രണ്ടെന്ന തോന്നൽ ഭയത്തിന് കാരണം

Thursday 22 March 2018 4:15 am IST

യദാഹ്യേവൈഷ ഏതസ്മിന്നദൃശ്യോളനാത്‌മ്യേളനിരുക്തേ

അനിലയനേ അഭയം പ്രതിഷ്ഠാം 

വിന്ദതേ അഥ സോളഭയം

ഗതോഭവതി യദാഹ്യേവൈഷം 

ഏതസ്മിന്നുദരമന്തരം

കുരുതേ അഥ തസ്യഭയാഭവതി 

തത്ത്വേവ ഭയം വിദുഷോ-

മന്വാനസ്യ തദപ്യേഷശ്ലോകാഭവതി.

എപ്പോഴാണോ അദൃശ്യമായും ശരീരമില്ലാത്തതായും അനാശ്രയവുമായ ബ്രഹ്മത്തില്‍ സാധകന്‍ അഭയത്തെ നേടുന്നത് അപ്പോള്‍ അയാളുടെ ഭയങ്ങളെല്ലാം നീങ്ങുന്നു. എന്നാല്‍ അല്‍പമെങ്കിലും ഭേദബുദ്ധിയോടെയുള്ള അന്തരം വന്നാല്‍ ഭയമുണ്ടാകും. ബ്രഹ്മവും താനും ഒന്നാണെന്ന് കാണാതിരിക്കുന്ന വിദ്വാന് ഭയമുണ്ടാകും. ആ അര്‍ത്ഥത്തില്‍ ഒരു ശ്ലോകമുണ്ട്.

എല്ലാറ്റിലും രസരൂപമായും ആനന്ദമായും നിറഞ്ഞിരിക്കുന്ന ബ്രഹ്മത്തെ ഇവിടെ യാതൊരു മാറ്റങ്ങളില്ലാത്തവന്‍ എന്ന നിലയില്‍ അദൃശ്യം എന്നും ശരീരമില്ലാത്തവനെന്ന തരത്തില്‍ അനാത്മ്യ എന്നും ആശ്രയരഹിതമായത് എന്ന അര്‍ത്ഥത്തില്‍ അനിലയന്‍ എന്നും വിശേഷിപ്പിച്ചിരിക്കുന്നു. ഇങ്ങനെയുള്ള ബ്രഹ്മത്തില്‍ ആരാണോ ഭയമില്ലാത്തതായ അവസ്ഥയെ പ്രാപിക്കുന്നത് അയാള്‍ ഭയമില്ലാത്തവനായിത്തീരും. എന്നാല്‍ കുറച്ചെങ്കിലും ഭേദഭാവം ഉണ്ടായാല്‍ അയാള്‍ക്ക് ഭയമുണ്ടാകും.

തന്നില്‍ നിന്ന് വേറെയായി എന്തിനെയെങ്കിലും കാണുമ്പോഴാണ് ഭയമുണ്ടാകുന്നത്. രണ്ടുണ്ടെന്ന തോന്നല്‍ ഭയത്തിന് കാരണമാകും. ഏകവും അദ്വയവുമായതാണ് ആത്മാവ് എന്നതിനാല്‍ ഭയത്തിനു കാരണമായി അവിടെ യാതൊന്നുമില്ല. സ്വന്തം ആത്മാവിനെ ആരും ഭയപ്പെടാറില്ല. എങ്ങും നിറഞ്ഞ ഏകമായ ആത്മാവാണ് താന്‍ എന്ന് ബോധ്യം വന്നാല്‍ പിന്നെ ഭയമെവിടെ. എല്ലാം താന്‍ തന്നെയാണ് രണ്ടാമതൊന്നില്ല.

 ശാസ്ത്രജ്ഞാനം നേടിയ വിദ്വാനാണെങ്കിലും ആത്മാവിന്റെ അദ്വയ ഭാവത്തെ വേണ്ട വിധത്തില്‍ ആലോചിച്ച് ഉറപ്പിച്ചില്ലായെങ്കില്‍ അയാള്‍ക്ക് ഭയമുണ്ടാകും.

 അഭയപ്രതിഷ്ഠയെ നേടലാണ്  ബ്രഹ്മപ്രാപ്തി കൊണ്ട് വേണ്ടത്.

എട്ടാം അനുവാകം

ഭീഷാ സ്മാത് വാത: പവതേ. ഭീ ഷോദേതി സൂര്യ: 

ഭീഷാ സ്മാദഗ്‌നിശ്ചേന്ദ്രശ്ച.മൃത്യുര്‍ ധാവതി പഞ്ചമ ഇതി

 ലൗകികമായി നോക്കുമ്പോള്‍ ബ്രഹ്മത്തെ എല്ലാവരും ഭയക്കുന്നുവെന്ന് ആലങ്കാരിക ഭാഷയില്‍ പറയുന്നു.

ഇതില്‍ നിന്നുള്ള ഭയം കൊണ്ട് കാറ്റ് വീശുന്നു. ഭയത്താല്‍ സൂര്യന്‍ ഉദിക്കുന്നു. ഭയം മൂലം അഗ്‌നി ദഹിപ്പിക്കുകയും ഇന്ദ്രന്‍ രക്ഷിക്കുകയും ചെയ്യുന്നു. അഞ്ചാമതായി മൃത്യു ഓടി ചെല്ലുകയു ചെയ്യുന്നു.

ശിക്ഷിക്കാന്‍ അധികാരമുള്ളയാള്‍ ഉണ്ടെങ്കില്‍ മറ്റുള്ളവരെല്ലാം നന്നായി ജോലിയെടുക്കും. എല്ലാ പ്രവര്‍ത്തനങ്ങളും നന്നായി നോക്കി നടത്തുന്ന മേലധികാരിയെ പോലെയാണ് ബ്രഹ്മം. സൂര്യനും, വായുവും അഗ്‌നിയും ഇന്ദ്രനും മൃത്യുവുമൊക്കെ തങ്ങളുടെ കര്‍ത്തവ്യം ഭംഗിയായി ചെയ്യന്നത് ഇതുകൊണ്ടാണ്.

ബ്രഹ്മം ഭയത്തെ ഉണ്ടാക്കുന്നതല്ല. ഭയത്തെ ഇല്ലാതാക്കുന്നതാണെന്ന് അറിയണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.