ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയിലൂടെ

Thursday 22 March 2018 4:25 am IST

'ആത്മഹത്യയ്ക്കും 

കൊലയ്ക്കുമിടയിലൂ-

ടാര്‍ത്തനാദംപോലെ 

പായുന്ന ജീവിതം'

 സമൂഹത്തെ ചൂഴ്ന്നുനില്‍ക്കുന്ന അരക്ഷിതാവസ്ഥയെ, ഭയാനകതയെ ഇത്രമേല്‍ തീക്ഷ്ണമായി മറ്റൊരു കവിയും ആവിഷ്‌കരിച്ചിട്ടില്ല. അതിനാല്‍ ഈ വരികളെഴുതിയ കവിയെ കാവ്യലോകം അത്രമേല്‍ സ്‌നേഹിച്ചിരുന്നു. എണ്‍പതുകളിലെ ക്ഷുഭിത യൗവ്വനം കാമ്പസുകളിലും കവിയരങ്ങുകളിലും മേല്‍പ്പറഞ്ഞ ഈരടികള്‍ പാടിനടന്നു. യുവാവായ, അവരിലൊരാളായ കവിയെ നെഞ്ചേറ്റി നടന്ന വിദ്യാര്‍ത്ഥി കളില്‍ പലരും പഠനവും പ്രണയവുംവരെ ഉപേക്ഷിച്ച് തെരുവിലേക്കിറങ്ങി. നാടിന്റെ അനാഥത്വം സ്വന്തം അനാഥത്വമായി അവര്‍ പരിവര്‍ത്തനം ചെയ്തു. അങ്ങനെ സ്വയം ഹോമിച്ചു. അതിനിടെ കവി വളര്‍ന്നു. കവിയായി മാത്രമല്ല, നടനായും അറിയപ്പെട്ടു. എന്നാല്‍ എല്ലാവരെയും നിരാശപ്പെടുത്തിക്കൊണ്ട് അദ്ദേഹം ഇപ്പോള്‍ ആത്മഹത്യാപരമായ ആതിഥ്യം സ്വീകരിച്ചിരിക്കുന്നു. അദ്ദേഹം മാത്രമല്ല, സംസ്‌കാരികനായകരെന്ന് അവകാശപ്പെടുന്ന മറ്റു ചിലരും ഈ ആതിഥ്യത്തെ ഒരലങ്കാരമായി ഏറ്റുവാങ്ങിയിരിക്കുന്നു. 

തലയില്‍ മുണ്ടിട്ടും അല്ലാതെയുമാണ് തൃശ്ശൂരില്‍ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലേക്ക് ഇത്തരക്കാര്‍ എത്തിയത്. കണ്ണൂരിലെ ചെറുപ്പക്കാരനായ ഷുഹൈബിനെ വെട്ടിനുറുക്കിയതിന്റെ ചോരക്കറ ഉണങ്ങുന്നതിനു മുമ്പാണ് സമ്മേളനം ആഘോഷമാക്കിയത്. മാത്രവുമല്ല, അഗളിയിലെ നിരാലംബനായ മധു എന്ന വനവാസിയുടെ വിശപ്പിനുവേണ്ടിയുള്ള രക്തസാക്ഷിത്വത്തില്‍ സാംസ്‌കാരികലോകം ഞെട്ടിത്തരിച്ചുനിന്ന പരിതോവസ്ഥയുമുണ്ടായി. അതിലുപരി സിപിഎം എന്ന പ്രസ്ഥാനം ഒരലങ്കാരമായി കൊണ്ടുനടക്കുന്ന കൊലപാതക രാഷ്ട്രീയത്തിന്റെ വെന്നിക്കൊടിയാണ് സമ്മേളനനഗരിയില്‍ പാറിക്കളിച്ചത്.   ചുരുക്കത്തില്‍ ഇരകളുടെ ശവങ്ങള്‍ക്കു മുകളിലാണ് ഈ സാംസ്‌കാരിക നായകര്‍ കസേരയിട്ടിരുന്ന് ആതിഥ്യം സ്വീകരിച്ചത്. ഷുഹൈബ് ഏറ്റവുമൊടുവിലത്തെ ഇരയാണ്. ടി.പി. ചന്ദ്രശേഖരനും ജയകൃഷ്ണന്‍ മാസ്റ്ററുമുള്‍പ്പെടെയുള്ള അനേകര്‍ പിന്‍നിരയിലുണ്ട്. മറ്റു ജില്ലകളിലേക്കും അരുംകൊല വ്യാപിക്കുകയാണ്. അന്ധമായ രാഷ്ട്രീയവൈരത്തിന്റെ പേരില്‍ ജീവനോടെ കൊത്തിനുറുക്കപ്പെട്ടവര്‍. ഇരകളെ കൊന്നൊടുക്കിയാലും അരിശം തീരാതെ അവരുടെ കുടുംബാംഗങ്ങളേയും ദ്രോഹിക്കുന്ന തരത്തില്‍ പാര്‍ട്ടിയുടെ സംസ്‌കാരം അധഃപതിച്ചിരിക്കുന്നു. ടി.പി ചന്ദ്രശേഖരന്റെ വിധവ ഇതിന്റെ  ഇരയാണ്.  കൊലയാളികളെ സ്‌നേഹിക്കുവാനും പാര്‍ട്ടി പഠിപ്പിക്കുന്നു.  പ്രാകൃതമായ ഈ സംസ്‌കാരത്തെ പിന്‍പറ്റുന്നവരായി നമ്മുടെ സാംസ്‌കാരിക നായകരും അധഃപതിച്ചിരിക്കുന്നു.

ഇടതുമുന്നണി അധികാരത്തിലെത്തിയതോടെ  കണ്ണൂരില്‍ ഭരണസ്വാധീനമുപയോഗിച്ചാണ് ഉന്മൂലനം നടക്കുന്നത്. ഇതുവരെ പാര്‍ട്ടി  ഒറ്റയ്ക്കായിരുന്നുവെങ്കില്‍ ഇപ്പോള്‍ കൊലയെ സ്‌പോണ്‍സര്‍ ചെയ്യാന്‍ ഭരണകൂടവുമുണ്ട്. ഇതിനെതിരെയാണ്  ഹൈക്കോടതി ശബ്ദിച്ചിരിക്കുന്നത്. ഒരു മനുഷ്യനോട് ഇത്രയും ക്രൂരത കാട്ടാമോ എന്ന് ഇരയുടെ ചിത്രം ഉയര്‍ത്തിക്കാട്ടി കോടതി ഭരണകൂടത്തോട് ചോദിച്ചിരിക്കുന്നു. മുമ്പെങ്ങുമില്ലാതിരുന്ന ഭയാനകതയാണിത്.  ഏതു കൊലപാതകത്തിലും സിപിഎം എന്ന രാഷ്ട്രീയപാര്‍ട്ടിക്ക് ഔദേ്യാഗികമായിത്തന്നെ പങ്കുണ്ടെന്നാണ് പോലീസ് റിപ്പോര്‍ട്ട് (അത് രഹസ്യമാക്കണമെന്ന് പാര്‍ട്ടിയിലെ ഗൂഢാലോചനക്കാര്‍ ശഠിക്കുന്നു). പങ്ക് കീഴ്ഘടകത്തിനാണെങ്കിലും മേല്‍ഘടകത്തിനാണെങ്കിലും ഒരുപോലെതന്നെ. ഏതുസംഗതിയും പട്ടാളച്ചിട്ടയില്‍ കീഴ്ഘടകങ്ങളിലേക്ക് റിപ്പോര്‍ട്ട്‌ചെയ്ത് ഭദ്രമാക്കുന്ന കീഴ്‌വഴക്കമാണല്ലോ ഈ പ്രസ്ഥാനത്തിനുള്ളത്? ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനകള്‍ പരസ്യമായി പ്രഖ്യാപിക്കുന്നതുപോലെ രാഷ്ട്രീയകൊലപാതകത്തില്‍ സ്വന്തം ഉത്തരവാദിത്വം പാര്‍ട്ടിക്ക് പരസ്യമായി ഏറ്റുപറയേണ്ട അവസ്ഥയാണ് ഇന്നുള്ളത്. 

 ഇതൊന്നും അറിയാത്തവരല്ല നമ്മുടെ സാംസ്‌കാരിക നായകര്‍. അരിഞ്ഞുവീഴ്ത്തിയ ശവങ്ങള്‍ക്കു മുകളിലാണ് സമ്മേളനത്തിന്റെ  അടിത്തറയെന്നും അവര്‍ക്കറിയാം. മറവികള്‍ക്കു മുകളില്‍ മാളിക പണിയുന്ന രാഷ്ട്രീയഹുങ്കിനേക്കാള്‍ മ്ലേച്ഛമാണ് അറിഞ്ഞുകൊണ്ട് ഇരകളുടെ ശവങ്ങള്‍ക്കു മുകളില്‍  കസേരയിട്ടിരുന്ന് ആതിഥ്യം സ്വീകരിക്കുന്നത്.

സാംസ്‌കാരിക നായകരെ നായകളോട് ഉപമിച്ച് അക്ബര്‍ കക്കട്ടിലിന്റെ രസകരമായ ഒരു കഥ ഓര്‍മ്മ വരുന്നു. ശീര്‍ഷകം ഓര്‍മയില്ലെങ്കിലും പ്രമേയം മനസ്സിലുണ്ട്. കടിക്കുന്ന നായകളെ തിരിച്ചറിയാന്‍ ചില ലക്ഷണങ്ങളുണ്ട്. അതനുസരിച്ച് നമുക്ക് മുന്‍കരുതലെടുക്കാം. എന്നാല്‍ സാംസ്‌കാരിക നായകര്‍ അങ്ങനെയല്ല. അവര്‍ ഏതു ജനുസ്സില്‍പ്പെട്ടവരാണെന്ന് എളുപ്പം തിരിച്ചറിയാനാവില്ല. അതിനാല്‍ എപ്പോഴാണ് അവര്‍ തല്‍സ്വരൂപം പുറത്തെടുക്കുന്നതെന്ന് പ്രവചിക്കാനുമാകില്ല. കാപട്യമാണ് അവരുടെ മുഖമുദ്ര.  ഈ സന്ദേശമാണ് കഥയിലുള്ളത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.