അദ്ധ്യാപകരുടെ അസിസ്റ്റന്റ് പ്രയോഗം അവസാനിപ്പിച്ചു

Wednesday 21 March 2018 9:26 pm IST

 

തളിപ്പറമ്പ്: കേരള വിദ്യാഭ്യാസച്ചട്ടം നിലവില്‍ വന്ന അന്നു മുതല്‍ എല്‍പി തലം മുതല്‍ ഹൈസ്‌ക്കൂള്‍ തലം വരെ അദ്ധ്യാപക തസ്തിക നാമകരണം ചെയ്തിരുന്നത് അസിസ്റ്റന്റ് എന്നായിരുന്നത് വിദ്യാഭ്യാസ വകുപ്പ് ഇപ്പോള്‍ അവസാനിപ്പിച്ചിരിക്കുന്നു. വിദ്യാഭ്യാസ ചട്ട പ്രകാരം എല്‍ പി സ്‌ക്കൂളിലെ അദ്ധ്യാപകരെ എല്‍പി സ്‌ക്കൂള്‍ അസിസ്റ്റന്റ് എന്നും യുപി സ്‌ക്കൂളിലെ അദ്ധ്യാപകരെ യുപി സ്‌ക്കൂള്‍ അസിസ്റ്റന്റ് എന്നും ഹൈസ്‌ക്കൂള്‍ അദ്ധ്യാപകരെ ഹൈസ്‌ക്കൂള്‍ അസിസ്റ്റന്റ് എന്നും ട്രെയിനിങ് സ്‌ക്കൂള്‍ അദ്ധ്യാപകരെ ട്രെയിനിങ് സ്‌ക്കൂള്‍ അസിസ്റ്റന്റ് എന്നുമായിരുന്നു നാമകരണം ചെയ്തിരുന്നത്. 

കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമങ്ങളും അവയെ അടിസ്ഥാനമാക്കി സംസ്ഥാന വിദ്യാഭ്യാസ ചട്ടങ്ങളും പുറപ്പെടുവിച്ചപ്പോള്‍ അദ്ധ്യാപകന്‍ എന്നതിന് ടീച്ചര്‍ എന്ന പദമാണ് ഉപയോഗിച്ചിട്ടുള്ളത്. മാത്രമല്ല ഹയര്‍ സെക്കന്‍ഡറി വകുപ്പില്‍ അദ്ധ്യാപക തസ്തിക ഹയര്‍ സെക്കന്‍ഡറി ടീച്ചര്‍ എന്നാണ്. ഈ സാഹചര്യത്തില്‍ അസിസ്റ്റന്റ് എന്ന പദത്തിനു പകരം ടീച്ചര്‍ എന്നതാണ് ഉചിതമെന്നും അതനുസരിച്ച് അദ്ധ്യാപക തസ്തിക പുനര്‍നാമകരണം ചെയ്യണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കത്തിലൂടെ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

കത്തിന്റെ അടിസ്ഥാനത്തില്‍ അദ്ധ്യാപകവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ സൂചിപ്പിക്കുന്നത് അസിസ്റ്റന്റ് എന്ന പദത്തിനു പകരം ടീച്ചര്‍ എന്ന പദമാണ് അനുയോജ്യമായത് എന്നതിനാല്‍ സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ എല്‍പി സ്‌ക്കൂള്‍ അസിസ്റ്റന്റ് യുപി സ്‌ക്കൂള്‍ അസിസ്റ്റന്റ് ഹൈസ്‌ക്കൂള്‍ അസിസ്റ്റന്റ് ട്രെയിനിങ് സ്‌ക്കൂള്‍ അസിസ്റ്റന്റ് എന്നീ തസ്തികകള്‍ എല്‍പി സ്‌ക്കൂള്‍ ടീച്ചര്‍ യുപി സ്‌ക്കൂള്‍ ടീച്ചര്‍ ഹൈസ്‌ക്കൂള്‍ ടീച്ചര്‍ ട്രെയിനിങ് സ്‌ക്കൂള്‍ ടീച്ചര്‍ എന്നിങ്ങനെ ഉടന്‍ പ്രാബല്യത്തില്‍ വരത്തക്കവിധം പുനര്‍ നാമകരണം ചെയ്തുകൊണ്ട് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ മാര്‍ച്ച് 21ലെ 8/2018 നമ്പര്‍ ഉത്തരവിലൂടെ നടപ്പാക്കിയിരിക്കുന്നു.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.