കുരുന്നു കൈകളില്‍ മേളപ്പെരുക്കവുമായി ചെറിയ അരീക്കാമല എല്‍പി സ്‌ക്കൂളിലെ കൊച്ചു മിടുക്കര്‍

Wednesday 21 March 2018 5:37 pm IST

 

പയ്യാവൂര്‍: പ്രായം ആറിനും ഒമ്പതിനും ഇടയില്‍. മാതാപിതാക്കള്‍ നിത്യ കൂലിവേലക്കാര്‍ ആധുനിക സാങ്കേതിക വിദ്യകളും ജീവിത രീതികളുമൊക്കെ ഈ കുരുന്നുകള്‍ക്ക് അന്യം. സമപ്രായക്കാര്‍ സ്മാര്‍ട്ട് ഫോണുകളിലും കമ്പ്യൂട്ടറിലും ഗെയിമുകള്‍ കളിച്ചും ചാറ്റിങ്ങും ഷെയറിങ്ങും ഹോബിയാക്കിയും വാട്‌സ്ആപ്പിലും ഫേസ് ബുക്കിലുമൊക്കെ തിരഞ്ഞും സമയം കളയുമ്പോള്‍ ആധുനികതയുടെ മാസ്മരിക വലയത്തിലൊന്നും പെടാതെ തകരപ്പാട്ടയില്‍ താളമടിച്ചു കൈവഴക്കത്തിലും താളപ്പെരുക്കത്തിലുമുള്ള തങ്ങളുടെ അസാമാന്യ പാടവം തെളിയിക്കുകയാണ് ചെറിയ അരീക്കാമല സെന്റ് ജോസഫ്‌സ് എല്‍പി സ്‌കൂളിലെ ഈ കൊച്ചു മിടുക്കര്‍. 

കഴിഞ്ഞ ദിവസം സ്‌ക്കൂള്‍ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടന്ന ശിങ്കാരിമേളം കണ്ട് രക്ഷിതാക്കളും നാട്ടുകാരും അത്ഭുതം പൂണ്ടു. തൃശൂര്‍ പൂരത്തിന്റെ ആവേശമായ ഇലഞ്ഞിത്തറമേളത്തെ അനുസ്മരിപ്പിക്കുന്ന ചെണ്ടമേളം കേട്ട് വേദിയിലേക്ക് നോക്കിയവര്‍ വിസ്മയഭരിതരായി. ചെണ്ടക്കോലിന്റെ വലിപ്പം പോലുമില്ലാത്ത കുരുന്നു കരങ്ങളില്‍ ചെണ്ടക്കോല്‍ അതിദ്രുതം ചലിക്കുന്നു. പാരമ്പര്യവും തഴക്കവുമുള്ള ചെണ്ട വിദ്യാന്മാരുടെ മെയ് വഴക്കത്തോടെ തല കുലുക്കി ഒരേ മനസോടെ ഒരേ താളത്തില്‍ കൊട്ടിത്തിമിര്‍ക്കുകയാണവര്‍. രണ്ടാം ക്ലാസുകാരന്‍ കെ.ബി.ശ്രീരാഗ്, നാലാം ക്ലാസുകാരായ അര്‍ജുന്‍മോഹന്‍, ബിനീഷ് ബാലന്‍, നന്ദു ഗോപി, എം.എസ്.വൈഷ്ണവ്, പി.വി.പ്രപഞ്ച് എന്നിവരാണ് തങ്ങളുടെ ജ്യേഷ്ഠസഹോദരങ്ങളും സെന്റ് ജോസഫ്‌സ് എല്‍പി സ്‌കൂളിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥികളും ഇപ്പോള്‍ ഹൈസ്‌ക്കൂളില്‍ പഠിക്കുന്നവരുമായ കെ.ആര്‍.ശരത്ത്, എം.ആര്‍.കിരണ്‍, എം.ആര്‍.കിഷോര്‍ എന്നിവരോടൊപ്പം വേദിയെ മറ്റൊരു ഇലഞ്ഞിത്തറയാക്കി മാറ്റി മേളാസ്വാദകര്‍ക്ക് വിരുന്നൊരുക്കിയത്. ദിഖില്‍ നാരായണന്‍, ധനൂപ് മോഹന്‍ എന്നീ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് ഈ കുരുന്നുകള്‍ക്ക് പരിശീലനം നല്‍കിയത്. 

ചെണ്ടവാങ്ങാന്‍ സാമ്പത്തിക സ്ഥിതി അനുവദിക്കാത്തതിനാല്‍ തകരപ്പാട്ടയിലും മരപ്പലകയിലുമാണവര്‍ കൊട്ടി പരിശീലിച്ചത്. വാര്‍ഷികാഘോഷത്തിനായി വാടകക്കെടുത്ത ചെണ്ടയിലായിരുന്നു ഇവരുടെ അരങ്ങേറ്റം. മികച്ച ചെണ്ടവിദ്വാന്‍മാരെപ്പോലും അതിശയിപ്പിക്കുന്ന തരത്തില്‍ ഒന്നാം കാലം മുതല്‍ നാലാം കാലം വരെ കൊട്ടിക്കയറിയ ഈ മിടുക്കന്മാരുടെ കരവിരുതും താളബോധവും കാണികളില്‍ ആവേശമുളവാക്കി. ഇവര്‍ക്ക് പ്രോത്സാഹനം നല്‍കി എപ്പോഴും ഒപ്പമുള്ള പ്രധാനാധ്യാപിക എല്‍സമ്മ മാത്യൂവിനും സഹാധ്യാപകര്‍ക്കും പിടിഎ അംഗങ്ങള്‍ക്കും നിറഞ്ഞ സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും നിമിഷങ്ങള്‍ കൂടിയായി ഇവരുടെ അരങ്ങേറ്റം. അനുകൂലമായ സാഹചര്യങ്ങളും വിദഗ്ദ്ധ പരിശീലനത്തിനുള്ള അവസരവും ലഭിച്ചാല്‍ ഈ കൊച്ചു ശിങ്കാരിമേളക്കാര്‍ ഭാവിയില്‍ മേളങ്ങളുടെ മേളമായ ഇലഞ്ഞിത്തറ മേളത്തോടു കിടപിടിക്കാന്‍ കെല്‍പ്പുള്ളവരായി മാറുമെന്നതിനു സംശയമില്ല. അതിനായി നല്ലവരായ നാട്ടുകാരുടെയും ഗ്രാമ പഞ്ചായത്തിന്റെയൊക്കെ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുകയാണ് സ്‌കൂള്‍ അധികുതരും രക്ഷിതാക്കളും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.