ലിംഗായത്ത് വിഷയത്തില്‍ കോണ്‍ഗ്രസിന് തോല്‍വി; വെള്ളിയാഴ്ച നിര്‍ണ്ണായക യോഗം

Wednesday 21 March 2018 3:48 pm IST

ന്യൂദല്‍ഹി: ലിംഗായത്തുകള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കാനുള്ള ശുപാര്‍ശകൊണ്ടുള്ള രാഷ്ട്രീയക്കളിയില്‍ കോണ്‍ഗ്രസിനും കര്‍ണ്ണാടക സര്‍ക്കാരിനും ആദ്യ തോല്‍വി. കോണ്‍ഗ്രസ് നേതൃത്വത്തില്‍ യുപിഎ കേന്ദ്രം ഭരിക്കുമ്പോള്‍ കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉയര്‍ത്തിയ ഈ ആവശ്യം കേന്ദ്രം തള്ളിയതാണ്. 

വെള്ളിയാഴ്ച ലിംഗായത്തുകളുടെ മഹായോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തോട് സമുദായം യോജിക്കുന്നുണ്ടോ എന്നറിയാം. അതിനനുസരിച്ചായിരിക്കും തുടര്‍ നടപടികള്‍. 2013 ല്‍,  ലിംഗായത്തുകളേയും വീരശൈവരേയും പ്രത്യേക മതവിഭാഗമായി പരിഗണിക്കണമെന്ന് ആവശ്യപ്പെടുന്ന ശുപാര്‍ശ കര്‍ണ്ണാടക സര്‍ക്കാരില്‍നിന്ന് കിട്ടിയതായി മുന്‍ ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ സ്ഥിരീകരിച്ചു. 

രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ 2013 ല്‍ അന്നത്തെ ആഭ്യന്തരമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് എഴുതിയ കത്തില്‍ ലിംഗായത്തുകള്‍ക്ക് പ്രത്യേക മതപരിഗണനക്കാര്യം വിശദീകരിക്കുന്നു. 

2011-ല്‍ സെന്‍സസ് എടുക്കുന്നതിന് തയ്യാറാക്കിയ പ്രത്യേക ഫോറത്തില്‍ ലിംഗായത്ത് സമൂഹത്തെ പ്രത്യേക മതവിഭാഗമായി കണക്കാക്കാന്‍ പ്രത്യേക കോളം ആവശ്യമില്ലെന്നാണ് രജിസ്ട്രാര്‍ ജനറലിന്റെ നിര്‍ദ്ദേശം.

2013 നവംബര്‍ 14ന് രജിസ്ട്രാര്‍ എഴുതിയ കത്തില്‍ കര്‍ണ്ണാടകത്തിലെ ലിംഗായത്തുകള്‍ ഹിന്ദു മതവിശ്വാസികളാണെന്നും പ്രത്യേക മതവിഭാഗത്തില്‍ പെടുന്നില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

2013-ല്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ നിലപാട് ലിംഗായത്തുകള്‍ക്കും വീരശൈവര്‍ക്കും പ്രത്യേക മതവിഭാഗമെന്ന പരിഗണന നല്‍കിയാല്‍ അത് സമുദായത്തെ പിളര്‍ത്തുമെന്നും പട്ടിക ജാതിക്കാരില്‍പെട്ട വീരശൈവര്‍ക്കും ലിംഗായത്തുകള്‍ക്കും ഭരണഘടനാ പരമായ അവരുടെ അവകാശങ്ങള്‍ നഷ്ടമാകുമെന്നും നിലപാട് എടുത്തിട്ടുണ്ട്. ഹിന്ദു, ബുദ്ധ, സിഖ് മതങ്ങളിലേ പട്ടികജാതിക്കാര്‍ എന്ന പദവിക്ക് അംഗീകാരമുള്ളു, കേന്ദ്ര പാര്‍ലമെന്ററി സഹമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ വിശദീകരിക്കുന്നു.

കര്‍ണ്ണാടത്തിലെ ലിംഗായത്ത്-വീരശൈവ സമുദായങ്ങളുടെ സംഘടനാ നിലപാട് അറിയാന്‍ കാത്തു നില്‍ക്കുകയാണെന്ന് ബിജെപി നേതാവ് ബി.എസ് യദിയൂരപ്പ പറഞ്ഞു. '' കര്‍ണ്ണാടത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇങ്ങനെയൊരു ശുപാര്‍ശ വെച്ചു. ഇനി ചെയ്യേണ്ടത് ലിംഗായത്തുകള്‍ യോഗം ചേര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനോട് യോജിക്കുന്നോ എതിര്‍ക്കുന്നോ എന്ന് അറിയിക്കുകയാണ്. സമുദായം ഉടന്‍ അതു ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്, യദിയൂരപ്പ പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.