കൊട്ടാരക്കര ക്ഷേത്രത്തിലെ ഉണ്ണിയപ്പ വില കോടതി കുറച്ചു

Thursday 22 March 2018 3:35 am IST

കൊച്ചി: കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പ പാക്കറ്റിന്റെ വില ഹൈക്കോടതി 35 രൂപയില്‍ നിന്ന് 30 രൂപയായി കുറച്ചു. പത്ത് ഉണ്ണിയപ്പം അടങ്ങിയ ഒരു പാക്കറ്റിന് 35 രൂപ വില നിശ്ചയിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് കൊട്ടാരക്കര സ്വദേശി എന്‍ രാധാകൃഷ്ണ പിള്ള നല്‍കിയ ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം. പാക്കറ്റ് ഒന്നിന് 20 രൂപയായിരുന്നത് 35 രൂപയായി വര്‍ദ്ധിപ്പിച്ചത് ദേവസ്വം ബോര്‍ഡിന് അന്യായ നേട്ടമുണ്ടാക്കാനാണെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം. ഉണ്ണിയപ്പം വഴിപാടിന്റെ തുക വര്‍ദ്ധിപ്പിച്ചതിനെതിരെ ഭക്തജനങ്ങള്‍ പ്രതിഷേധിച്ചതോടെ കൗണ്ടറിന് പോലീസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡും ഹൈക്കോടതിയെ സമീപിച്ചിരുന്നു. 

ദേവസ്വം ബോര്‍ഡിലെ വിദഗ്ദ്ധ സമിതി പാക്കറ്റൊന്നിന് 30 രൂപ ഈടാക്കിയാല്‍ മതിയെന്ന ശുപാര്‍ശ നല്‍കിയിരുന്നു. ഇത് അവഗണിച്ചാണ് വില 35 രൂപയായി കൂട്ടിയത്. ഹൈക്കോടതി ഇതു കണക്കിലെടുത്താണ് വില 30 രൂപയാക്കി നിശ്ചയിച്ചത്. പാക്കറ്റ് ഒന്നിന് ലഭിക്കുന്ന 30 രൂപയില്‍ 20 രൂപ ഉണ്ണിയപ്പം ഉണ്ടാക്കാനുള്ള ചെലവിനത്തില്‍ കീഴ്ശാന്തിക്ക് നല്‍കണം. ബാക്കി 10 രൂപ ദേവസ്വം ബോര്‍ഡിന് എടുക്കാമെന്നും ഡിവിഷന്‍ ബെഞ്ചിന്റെ വിധിയില്‍ പറയുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.