ചിക്കന്‍പോക്‌സ് പടരുന്നത് ആശങ്ക പരത്തുന്നു

Thursday 22 March 2018 1:06 am IST

 

ആലപ്പുഴ: വേനല്‍ കടുത്തതോടെ ജില്ലയില്‍ ചിക്കന്‍പോക്‌സ് വ്യാപകമാകുന്നു, പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ആരോഗ്യവകുപ്പ് രംഗത്തുണ്ടെങ്കിലും രോഗംബാധിക്കുന്നവരുടെ എണ്ണം കൂടുന്നത് ആശങ്ക പരത്തുന്നു.

 മെയ് മാസം വരെ കടുത്ത ചൂട് അനുഭവപ്പെടുന്നതിനാല്‍ രോഗത്തിന്റെ വ്യാപനം ഇനിയും വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. ആരോഗ്യപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘിടിപ്പിക്കുന്നുണ്ടെങ്കിലും രോഗം വ്യാപിക്കുന്നത് ആരോഗ്യവകുപ്പിനെയും കുഴപ്പിക്കുന്നു. വേനല്‍കാല രോഗമായി കാണുന്ന ചിക്കന്‍പോക്സ് പൊതുവെ അപകടകാരിയല്ല. ചുമയോ കഫകെട്ടോ ഉള്ളപ്പോഴാണ് ചിക്കന്‍പോക്സ് വരുന്നതെങ്കില്‍ അത് ന്യുമോണിയയായി മാറാന്‍ സാദ്ധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് തന്നെ വ്യക്തമാക്കുന്നു. 

 ജില്ലയില്‍ കുട്ടികളിലാണ് ഈ രോഗം അധികവും കാണപ്പെടുന്നത്. ഇത് സാധാരണ തരത്തിലുള്ളതാണെങ്കിലും മുതിര്‍ന്നവരില്‍ ഈ രോഗം കൂടുതല്‍ സങ്കീര്‍ണ്ണമായാണ് കാണപ്പെടുന്നത്. രോഗം ബാധിച്ചയാള്‍ മൂക്ക് ചീറ്റൂന്നത് മൂലമോ തുമ്മുന്നത് മൂലമോ രോഗം ബാധിച്ച ശരീരഭാഗങ്ങളില്‍ സ്പര്‍ശിക്കുമ്പോഴോ വളരെ വേഗം വായുവിലൂടെ രോഗം പകരാന്‍ സാധ്യതയുള്ളതുകൊണ്ട് പ്രത്യേക ജാഗ്രത ആവശ്യമാണ്. 

 ശരീരത്തില്‍ കുമിളകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നതിനു മുമ്പ് തന്നെ പനി, തലവേദന, തലകറക്കം, വയര്‍വേദന എന്നിവ അനുഭവപ്പെടും. രോഗബാധിതനായ ഒരാളില്‍ നിന്ന് വൈറസ് പടര്‍ന്നു കഴിഞ്ഞാലും കുമിളകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നതിനായി ഏകദേശം 10-12 ദിവസങ്ങള്‍ വരെയെടുക്കും. 

 അതീവ ശ്രദ്ധയും കരുതലും വേണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. സൗജന്യമായി സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും ചിക്കന്‍പോക്സിനുള്ള വാക്സിനുകള്‍ ലഭിക്കുമെങ്കിലും പലപ്പോഴും രോഗികള്‍ ഇത് പണം മുടക്കി വാങ്ങേണ്ട സ്ഥിതിയാണുള്ളത്. സാധാരണ തീ പൊള്ളല്‍ ഏറ്റതുപോലെയുള്ള കുമിളകള്‍ ശരീരത്തില്‍ പൊങ്ങുന്നതാണ് ഈ രോഗത്തിന്റെ പ്രഥമലക്ഷണം. 

 ചര്‍മ്മത്തില്‍ ചെറിയ കുരുക്കളായി പ്രത്യക്ഷപ്പെട്ട് വെള്ളം നിറഞ്ഞ വലിയ കുമിളകളായി അവസാനം അവ കരിഞ്ഞുണങ്ങി പൊറ്റയായി മാറി ഇല്ലാതായി മാറുന്നതു വരെ ചിക്കന്‍പോക്‌സ് രോഗാവസ്ഥ നീളുന്നു. 

 സാധാരണ ആറ് മുതല്‍ പത്തുവരെ ദിവസം വരെരോഗാവസ്ഥയുണ്ടാകും. വാരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസാണ് ചിക്കന്‍ പോക്‌സിന് കാരണം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.