കീഴാറ്റൂര്‍ വയല്‍ക്കിളി സമരം കായികമായി നേരിടാന്‍ സിപിഎം

Wednesday 21 March 2018 5:36 pm IST

 

കണ്ണൂര്‍: കീഴാറ്റീരില്‍ വയല്‍ നികത്തി ദേശീയപാത ബൈപാസ് നിര്‍മ്മാണത്തിനെതിരെ വയല്‍ക്കിളികളുടെ നേതൃത്വത്തില്‍ നടത്തി വരുന്ന സമരത്തെ കായികമായി നേരിടാന്‍ സിപിഎം. കേരളം കീഴാറ്റൂരിലേക്കെന്ന പേരില്‍ വയല്‍ക്കിളികള്‍ 25 ന് നടത്താന്‍ നിശ്ചയിച്ച സമരപരിപാടിക്ക് മുമ്പ് നാടിന് കാവല്‍ എന്ന പേരില്‍ സിപിഎം പരിപാടി നിശ്ചയിച്ചിട്ടുണ്ട്. 

വയല്‍ക്കിളികളുടെ സമരത്തിന് സിപിഎം ഇതര രാഷ്ട്രീയ സംഘടനകളില്‍നിന്നും പരിസ്ഥിതി സംഘടനകളില്‍ നിന്നും വ്യാപകമായ പിന്‍തുണയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. സമരപരിപാടികളില്‍ സിപിഎം നേതൃത്വത്തിന് ഇരട്ടത്താപ്പാണെന്ന നിലയില്‍ പ്രമുഖ പരിസ്തിതി പ്രവര്‍ത്തക മേധാപട്കര്‍ ഉള്‍പ്പടെയുള്ളവര്‍ പ്രതികരിച്ചത് സിപിഎമ്മിനെ പൂര്‍ണ്ണമായും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. എല്‍ഡിഎഫിലെ മറ്റ് സംഘടനകളും വയല്‍ക്കിളികളുടെ സമരത്തിന് ഐഖ്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടണ്ട്. കഴിഞ്ഞ ദിവസം സമരക്കാരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയും സമരപ്പന്തല്‍ കത്തിക്കുകയും ചെയ്ത വിഷയത്തില്‍ രാഷ്ട്രീയ പരമായും സിപിഎം കേരളത്തില്‍ ഒറ്റപ്പെട്ട സാഹചര്യമാണുള്ളത്. സമരപ്പന്തല്‍ കത്തിച്ചതില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ വ്യക്തമാക്കിയതെങ്കിലും കേസില്‍ പാര്‍ട്ടി മുന്‍ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പടെ അറസ്റ്റിലായതോടെ ഈ വാദം പൊളിയുകയായിരുന്നു. സമരപ്പന്തല്‍ കത്തിച്ച സിപിഎമ്മുകാര്‍ മാധ്യമപ്രവര്‍ത്തകരെ തടയാന്‍ ശ്രമിക്കുകയയും ചെയ്തിരുന്നു.

കൃഷിക്കാരെ അറസ്റ്റ് ചെയ്ത് സമരപ്പന്തല്‍ കത്തിച്ചതോടെ സമരം പൂര്‍ണ്ണമായും അവസാനിച്ചു എന്ന കണക്ക് കൂട്ടലിലായിരുന്നു സിപിഎം നേതൃത്വം. എന്നാല്‍ സിപിഎം നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചുകൊണ്ട് സമരത്തിന് വിവിധ കോണുകളില്‍ നിന്നുള്ള പിന്‍തുണ വര്‍ദ്ധിക്കുകയാണ് ചെയ്തത്. കേരളത്തിലെ സാംസ്‌കാരിക നായകന്‍മാരും, പരിസ്ഥിതി പ്രവര്‍ത്തകരും സമരപ്പന്തല്‍ കത്തിച്ചതിനെ നിശിതമായി വിമര്‍ശിച്ചതോടൊപ്പം സമരത്തിന് പിന്‍തുണ പ്രഖ്യാപിക്കുകയും ചെയ്തു. കേരളം കീഴാറ്റൂരിലേക്ക് എന്ന പേരില്‍ 25 മുതല്‍ സമരം പുനരാരംഭിക്കാന്‍ വയല്‍ക്കിളികള്‍ തീരുമാനിച്ചത് തന്നെ സമരത്തിന് കൂടുതല്‍ പിന്‍തുണ ലഭിച്ച സാഹചര്യത്തിലാണ്. 

പാര്‍ട്ടിക്കകത്തും പുറത്തും പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് സിപിഎം നേതൃത്വം നാടിന് കാവല്‍ എന്ന പേരില്‍ സമരവുമായി മുന്നോട്ട് വരുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രവര്‍ത്തകരെ അണിനിരത്തി കീഴാറ്റൂരിലേക്ക് മാര്‍ച്ച് നടത്താനാണ് സിപിഎം നേതൃത്വം പദ്ധതിയിടുന്നത്. ബൈപാസിനെതിരായ സമരത്തില്‍ തുടക്കത്തില്‍ സിപിഎമ്മും സഹകരിച്ചിരുന്നു. തുടര്‍ന്ന് രണ്ട് തവണ അലൈന്‍മെന്റ് മാറ്റി വെയ്ക്കുകയും ചെയ്തു. വയല്‍ക്കിളികള്‍ നടത്തുന്ന സമരത്തിലും സിപിഎം തുടക്കത്തില്‍ പങ്കെടുത്തിരുന്നുവെങ്കിലും പിന്നീട് പിന്‍മാറുകയായിരുന്നു. വയല്‍ക്കിളികളുടെ സമരത്തെ പരാജയപ്പെടുത്താന്‍ 25 ന് ശേഷം കീഴാറ്റൂരില്‍ പന്തല്‍ കെട്ടി സമരം നടത്താനാണ് സിപിഎം നീക്കം നടത്തുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രവര്‍ത്തകരെ അണിനിരത്തി വയല്‍ക്കിളികളുടെ സമരത്തെ പിന്‍തുണയ്ക്കുന്നവരെ കീഴാറ്റൂരില്‍ വിലക്കുക എന്ന സമ്മര്‍ദ്ധ തന്ത്രം കൂടി സിപിഎം നീക്കത്തിന് പിന്നിലുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.