മണ്ണടി പൊന്നമ്മയ്‌ക്കെതിരെ അധിഷേപം; ബീഫ് ലഭിക്കുന്നില്ല; ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥന്റെ ഫെയ്‌സ്ബുക്ക് പ്രതിഷേധം

Thursday 22 March 2018 3:15 am IST
"undefined"

തിരുവനന്തപുരം:  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പറുടെ  പ്രൈവറ്റ്  സെക്രട്ടറിക്ക് ബീഫ് കഴിയ്ക്കാന്‍ സാധിയ്ക്കാത്തതില്‍ രോഷം പൂണ്ട്  പ്രമുഖ ഹിന്ദു നേതാവ് മണ്ണടി പൊന്നമ്മയെ അധിഷേപിച്ച്  ഫേസ് ബുക്ക്  പോസ്റ്റ്.  ബോര്‍ഡ് മെമ്പര്‍ കെ. രാഘവന്റെ പ്രൈവറ്റ് സെക്രട്ടറിയും ദേവസ്വം എംപ്ലോയിസ് കോണ്‍ഫെഡറേഷന്‍ സംസ്ഥാന കമ്മറ്റി അംഗവുമായ ശ്രീക്കുട്ടന്‍ നമ്പൂതിരിയാണ് മതപാഠശാല കോര്‍ഡിനേറ്റര്‍ കൂടിയായ മണ്ണടി പൊന്നമ്മയെ വ്യക്തിപരമായി അധിക്ഷേപിച്ച് പോസ്റ്റിട്ടത്. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ ക്യാന്റീനില്‍ ബീഫ് വിളമ്പുന്നത് നിരോധിച്ചതാണ് മണിക്കുട്ടനെ  ചൊടിപ്പിച്ചത്. മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനെയും പൊന്നമ്മയെയും കൂട്ടിയിണക്കിയാണ് അധിക്ഷേപം.

 പ്രയാര്‍ ഗോപാലകൃഷ്ണന്‍  പൊന്നമ്മ ചേച്ചിക്ക് ചെയ്തു കൊടുത്ത ഉപകാരം (പഴയ കടപ്പാട്) ആണ്  ചേച്ചിയുടെ ദത്തു പുത്രന്‍ മാത്ര സുന്ദരേശന് ദേവസ്വം ബോര്‍ഡില്‍ അനധികൃത നിയമനം. സുന്ദരേശനെ മതപാഠശാല അസി. കോര്‍ഡിനേറ്റര്‍ ആക്കിയതിനെതിരെയാണ് ഈ പ്രതികരണം. മത പാഠശാലയ്ക്കായി ക്യാന്റീനു സമീപത്തായി മുറി അനുവദിച്ചതിനെയും  വിമര്‍ശിക്കുന്നുണ്ട്. 

ദേവസ്വം ആസ്ഥാനത്തെ ക്യാന്റീനില്‍ ബീഫ് വിളമ്പിയത് വിവാദമായതോടെ മന്ത്രി ഇടപെട്ട് നിര്‍ത്തലാക്കിയിരുന്നു. ഇതിനു സമീപത്താണ് മതപാഠശാല പ്രവര്‍ത്തിക്കുന്നത്. മതപാഠശാലക്കാര്‍ ക്യാന്റീനെതിരെ പ്രവര്‍ത്തിച്ചു എന്നതരത്തിലാണ് ശ്രീക്കുട്ടന്റെ  രോഷം. 

 എല്ലാ ക്ഷേത്രങ്ങളിലും മതപാഠശാലകള്‍ തുടങ്ങണമെന്ന് ദേവസ്വം നിയമത്തില്‍ പറയുന്നു. ഇതിലേയ്ക്കായി പ്രത്യേക ഫണ്ടും  നീക്കി വയ്ക്കണം. വര്‍ഷങ്ങളായി  ഫണ്ടു മാത്രം വിനിയോഗിച്ചിരുന്നിടത്ത് മണ്ണടി പൊന്നമ്മ  കോര്‍ഡിനേറ്റര്‍ ആയതോടെ നിരവധി ക്ഷേത്രങ്ങളില്‍ മതപാഠശാല ക്ലാസ്സുകള്‍ തുടങ്ങുകയും പരീക്ഷ നടത്തുകയും ചെയ്തു.  രാമായണ പാരായണവും, ഗീത ക്ലാസ്സും, ഭാഗവത പാരായണവും ഒക്കെ പഠിപ്പിച്ചു.  ഇതിനെതിരെ സിപിഎം നിര്‍ദ്ദേശ പ്രകാരം ഇടതുയൂണിയനുകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെ വര്‍ഗ്ഗീയത പഠിപ്പിക്കുന്നു എന്നായിരുന്നു ആരോപണം. പുതിയ ബോര്‍ഡ് അധികാരത്തില്‍ എത്തിയതോടെ മതപാഠശാലയുടെ പ്രവര്‍ത്തനത്തിന് മങ്ങലേറ്റു.

ഫെയ്‌സ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പെട്ടില്ലെന്ന് ബോര്‍ഡ് മെമ്പര്‍ കെ. രാഘവന്‍ പറഞ്ഞു. കേരള സമൂഹം ആദരവോടെ കാണുന്ന മണ്ണടി പൊന്നമ്മയെ അധിഷേപിച്ച ജീവനക്കാരനെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കണമെന്ന് വിവിധ ഹൈന്ദവ സംഘടനകള്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.