ജയലളിതയുടെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ശശികല

Wednesday 21 March 2018 12:56 pm IST

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ.ജയലളിതയുടെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി തോഴി വി.കെ ശശികല. ശുചിമുറിയില്‍ വീണ ജയലളിത ആശുപത്രിയില്‍ പോകാന്‍ തയാറായില്ലെന്ന് ശശികല ജുഡീഷ്യല്‍ കമ്മീഷനെ അറിയിച്ചു. എന്നാല്‍ താന്‍ ഡോക്ടറെ വിളിച്ച്‌ ആല്‍ബുലന്‍സ് ആവശ്യപ്പെടുകയായിരുന്നു. ശശികലയുടെ ബന്ധുവായ ഡോക്ടര്‍ കെ.എസ് ശിവകുമാറിനെയാണ് സഹായത്തിന് വിളിച്ചതെന്നും ശശികല മൊഴി നല്‍കി.

ആശുപത്രിയിലേക്ക് പോകും വഴി ജയലളിതയ്ക്ക് ബോധം വന്നിരുന്നുവെന്നും തന്നെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് ചോദിച്ചിരുന്നതായും ശശികല പറയുന്നു. 2016 സെപ്തംബര്‍ 22നാണ് ജയലളിത ചെന്നൈയിലെ വസതിയിലെ ശുചിമുറിയില്‍ വീണത്. ജയലളിത സുബോധത്തോടെ ആശുപത്രിയില്‍ കഴിയുന്ന സമയത്ത് നാലു തവണ അവരുടെ വീഡിയോ ചിത്രീകരിച്ചിരുന്നു. എഐഎഡിഎം.കെ മുതിര്‍ന്ന നേതാക്കളായ ഒ.പനീര്‍ശെല്‍വവും എം. തമ്പിദുരൈയും അവരെ ആശുപത്രിയില്‍ എത്തി കണ്ടിരുന്നുവെന്നും ശശികല മൊഴി നല്‍കി. 

ജയലളിത മൂന്നു മാസം ആശുപത്രിയില്‍ കഴിഞ്ഞിട്ടും സന്ദര്‍ശിക്കാന്‍ തങ്ങളെ അനുവദിച്ചില്ലെന്ന് ഇവര്‍ നേരത്തെ ആക്ഷേപം ഉന്നയിച്ചിരുന്നു. രണ്ട് സുരക്ഷാ ഓഫീസര്‍മാരും ജയലളിതയെ സന്ദര്‍ശിച്ച്‌ സംസാരിച്ചിരുന്നുവെന്നും ശശികല അറിയിച്ചു. ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അവരുടെ ആരോഗ്യത്തെയും ചികിത്സയെയും സംബന്ധിച്ച്‌ വ്യക്തതയില്ലെന്നുമുള്ള ആരോപണത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ മുന്‍ ഹൈക്കോടതി ജഡ്ജി എ.അറുമുഖസാമിയെ അന്വേഷണത്തിന് നിയോഗിച്ചത്. കഴിഞ്ഞയാഴ്ചയാണ് ശശികലയുടെ മൊഴി ജുഡീഷ്യല്‍ കമ്മീഷന് നല്‍കിയത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.