മുഖ്യമന്ത്രിയുടെ യാത്രാസുരക്ഷ ഒരുക്കുമ്പോള്‍ പൈലറ്റ് വാഹനം കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചു

Wednesday 21 March 2018 10:50 am IST

 

 

കൊട്ടാരക്കര: എംസി റോഡ് വഴി സഞ്ചരിക്കുന്ന മുഖ്യമന്ത്രിയുടെ വാഹനത്തിന് സുഗമമായ യാത്രയൊരുക്കാന്‍ എത്തിയ പോലീസിന്റെ ഹൈവേ പട്രോളിംഗ് വാഹനം കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസുമായി കൂട്ടിയിടിച്ച് നാല് പോലീസുകാര്‍ക്ക് പരിക്ക്. 

പുത്തൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ റഷീദ്, എഴുകോണ്‍ സ്റ്റേഷനിലെ എഎസ്‌ഐ അനില്‍, കൊട്ടാരക്കര സ്റ്റേഷനിലെ വനിതാ പോലീസ് വിദ്യാരാജ്, ഡ്രൈവര്‍ എ.ആര്‍.ക്യാമ്പിലെ പ്രമോദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ കൊട്ടാരക്കരയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ വൈകിട്ട് 3.45ന് എം സി റോഡ് പനവേലിക്ക് സമീപമാണ് അപകടം ഉണ്ടായത്. തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്ക് സഞ്ചരിച്ച മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം വരുന്നതിന് മുന്നോടിയായി റൂട്ട് ക്ലിയറന്‍സ് നോക്കാന്‍ എത്തിയതായിരുന്നു ഹൈവേ പട്രോളിംഗ്—പോലീസ് വാഹനം. പെരിന്തല്‍മണ്ണയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ് പോലീസ് വാഹനത്തില്‍ ഇടിക്കുകയായിരുന്നു. ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിലാണ് അപകടം ഉണ്ടായതെന്ന് ദൃസാക്ഷികള്‍ പറയുന്നു.   നാട്ടുകാരും ചേര്‍ന്ന് പരിക്കേറ്റ പോലീസുകാരെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ബസിലെ യാത്രക്കാര്‍ക്ക് കാര്യമായ പരിക്കില്ല. ഇടിയുടെ ആഘാതത്തില്‍ പോലീസ് വാഹനം തകര്‍ന്നിട്ടുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തി പരിക്കേറ്റ പോലീസുകാരെ സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.