്നില്‍പ്പോലും കളിച്ചില്ല ദിനേശ്. 

കാര്‍ത്തിക്കിന്റെ മാറ്റം അത്ഭുതപ്പെടുത്തി. അവസാന പന്തിലെ സിക്‌സറിനേക്കാള്‍, അതിനു ശേഷം  പ്രകടിപ്പിച്ച ശാന്തതയാണ് ഞാന്‍ ശ്രദ്ധിച്ചത്. ടീമിലെ സ്ഥിരം സാന്നിധ്യമായി കാര്‍ത്തിക് മാറേണ്ടിയിരിക്കുന്നു. ഏതു പൊസിഷനിലും കളിക്കാമെന്നു തെളിയിച്ചു. ടീമിന് മികച്ച ഫിനിഷറെ കിട്ടി എന്നതാണ് ഈ പരമ്പരയുടെ നേട്ടം.- പ്രവീണ്‍ ആംറെ

കടുത്ത സമ്മര്‍ദ്ദത്തിലും കാര്‍ത്തിക് വിജയത്തിലേക്കു നയിച്ചത് ഉജ്ജലമായി. അസാധാരണായ കഴിവുള്ള കളിക്കാരനാണ് കാര്‍ത്തിക് എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. ഇതാ ഇപ്പോള്‍ താനൊരു മാച്ച് വിന്നറാണെന്നും തെളിയിച്ചിരിക്കുന്നു. ഏറ്റവും ഉചിതമായ സമയത്ത് ഫിനിഷറാവാന്‍ കഴിയുമെന്നും.-കെ. ശ്രീകാന്ത്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.