ആ ജിവാത്മാക്കൾ ജനിക്കുന്നില്ല; മരിക്കുന്നില്ല

Thursday 22 March 2018 4:10 am IST

ഭൗതിക ലോകത്തില്‍ വച്ച് നാം നേടുന്ന ഏതു  അറിവും, ഭൗതിക പ്രകൃതിയുടെ-അപരാ പ്രകൃതിയുടെ മൂന്നുഗുണങ്ങളാല്‍ ദൂഷിതമാണ്. ത്രിഗുണ ദൂഷിതമല്ലാത്ത ജ്ഞാനത്തെ അതീന്ദ്രിയജ്ഞാനം എന്നു പറയുന്നു. ആ ജ്ഞാനം നേടിയവര്‍ അതനുസരിച്ച് സാധനകള്‍ അനുഷ്ഠിച്ച് ഭഗവാന്റെ നിലവാരത്തില്‍ തന്നെ എത്തിച്ചേര്‍ന്നവരാണ് എന്ന് ഭഗവാന്‍ പറയുന്നു.

''മമ സാധര്‍മ്മ്യമാഗതാഃ''

ആ ജീവാത്മക്കളുടെ വ്യക്തിത്വം നശിക്കുന്നില്ല. അവര്‍ക്ക് ആത്മീയരൂപങ്ങള്‍ കിട്ടുന്നുമുണ്ട്. ആ ആത്മീയ രൂപങ്ങള്‍ ഗുണംകൊണ്ട് ഭഗവാന്റെ രൂപത്തിനു സദൃശവുമാണ്. അതാണ്-സാധര്‍മ്യം എന്ന വാക്കിന്റെ അര്‍ത്ഥം. സമുദ്രത്തില്‍ നിന്നു നാം കയ്യില്‍ കോരിയെടുക്കുന്ന വെള്ളം, സമുദ്രത്തിന്റെ വിഭിന്നമായ അംശമാണ്. സമുദ്രത്തിന്റെ ധര്‍മ്മം ഉപ്പുരസമാണ്. ആ ധര്‍മ്മം കയ്യിലെ വെള്ളത്തിനുമുണ്ട്. പക്ഷേ കയ്യിലെ സമുദ്രജലാംശം, ചെളി നിറഞ്ഞ കുഴിയില്‍ ഒഴിച്ചാല്‍ ആ സാധര്‍മ്മ്യം നഷ്ടപ്പെടും; ചെളി വെള്ളത്തിന്റെ ഭാവം കൈക്കൊള്ളും. അതുപോലെ ഭഗവാന്റെ അംശമായ ജീവാത്മാക്കള്‍, ഭൗതിക പ്രകൃതിയുടെ ത്രിഗുണഭാവം ഉള്‍ക്കൊണ്ട്, വിവിധ ഭൗതിക ശരീരങ്ങള്‍ സ്വീകരിക്കാന്‍ ഇടവരുന്നു. നിഷ്‌കാമകര്‍മ്മങ്ങള്‍ ചെയ്തു മനസ്സു ശുദ്ധമായി, ആചാര്യനില്‍നിന്ന്, ഗീതാഭാഗവതാദികളില്‍നിന്ന് ഭഗവത്തത്ത്വജ്ഞാനം നേടി, ഭക്തിയോഗം അനുഷ്ഠിച്ച് പൂര്‍ണാവസ്ഥയിലെത്തുന്നു. അതാണ് -ഭഗവാന്റെ സാധര്‍മ്യം ആഗതാഃ എന്ന് പറഞ്ഞത്. അവര്‍ക്ക് പിന്നെ ജനനവുമില്ല, മരണവുമില്ല. ഭഗവാന്റെ ദിവ്യലോകങ്ങളായ വൈകുണ്ഠം, ഗോലോകം എന്നീ ധാമങ്ങളില്‍ ഭഗവാനെ സ്‌നേഹിച്ചുകൊണ്ടും സേവിച്ചുകൊണ്ടും ആനന്ദം അനുഭവിക്കുന്നു. ഒപ്പം ഭഗവാനും ആനന്ദിക്കുന്നതായി പത്മപുരാണത്തില്‍ പറയുന്നു.

''വൈകുണ്‌ഠേതുപരേ ലോകേ 

ശ്രിയാ സാര്‍ദ്ധം ജഗത്പതിഃ

ആസ്‌തേ വിഷ്ണുരചിന്ത്യാത്മാ

ഭക്തൈര്‍ ഭാഗവതൈഃ സഹ-(പത്മപുരാണം) (=പരമപദമായ വൈകുണ്ഠത്തില്‍ ബ്രഹ്മാണ്ഡങ്ങളെ സംരക്ഷിക്കുന്നവനും ആര്‍ക്കും ചിന്തിക്കാന്‍പോലും കഴിയാത്ത പ്രഭാവമുള്ളവനുമായ വിഷ്ണു, ഭാഗവതന്മാരായ ഭക്തന്മാരുമായി കൂടിച്ചേര്‍ന്ന് ഇരിക്കുന്നു.)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.