റിയാലിറ്റി ഷോകള്‍ക്ക് മാര്‍ഗ നിര്‍ദേശം, വിധികര്‍ത്താക്കള്‍ക്ക് ജാഗ്രത വേണം; പഠനം മുടക്കരുത്

Thursday 22 March 2018 2:35 am IST
"undefined"

തിരുവനന്തപുരം: ടിവി ചാനലുകള്‍ കുട്ടികളെ പങ്കെടുപ്പിച്ചു റിയാലിറ്റി ഷോകള്‍ അടക്കമുള്ള പരിപാടികള്‍ നടത്തുമ്പോള്‍ ശിശു- ബാല സൗഹൃദ നടപടികളാണ് സ്വീകരിക്കുന്നതെന്ന് തൊഴില്‍ വകുപ്പിലെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ലേബര്‍ കമ്മീഷണര്‍ ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. 

റിയാലിറ്റി ഷോകളില്‍ നിന്ന് കുട്ടി പുറത്താകുന്ന സാഹചര്യം ഉണ്ടായാല്‍ ആത്മവിശ്വാസം തകര്‍ക്കുന്ന വിലയിരുത്തലുകള്‍ വിധികര്‍ത്താവ് നടത്താതിരിക്കുക, സ്‌കൂള്‍ പഠനം 10 ദിവസത്തില്‍ കൂടുതല്‍ മുടങ്ങാതെ ശ്രദ്ധിക്കുക, വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഷൂട്ടിങ് സാഹചര്യം ഒരുക്കുക, അവകാശങ്ങള്‍ നിഷേധിക്കുന്ന പ്രവര്‍ത്തനങ്ങളും ലൈംഗികാതിക്രമങ്ങളും ഉണ്ടാകുന്നില്ല എന്ന് ഉറപ്പുവരുത്തുക തുടങ്ങി ബാലാവകാശ കമ്മീഷന്‍ ഉത്തരവായിരുന്നു. ഇക്കാര്യങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ജില്ലാ കളക്ടര്‍മാരും ജില്ലാ ലേബര്‍ ഓഫീസര്‍മാരും ഉറപ്പാക്കണമെന്ന കമ്മീഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.

മധ്യവേനല്‍ അവധിക്കാലത്ത് പരമാവധി ഏഴു ദിവസത്തില്‍ കൂടുതല്‍ ക്യാമ്പുകളും വര്‍ക്ക്‌ഷോപ്പുകളും നടത്തരുതെന്നും സര്‍ക്കാര്‍ ഉത്തരവായി. മധ്യവേനല്‍ അവധിക്കാലത്ത് ക്ലാസുകള്‍ പാടില്ലെന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ക്യാമ്പുകള്‍ക്കും വര്‍ക്ക്‌ഷോപ്പുകള്‍ക്കും ബാധകമാക്കുന്നത് ഉചിതമാവില്ലെന്ന നിഗമനത്തിലാണ് ഈ ഉത്തരവ്. കുട്ടികള്‍ക്ക് ക്യാമ്പില്‍ വേനല്‍ച്ചൂടിന്റെ ആഘാതം ഉണ്ടാകുന്നില്ലെന്ന് പ്രത്യേകം ശ്രദ്ധിക്കണമെന്നും ഉത്തരവില്‍ പറയുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.